സിദ്ദിഖ് കാപ്പനെ ചികിത്സ പൂര്‍ത്തിയാകാതെ ജയിലേക്ക് കൊണ്ടുപോയതില്‍ ദുരൂഹത: ഇ.ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: സിദ്ധീഖ് കാപ്പന്‍ പ്രശ്നത്തില്‍ കോടതി നിര്‍ദേശങ്ങള്‍ക്ക് പോലും വില കല്‍പിക്കാതെ തന്നിഷ്ടം കാണിക്കുന്ന സ്വഭാവത്തിലേക്ക് യു പി ഗവണ്മെന്റും കേന്ദ്ര ഗവണ്മെന്റും മുന്നോട്ടു പോകുന്നത് അമ്പരിപ്പിക്കുന്ന കാര്യമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍. അദ്ദേഹത്തിന്റെ ഭാര്യക്ക് വീഡിയോ കോണ്‍ഫെറെന്‍സിങ് വഴി കണ്ട് സംസാരിക്കാന്‍ കഴിയുമെന്നും പ്രത്യേക സജ്ജീകരണങ്ങളിലൂടെയാണ് പോകുന്നതെങ്കില്‍ നേരിട്ട് കാണാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷയും ആളുകള്‍ക്ക് ഉണ്ടായിരുന്നു. ആ പ്രതീക്ഷയുമായി ഭര്‍ത്താവിനെ കാണാന്‍ ഡല്‍ഹിക്ക് പോയ അദ്ദേഹത്തിന്റെ ഭാര്യയോട് കോടതി കാണിച്ച കനിവ് അധികൃതര്‍ കാണിച്ചില്ല എന്നത് ഈ നാട്ടില്‍ നടക്കുന്ന പ്രാകൃത സമീപനങ്ങളുടെ ഒരു നേര്‍ചിത്രമാണ് കാണിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സിദ്ധീഖ് കാപ്പന്‍ പ്രശ്നത്തില്‍ കോടതി നിര്‍ദേശങ്ങള്‍ക്ക് പോലും വില കല്‍പിക്കാതെ തന്നിഷ്ടം കാണിക്കുന്ന സ്വഭാവത്തിലേക്ക് യു പി ഗവണ്മെന്റും കേന്ദ്ര ഗവണ്മെന്റും മുന്നോട്ടു പോകുന്നത് അമ്പരിപ്പിക്കുന്ന കാര്യമാണ്. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വന്ന കോടതി വിധി വായിച്ചപ്പോള്‍ ആളുകളുടെ മനസ്സില്‍ ചെറിയ ഒരു ആശ്വാസം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യക്ക് വീഡിയോ കോണ്‍ഫെറെന്‍സിങ് വഴി കണ്ട് സംസാരിക്കാന്‍ കഴിയുമെന്നും പ്രത്യേക സജ്ജീകരണങ്ങളിലൂടെയാണ് പോകുന്നതെങ്കില്‍ നേരിട്ട് കാണാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷയും ആളുകള്‍ക്ക് ഉണ്ടായിരുന്നു. ആ പ്രതീക്ഷയുമായി ഭര്‍ത്താവിനെ കാണാന്‍ ഡല്‍ഹിക്ക് പോയ അദ്ദേഹത്തിന്റെ ഭാര്യയോട് കോടതി കാണിച്ച കനിവ് അധികൃതര്‍ കാണിച്ചില്ല എന്നത് ഈ നാട്ടില്‍ നടക്കുന്ന പ്രാകൃത സമീപനങ്ങളുടെ ഒരു നേര്‍ചിത്രമാണ് കാണിക്കുന്നത്. ഞാന്‍ തന്നെ അവരെ ഭര്‍ത്താവിനെ കാണാന്‍ അനുവദിക്കണമെന്ന് ആ വശ്യപെട്ടുകൊണ്ട് എയിംസ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ എനിക്ക് കിട്ടിയ മറുപടി നിലവിലുള്ള നിയമം അനുസരിച്ച് കാണിക്കാന്‍ പാടില്ല എന്നാണ്. സിദ്ധീഖ് കാപ്പന്‍ പ്രശ്‌നം ഉയര്‍ത്തുന്നത് വളരെ വലിയ ഒരു മാനുഷിക പ്രശ്നമാണ്. ഒന്നിന് പുറകെ ഒന്നായി ഞെട്ടിപ്പിക്കുന്ന ഇത്തരം നീക്കങ്ങള്‍ ഭരണ കൂടത്തിന്റെ ആശിര്‍വാദത്തോട് കൂടി നടക്കുന്നുവെന്നത് ഗൗരവകരമായ ചിന്തക്ക് വിധേയമാക്കേണ്ട കാര്യമാണ്. ഓരോ ഘട്ടത്തിലും കോടതിയില്‍ പോയി പരിഹാരം കാണുക എന്ന് പറയുന്നത് അവരുടെ കുടുംബത്തിന് എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു കാര്യമല്ല. മാത്രമല്ല എയിംസില്‍ നിന്നും ചികിത്സ പൂര്‍ത്തിയാക്കാതെ അദ്ദേഹത്തെ മഥുര ജയിലിലേക്ക് തന്നെ കൊണ്ട് പോയത് ഒട്ടേറെ ദുരൂഹതകള്‍ ഉണ്ടാക്കുന്നതാണ്. ഇത്തരം ക്രൂരമായ നീക്കങ്ങള്‍ക് നേരെ മനുഷ്യസ്നേഹമുള്ള എല്ലാവരും തങ്ങളാല്‍ കഴിയുന്ന പ്രതിഷേധം രേഖാമൂലം ഗവണ്മെന്റുകളെ അറിയിക്കേണ്ടതാണ്.

Sharing is caring!