തിരിച്ചടിക്കു ന്യായീകരണമല്ല പുന:പരിശോധനയാണ് വേണ്ടതെന്ന് പാണക്കാട് സ്വാദിഖലി തങ്ങള്‍

കോഴിക്കോട്: തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിക്കു ന്യായീകരണമല്ല പുന:പരിശോധനയാണ് വേണ്ടതെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. ഇതുമായി ബന്ധപ്പെട്ട വിശദമായ കുറിപ്പ് തങ്ങള്‍ ഫെയ്സ്ബുക്ക് പേജിലാണ് പ്രസിദ്ധീകരിച്ചത്. പി.കെ ഫിറോസ് ഉള്‍പടെയുള്ള നേതാക്കള്‍ ഇതു ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ശരി തുടരുകയും തെറ്റ് തിരുത്തുകയും ചെയ്യും, ചര്‍ച്ചകള്‍ അനിവാര്യമാണ്, വിമര്‍ശനങ്ങളൊക്കെ ഗൗരവമായി കാണും,അത് ലീഗ് രാഷ്ട്രീയത്തില്‍ പ്രതീക്ഷയുള്ളവരുടേയും സദുദ്ദേശ്യത്തോടെയുള്ള പ്രതിഷേധങ്ങള്‍ മാത്രമാണ്. ലീഗിന്റെ നന്മ പ്രതീക്ഷിക്കുന്നവരുടെ ഉപദേശങ്ങള്‍ മാത്രമല്ല വിമര്‍ശനങ്ങളും സ്വീകാര്യമാണ്, പറയാന്‍ മടിക്കുന്ന അണികളും കേള്‍ക്കാന്‍ മടിക്കുന്ന നേതാക്കളുമല്ല ലീഗിലുള്ളതെന്നും തങ്ങള്‍ കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം താഴെ:
പറയാന്‍ മടിക്കുന്ന അണികളും കേള്‍ക്കാന്‍ മടിക്കുന്ന നേതാക്കളുമല്ല മുസ്ലിം ലീഗിലുള്ളത്
തീരുമാനങ്ങള്‍ മാത്രമല്ല,
പുന:പരിശോധനയും സംഘടനയുടെ ഭാഗമാണ് ‘
തെരഞ്ഞെടുപ്പ് ഫലം ഏറെ പഠിക്കാനും അതിലേറെ തിരുത്താനും
പലതും പകര്‍ത്താനുമുള്ളതാണ്.
വിജയിച്ചവര്‍ പൂര്‍ണമായും ന്യായമാണെന്നും
പരാജയപ്പെട്ടവര്‍ പൂര്‍ണമായും അന്യായവുമാണെന്നുമുളള രീതിയിലുളള ചിലരുടെ ഉപദേശങ്ങളിലെ അന്തരങ്ങളെ തിരിച്ചറിയാനുള്ള ഗ്രാഹ്യശേഷി പാര്‍ട്ടിക്കുണ്ട്.

പാര്‍ട്ടിയുടെ എല്ലാ തീരുമാനങ്ങളും ശരിയോ എല്ലാ തീരുമാനങ്ങളും തെറ്റോ അല്ല.
ശരിയും തെറ്റുമുണ്ടാകും
ശരി തുടരുകയും തെറ്റ് തിരുത്തുകയുമാണ് മനുഷ്യ ഗുണം.
ആദ്യം വേണ്ടതും അതു തന്നെ.
കഴിഞ്ഞ കാല തീരുമാനങ്ങളും നിലപാടുകളും കര്‍മ്മ രംഗവും വിലയിരുത്തി ശരി തെറ്റുകള്‍ കൃത്യമായി പഠന വിധേയമാക്കണം.
അതിന് ആലോചനകളും ചര്‍ച്ചകളും അനിവാര്യമാണ്.
അത്തരം ഒരു ആലോചനയാണ് തെരഞ്ഞെടുപ്പ് അവലോകനത്തില്‍ പാര്‍ട്ടി ആദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

അതിനര്‍ത്ഥം പാര്‍ട്ടി വലിയ പരാജയത്തിലാണെന്നോ വലിയ പ്രതിസന്ധിയിലാണെന്നോ അല്ല.
ആഞടിച്ചൊരു തരംഗത്തിനൊപ്പം മുന്നണിക്കുണ്ടായ പരാജയത്തിന്റെ ഭാഗമായി ചെറിയൊരു പരാജയം.
ചെറുതോ വലുതോ എന്ന് അളന്നെടുത്ത് വിധി നിശ്ചയിക്കുകയല്ല.
എത്ര ചെറുതാണെങ്കിലും വലിയ വിചാരപ്പെടലും വിവേകത്തോടെയുള്ള പരിഹാരവുമാണ് കാണേണ്ടത്.

