മലപ്പുറത്തെ ഒരുവീട്ടിലെ മൂന്നുപേര്‍ ഒരാഴ്ച്ചക്കിടെ കോവിഡ് ബാധിച്ച് മരിച്ചു

മലപ്പുറം: മലപ്പുറത്തെ ഒരുവീട്ടിലെ മൂന്നുപേര്‍ ഒരാഴ്ച്ചക്കിടെ കോവിഡ് ബാധിച്ച് മരിച്ചു. മരിച്ചത് മാതാപിതാക്കളും മകനും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേരാണ്.
മലപ്പുറം വാഴക്കാട് പഞ്ചായത്തിലാണ് സംഭവം. ചെറുവായൂര്‍ കണ്ണത്തൊടി ലിമേശും ഇദ്ദേഹത്തിന്റെ മാതാപിതാക്കളായ രാമന്‍, ലീല എന്നിവരുമാണ് മരിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 28 നാണ് കോവിഡ് ചികിത്സയിരിക്കെ ലിമേഷ് മരിച്ചത്. ഏപ്രില്‍ 30 ന് കോവിഡ് ചികിത്സയിലിരിക്കുമ്പോഴാണ് അച്ഛന്‍ രാമന്‍ മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച അമ്മ ലീല ഇന്നുംം മരണത്തിനു കീഴടങ്ങി. ഓട്ടോ ഡ്രൈവറായിരുന്നു ലിമേശ്. ഇദ്ദേഹത്തിനു എവിടെ നിന്നാണ് രോഗബാധ ഉണ്ടായതെന്നു വ്യക്തമല്ല. ലിമേഷും രാമനും പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും അമ്മ ലീല മഞ്ചേരി മെഡിക്കല്‍ കോളജില്‍ വച്ചുമാണ് മരിച്ചത്. ലിമേശിന്റെ ഭാര്യക്കും കുട്ടികള്‍ക്കും കോവിഡ് പോസിറ്റീവായിരുന്നങ്കിലും ഇപ്പോള്‍ നെഗറ്റീവായിട്ടുണ്ട്. എവിടെ നിന്നാണ് ലിമേശിനു രോഗം ബാധിച്ചതന്നു കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ആരോഗ്യ വകുപ്പ് അധികൃതരും നാട്ടുകാരും ആശങ്കയിലാണ്. ലീലയുടെ മറ്റുമക്കള്‍:സുധീഷ്, സുജാത, സിന്ധു, ലിമ.മരുമക്കള്‍:സുധാകരന്‍ (കിഴിശേരി), അശോകന്‍ (പയ്യനാട്), പ്രിയ, വിജിത, പരേതനായ അപ്പുട്ടി.

അതേ സമയം മലപ്പുറം ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് ഇന്ന് രേഖപ്പെടുത്തി. 4,405 പേരാണ് വ്യാഴ്യാഴ്ച മാത്രം വൈറസ് ബാധിതരായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 35.43 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,181 പേര്‍ക്കാണ് രോഗബാധ. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വൈറസ്ബാധ കണ്ടെത്തി. 204 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ആറ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 13 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

65,138 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 44,207 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,093 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 209 പേരും 267 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ 12 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുന്നു.

രോഗബാധിതര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള അക്ഷീണ ശ്രമത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. വ്യാഴാഴ്ച 3,205 പേരാണ് രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗവിമുക്തരായവരുടെ എണ്ണം 1,45,514 ആയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ ഇതുവരെ 706 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

Sharing is caring!