താനൂര്‍ ദയ ആശുപത്രി കോവിഡ് ആശുപത്രിയാക്കി

താനൂര്‍: കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പുതിയ ആശുപത്രികള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ദയ ആശുപത്രി കോവിഡ് ആശുപത്രിയായി ഉയര്‍ത്തി കലക്ടര്‍ ഉത്തരവിറക്കി. ദുരന്തനിവാരണ നിയമമനുസരിച്ചാണ് ഉത്തരവിറങ്ങിയത്.

വി അബ്ദുറഹ്മാന്‍ എംഎല്‍എയുടെ ശ്രമഫലമായാണ് കോവിഡ് ആശുപത്രിയാക്കി ഉയര്‍ത്തിയത്. ഇരുന്നൂറിലധികം കിടക്കകളുണ്ടിവിടെ. ഇതില്‍ 70 എണ്ണം കേന്ദ്രീകൃത ഓക്‌സിജന്‍ സൗകര്യം ഉള്ളവയാണ്. വെന്റിലേറ്റര്‍ സൗകര്യങ്ങളും ഐസിയു സൗകര്യവും ഉണ്ട്. ഇതിനോടനുബന്ധിച്ച് ക്യാന്റീനും പ്രവര്‍ത്തിക്കും.

ജില്ലയിലെ തന്നെ മികച്ച കേന്ദ്രമാക്കി മാറ്റുമെന്നും എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കുമെന്നും വി അബ്ദുറഹ്മാന്‍ എംഎല്‍എ പറഞ്ഞു. ആശുപത്രി ഉടമ പിഎസ്എം കുഞ്ഞീതു ഹാജിയാണ് കോവിഡ് ആശുപത്രിക്കായി ഇത് വിട്ടുനല്‍കിയത്. ആശുപത്രിയുടെ നടത്തിപ്പ് മേല്‍നോട്ടം താനൂര്‍ ബ്ലോക്ക് പഞ്ചായത്തിനാണ്.

ആശുപത്രിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഏകോപന യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്ന് ആശുപത്രി സന്ദര്‍ശനവേളയില്‍ എംഎല്‍എ പറഞ്ഞു. എംഎല്‍എയോടൊപ്പം പിഎസ്എം കുഞ്ഞിതു ഹാജി, മുന്‍ നഗരസഭാ കൗണ്‍സിലര്‍ പിടി ഇല്യാസ്, സന്നദ്ധ പ്രവര്‍ത്തകരായ ഷഫീക് പിലാത്തോട്ടത്തില്‍, പള്ളത്ത് പ്രസാദ്, കരീം എന്നിവരുമുണ്ടായിരുന്നു.

ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രി അണുവിമുക്തമാക്കി. ബ്ലോക്ക് സെക്രട്ടറി കെവിഎ ഖാദര്‍, പ്രസിഡന്റ് മനു വിശ്വനാഥ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Sharing is caring!