പാര്‍ട്ടിക്കകത്തും മുന്നണിക്കകത്തും വിശദമായ ചര്‍ച്ചകള്‍ അനിവാര്യമാണ്.
സര്‍ക്കാറിന്റെ അഴിമതിയും സ്വജന പക്ഷപാതവും ഭരണ പരാചയങ്ങള്‍ കണ്ടെത്തുന്നതിലും തിരുത്തിക്കുന്നതിലും യു.ഡി.എഫ് വിജയിച്ചു എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കരുത്.
അത് വിസ്മരിച്ചാല്‍ പ്രതിപക്ഷ നിരയില്‍ ആയുസ്സും ആരോഗ്യവും സമര്‍പ്പിച്ചവരോട് കാണിക്കുന്ന നന്ദികേടും
കടുത്ത അനീതിയുമാവും.

എങ്കിലും
ഭരണ പരാജയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സംവിധാനങ്ങളുണ്ടായില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം.
എന്നാല്‍ ഭരണ പരാജയം മറച്ചുവെക്കാനും നേട്ടങ്ങള്‍ പ്രചരിപ്പിക്കാനും വിപുലമായ സംവിധാനമൊരുക്കാന്‍ സര്‍ക്കാറിനു സാധിച്ചു. മാധ്യമങ്ങളുടെ പിന്തുണയും വിധേയത്വവും നേടിയെടുക്കുന്നതിലും ഭരണ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിലും സര്‍ക്കാര്‍ വിജയിച്ചു.

ദീര്‍ഘ കാലം തുടര്‍ച്ചയായി ഭരണത്തിലില്ലാതിരിക്കുകയും അതുപോലെ തുടര്‍ച്ചയായി ഭരണത്തിലിരിക്കുകയും ചെയ്ത പാരമ്പര്യം മുസ്ലിംലീഗിനുണ്ട്.
സ്വതന്ത്ര്യാനന്തരം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് രൂപീകരണ കാലം തൊട്ട് നീണ്ട പതിറ്റാണ്ടിലധികം കാലം ഭരണപക്ഷത്തിന്റെ അധികാര കസേരകള്‍ മുസ്ലിം ലീഗിന്റെ ഏറെ അകലെയായിരുന്നു.
ഒരു മുന്നണിക്കകത്തും പ്രവേശനവുമില്ലായിരുന്ന കാലം.
ദാരിദ്ര്യവും വിദ്യാഭ്യാസത്തിന്റെ അഭാവവും കൊണ്ട് ഇരുള്‍ പടര്‍ന്ന ഒരു ജനസമൂഹത്തെ
ആ പ്രതിസന്ധികള്‍ക്കിടയിലും സാമൂഹികമായി ഉന്നതിയിലെത്തിക്കാനും രാഷ്ട്രീയമായി ഉയര്‍ത്തി കൊണ്ടുവരാനും
സ്വത്വബോധത്തിലേക്ക് നയിക്കാനും ധീരമായി നേതൃത്വ നല്‍കി.
എതിര്‍പ്പുകളും ഭീഷണിയും കൊണ്ട് അസ്വസ്ഥമായ കാലമായിരുന്നു അത്.
ഇന്നു കാണുന്ന അഭിവൃദ്ധിയൊന്നും അന്നുണ്ടായിരുന്നില്ല.
ഇന്ന് കാണുന്ന പോഷക സംഘടനകളൊന്നും മുസ്ലിം ലീഗിന് ശക്തി പകരാന്‍ ജനിക്കുക പോലും ചെയ്തിട്ടില്ലാത്ത കാലം.
പ്രതിസന്ധിയിലും പതറാതെ തളരാതെ തകരാതെ മുന്നോട്ടുള്ള പ്രയാണം തുടര്‍ന്നു.
കാലത്തിന്റെ പ്രയാണത്തെ തിരിഞ്ഞു നോക്കുമ്പോള്‍ ഏറെ കുറേ വിജയിക്കാനും മറ്റു സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ പിന്നോക്ക സമൂഹങ്ങള്‍ക്ക്
മാതൃകയാകാനും കഴിഞ്ഞു.
ഇന്ന് എല്ലാ മേഖലയിലും മുസ്ലിം ലീഗിന് പോഷക ഘടകങ്ങളുണ്ട്.
ദളിത്,വിദ്യാര്‍ത്ഥി, യുവജന, വനിത, തൊഴിലാളി മേഖലകളില്‍ സംഘടിത ശക്തികൊണ്ട് സമ്പന്നമാണ് ലീഗ്.
അധികാര കസേരയുടെ തണലില്ല മുസ്ലിം ലീഗിന്റെ ഈ വളര്‍ച്ചയുണ്ടായത്.
ജനകീയ പിന്തുണയുടെ അടിത്തറയാണ് എന്നും ലീഗിന്റെ ശക്തി.

