മലപ്പുറത്തെ് എത്തിയ ഓക്സിജന്‍ സിലിണ്ടറുകള്‍ കൂലി വാങ്ങാതെ വാഹനത്തില്‍ കയറ്റി സിഐടിയു പ്രവര്‍ത്തകരായ ചുമട്ടുതൊഴിലാളികള്‍

മലപ്പുറത്തെ് എത്തിയ ഓക്സിജന്‍ സിലിണ്ടറുകള്‍ കൂലി വാങ്ങാതെ വാഹനത്തില്‍ കയറ്റി സിഐടിയു പ്രവര്‍ത്തകരായ ചുമട്ടുതൊഴിലാളികള്‍

മലപ്പുറം: കോവിഡ് പ്രതിരോധത്തിനാവശ്യമായ ഓക്സിജന്‍ സിലിണ്ടറുകള്‍ കൂലി വാങ്ങാതെ വാഹനത്തില്‍ കയറ്റി സിഐടിയു പ്രവര്‍ത്തകരായ ചുമട്ടുതൊഴിലാളികള്‍.
എറണാകുളത്തേക്കുള്ള 179 സിലിണ്ടറുകളാണ് തൊഴിലാളികള്‍ സൗജന്യമായി വാഹനത്തിലേക്ക് കയറ്റിയത്. മലപ്പുറം കുന്നുമ്മലിലെ തൊഴിലാളികളായ വി ശ്രീനാഥ്, എം കെ ഷംസുദ്ദീന്‍, പി ഷൈജു, എ ഹതീഖ്, എന്‍ അബ്ദു, കെ അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനം.
മലപ്പുറം ഇന്ദിരാ പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍നിന്നാണ് സിലിണ്ടറുകള്‍ കയറ്റി അയച്ചത്. ലേബര്‍ ഓഫീസര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ചുമട്ടുതൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകര്‍ ജോലി ഏറ്റെടുക്കുകയായിരുന്നു.

കോവിഡ് പ്രതിരോധത്തിനായി എത്തിക്കുന്ന മരുന്നുകളും ഓക്സിജന്‍ സിലിണ്ടറുകളും കൂലി വാങ്ങാതെ ഇറക്കിക്കൊടുക്കുമെന്ന് ചുമട്ടുതൊഴിലാളി യൂണിയന്‍ സിഐടിയു ജില്ലാ കമ്മിറ്റി. നിലവില്‍ ആശുപത്രികളിലും മറ്റും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള വസ്തുക്കള്‍ ചുമട്ടുതൊഴിലാളികള്‍ സൗജന്യമായാണ് ഇറക്കുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജിലടക്കം ഓക്‌സിജന്‍ സിലിണ്ടര്‍, മിനറല്‍ വാട്ടര്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ സൗജന്യമായി ഇറക്കുന്നുണ്ട്. പെരിന്തല്‍മണ്ണ, തിരൂര്‍, മഞ്ചേരി, മലപ്പുറം തുടങ്ങി പലയിടങ്ങളിലും ചുമട്ടുതൊഴിലാളികളുടെ സേവനം വിലമതിക്കാനാവാത്തതാണ്.
എന്നാല്‍, വലതുപക്ഷ മാധ്യമങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് തൊഴിലാളികള്‍ക്കെതിരെ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നു. അത് ഗൗരവമായി കാണണം. സമൂഹമാധ്യമങ്ങളിലടക്കമുള്ള കള്ള പ്രചാരണങ്ങളെ തിരിച്ചറിയുകയും എതിര്‍ക്കുകയും വേണം. ലോക്ഡൗണിലും ജോലിചെയ്യുന്ന തൊഴിലാളികള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കണം. ഇരട്ട മാസ്‌കും കൈയുറയും ധരിക്കണം. സാനിറ്റൈസറും ജോലിചെയ്യുന്ന സ്ഥലങ്ങളില്‍ കൈ കഴുകാനുള്ള സൗകര്യവും ഉറപ്പാക്കണം. സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ ചലഞ്ചില്‍ പങ്കാളികളാകണമെന്നും യൂണിയന്‍ ജില്ലാ സെക്രട്ടറി കെ രാമദാസ്, പ്രസിഡന്റ് എം ബി ഫൈസല്‍ എന്നിവര്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

 

Sharing is caring!