മാധ്യമ പ്രവര്‍ത്തകരെ കോവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിക്കണം: കുഞ്ഞാലിക്കുട്ടി

മലപ്പുറം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും കോവിഡ് മുന്‍കരുതല്‍ നടപടികളും പൊതുസമൂഹത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണായക ദൗത്യം നിര്‍വഹിക്കുന്ന കേരളത്തിലെ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരെയും കോവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിക്കണമെന്ന് മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസ് ചാനല്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ചന്ദ് കൊച്ചിയില്‍ കോവിഡിനെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. വാര്‍ത്താശേഖരണത്തിന്റെ ഭാഗമായി എല്ലായിടങ്ങളിലും എത്താന്‍ നിര്‍ബന്ധിതരായ മാധ്യമ പ്രവര്‍ത്തകരുടെ ആരോഗ്യസുരക്ഷക്ക് സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കണം. തമിഴ്‌നാട് ഉള്‍പെടെ നിരവധി സംസ്ഥാനങ്ങള്‍ ഇതിനകം മാധ്യമ പ്രവര്‍ത്തകരെ കോവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിചിട്ടുണ്ട്. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്ലിം ലീഗ് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

 

Sharing is caring!