പിന്നോക്ക ന്യൂനപക്ഷങ്ങളുടെ അഭിമാനാര്‍ഹമായ നിലനില്‍പ്പാണ് ലക്ഷ്യം.
അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടവും,
സാമൂഹിക മുന്നേറ്റത്തിനു വേണ്ടിയുള്ള സേവനങ്ങളും,
പ്രയാസപ്പെടുന്ന മനുഷ്യനു വേണ്ടിയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളും,
കഷ്ടപ്പെടുന്നവര്‍ക്കു വേണ്ടിയുളള കാരുണ്യ പ്രവര്‍ത്തനങ്ങളും
ഇന്നലെ നിര്‍വ്വഹിച്ചപോലെ നാളെയും നിര്‍വ്വഹിച്ച് തന്നെ മുന്നോട്ട് പോകേണ്ടതുണ്ട്.
നമ്മെ പ്രതീക്ഷിക്കുന്ന ഒരു സമൂഹം നമ്മുടെ കണ്‍വെട്ടത്തുണ്ട്.അതിനപ്പുറത്ത് അരുക്കാക്കപ്പെട്ടവര്‍ എന്നു വിളിക്കപ്പെടുന്നവരുടെ കണ്ണീരും കിനാവുകളും നിറഞ്ഞ ജീവിതത്തിലേക്കു നമ്മളാല്‍ കഴിയുന്നത് നമ്മള്‍ ചെയ്തു കൊടുത്തിട്ടുമുണ്ട്.

മാന്യമായ ഇടപെടലിലൂടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍
ക്രിയാത്മക പ്രതിപക്ഷമായി തുടരുകയും വേണം.
1967 മുതല്‍ 1987 വരെയുളള ഇരുപത് വര്‍ഷക്കാലത്ത് 1980 മുതല്‍ 1981 വരെയുള്ള ഒന്നര വര്‍ഷത്തെ ഇടവേള ഒഴിച്ചാല്‍ ബാക്കി കാലയളവില്‍ ഭരിച്ച 6 മുഖ്യമന്ത്രിമാരുടെ കാലത്തും മുസ്ലിം ലീഗ് ഭരണ കസേരയിലുണ്ടായിട്ടുണ്ട്.

ഇ.എം.എസ്, സി അച്ച്യുതമേനോന്‍, കെ കരുണാകരന്‍, എ.ക്കെ ആന്റണി, പി.ക്കെ വാസുദേവന്‍ നായര്‍, സി.എച്ച് മുഹമ്മദ് കോയ എന്നിവരായിരുന്നു ഈ കാലയളവിലെ മുഖ്യമന്ത്രിമാര്‍.

ഭരണ തുടര്‍ച്ചയും ഭരണത്തിലെ ഇടവേളയും സ്ഥിരമായി നില്‍ക്കുന്ന ഒരു പ്രതിഭാസമല്ല എന്ന് ഐക്യ കേരളത്തിന്റെ ചരിത്രം വ്യക്തമാക്കുന്നുണ്ട്.

