മലപ്പുറം ജില്ലയിലെ ഓക്സിജന്‍ സിലിണ്ടറുകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് കലക്ടര്‍

മലപ്പുറം ജില്ലയിലെ ഓക്സിജന്‍ സിലിണ്ടറുകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് കലക്ടര്‍

മലപ്പുറം: ജില്ലയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഓക്സിജന്‍ നിറയ്ക്കാവുന്ന സിലിണ്ടറുകള്‍ കൈവശമുള്ള സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്ന് സിലിണ്ടറുകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവിട്ടു. സര്‍ക്കാര്‍/ സ്വകാര്യ ആശുപത്രികളിലെ ഓക്സിജന്‍ ലഭ്യത അപര്യാപ്തമായതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോവിഡ് രണ്ടാം തരംഗത്തില്‍ രോഗബാധിതരുടെ എണ്ണം ഗണ്യമായി ഉയര്‍ന്ന സാഹചര്യത്തില്‍ ഓക്സിജന്‍ ലഭ്യത സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ജില്ലാ ഓക്സിജന്‍ മാനേജ്മെന്റ് കമ്മിറ്റിയും രൂപികരിച്ചു.

ഓക്സിജന്‍ നിറയ്ക്കാവുന്ന സിലിണ്ടറുകള്‍ കൈവശമുള്ള സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പട്ടിക അനുസരിച്ചാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സിലിണ്ടറുകള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക. സിലിണ്ടറുകള്‍ ഓക്സിജന്‍ കമ്മിറ്റി ചെയര്‍മാനായ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജറും വൈസ് ചെയര്‍മാനായ മലപ്പുറം സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.സ്.പിയും ചേര്‍ന്ന് പിടിച്ചെടുക്കും. പിടിച്ചെടുക്കുന്ന സിലിണ്ടറുകള്‍ ഓക്സിജന്‍ മാനേജ്മെന്റ് കമ്മിറ്റി വൃത്തിയാക്കി അണുനശീകരണം വരുത്തി ഓക്സിജന്‍ നിറയ്ക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. പിടിച്ചെടുത്ത സിലിണ്ടറുകളുടെ എണ്ണം, മറ്റു വിവരങ്ങള്‍ , മഹസ്സര്‍ എന്നിവ ഉള്‍പ്പെടുന്ന വിശദ റിപ്പോര്‍ട്ട് ഓക്സിജന്‍ മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാനായ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് സമര്‍പ്പിക്കും.

കണ്‍ട്രോള്‍ റൂം തുടങ്ങി

ജില്ലയിലെ കോവിഡ് അടിയന്തര സാഹചര്യം നേരിടുന്നതിന് ഓക്സിജന്‍ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ച് ഓക്സിജനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അടിയന്തരമായി കൈകാര്യം ചെയ്യുന്നതിന് ജില്ലാതലത്തില്‍ ഓക്സിജന്‍ മാനേജ്മെന്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഓക്സിജന്റെ ആവശ്യകതയും ഓക്സിജനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കണ്‍ട്രോള്‍ റൂം മുഖേന പരിഹരിക്കും. ഫോണ്‍: 0483 2952950.

Sharing is caring!