ചരിത്രങ്ങള്‍ ഓര്‍മ്മിക്കുമ്പോഴും പരാജയം സംഭവിച്ച മേഖലകള്‍ പുന:പരിശോധിക്കുകയും വേണം.
ന്യായീകരണമല്ല പുന:പരിശോധനയാണ് ന്യായം എന്ന ബോധ്യമുണ്ട്.
തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് പല കേന്ദ്രങ്ങളില്‍ നിന്നുമുള്ള വിമര്‍ശനങ്ങളൊക്കെ ഉയര്‍ന്നിട്ടുണ്ട്.
അത് ശ്രദ്ധയില്‍ പെട്ടിട്ടുമുണ്ട്.
പാര്‍ട്ടിയുടെ പുറത്തുള്ളവര്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ രാഷ്ട്രീയമാണെന്ന തിരിച്ചറിവുണ്ട്.
എന്നാല്‍ പാര്‍ട്ടിക്കകത്തുള്ളവരുടെ വാക്കുകള്‍ സംഘടനാ താല്‍പര്യമാണെന്നും അറിയാം.
അതൊക്കെ ഗൗരവമായി തന്നെ കാണുന്നുമുണ്ട്.
കാരണം അതൊക്കെ മുസ്ലിം ലീഗിനെ സ്‌നേഹിക്കുന്നവരുടേയും മുസ്ലിം ലീഗ് രാഷ്ട്രീയത്തില്‍ പ്രതീക്ഷയുള്ളവരുടേയും സദുദ്ധേശത്തോടെയുള്ള പ്രതിഷേധങ്ങള്‍ മാത്രമാണ്.
നിരാശ ബാധിച്ചവരുടെ പ്രകോപനങ്ങളല്ല എന്ന് വരികളിലൂടെ വായിച്ചാല്‍ ബോധ്യമാവുന്നുണ്ട്.
വിമര്‍ശനങ്ങളിലെ സത്യസന്ധതയേയും നന്മയേയും എല്ലാ കാലത്തും സ്വീകരിച്ച പാരമ്പര്യമാണ് മുസ്ലിം ലീഗിനുള്ളത്.
മുസ്ലിം ലീഗിന്റെ നന്മ പ്രതീക്ഷിക്കുന്നവരുടെ ഉപദേശങ്ങള്‍ മാത്രമല്ല വിമര്‍ശനങ്ങളും സ്വീകാര്യമാണ്.

എങ്കിലും ഇടതുപക്ഷം സൃഷ്ടിച്ച രാഷ്ട്രീയ അന്തര്‍ധാര ഏതൊക്കെ മണ്ഡലങ്ങളില്‍ എങ്ങനെയൊക്കെ ബാധിച്ചു എന്ന കാര്യങ്ങള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നുണ്ട്.
അതും പഠന വിധേയമാക്കണം.

മുസ്ലിം ലീഗ് രാഷ്ട്രീയത്തിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു ഇടമുണ്ട്.
അതില്‍ കൃത്യമായ ഇടപെടലുകളോടെ ഇനിയും മുന്നോട്ട് പോവേണ്ടതുണ്ട്.
മുസ്ലിം ലീഗ് മത്സരിച്ച ഓരോ മണ്ഡലങ്ങളിലേയും സ്ഥിതിഗതികള്‍ കൃത്യമായി വിലയിരുത്തേണ്ടതുണ്ട്.

നോമ്പും പെരുന്നാളും കഴിയുന്നതോടെ പ്രവര്‍ത്തനരംഗത്ത് പുതുമകളും വലിയ പുരോഗതിയുമുണ്ടാകും
പാര്‍ട്ടിയെ സ്‌നേഹിക്കുന്ന എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ചകളുണ്ടാവും.
പറയാന്‍ മടിക്കുന്ന അണികളും കേള്‍ക്കാന്‍ മടിക്കുന്ന നേതാക്കളുമല്ല മുസ്ലിം ലീഗിലുള്ളത് ‘
തീരുമാനങ്ങള്‍ മാത്രമല്ല, പുന:പരിശോധനയും സംഘടനയുടെ ഭാഗമാണ്.
എല്ലാവരേയും കേള്‍ക്കാന്‍ സാഹചര്യമൊരുക്കും
എന്ന ഉറപ്പ് നല്‍ക്കുന്നു.

‘സ്വയം മാറ്റത്തിന് സന്നദ്ധരാകാത്ത കാലത്തോളം അല്ലാഹു ഒരു ജനതയെയും അവരുടെ അവസ്ഥയില്‍ പരിവര്‍ത്തനം സൃഷ്ടിക്കുകയില്ല’
-വിശുദ്ധഖുര്‍ആന്‍.

 

Sharing is caring!