മലപ്പുറം യുഡിഎഫ് സംവിധാനത്തിന് ജനങ്ങള്‍ അര്‍ഹിക്കുന്ന തിരിച്ചടി നല്‍കി: സിപിഎം ജില്ലാ സെക്രട്ടറിയറ്റ്

മലപ്പുറം യുഡിഎഫ് സംവിധാനത്തിന് ജനങ്ങള്‍ അര്‍ഹിക്കുന്ന തിരിച്ചടി നല്‍കി: സിപിഎം ജില്ലാ സെക്രട്ടറിയറ്റ്

മലപ്പുറം: അവിശുദ്ധ സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട ജില്ലയിലെ യുഡിഎഫ് സംവിധാനത്തിന് ജനങ്ങള്‍ അര്‍ഹിക്കുന്ന തിരിച്ചടി നല്‍കിയതായി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്. സാമുദായിക ഏകീകരണമുണ്ടാക്കി ജയിച്ചുകയറാമെന്ന മുസ്ലിംലീഗിന്റെ കുതന്ത്രത്തിനേറ്റ കനത്ത പ്രഹരമാണ് തെരഞ്ഞെടുപ്പ് വിധി. ജില്ല തൂത്തുവാരുമെന്ന യുഡിഎഫ് വ്യാമോഹം ജനങ്ങള്‍ കടലിലെറിഞ്ഞു.
പരമ്പരാഗതമായി ലീഗിനെ പിന്തുണച്ച വോട്ടര്‍മാര്‍ അവരെ കൈവിട്ടു. അധികാരം മോഹിച്ച് ലോക്സഭാംഗത്വം രാജിവച്ച് മത്സരിച്ച പി കെ കുഞ്ഞാലിക്കുട്ടിക്ക് കനത്ത തിരിച്ചടിയാണ് ലീഗ് അണികള്‍ നല്‍കിയത്. 11,000 പുതിയ വോട്ടര്‍മാര്‍ കൂടിയിട്ടും വേങ്ങരയില്‍ ഭൂരിപക്ഷത്തില്‍ 7535 വോട്ടിന്റെ കുറവുണ്ടായി. ആകെ വോട്ടില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 2000 വോട്ടിന്റെ കുറവുണ്ടായി. 2016ല്‍ 72,000 വോട്ട് കിട്ടിയയിടത്ത് ഇത്തവണ ലഭിച്ചത് 70,000 മാത്രം. ലീഗ് സ്ഥാനാര്‍ഥികളില്‍ കുഞ്ഞാലിക്കുട്ടിക്കുമാത്രമാണ് ആകെ വോട്ട് കുറഞ്ഞത്.
കുഞ്ഞാലിക്കുട്ടിയുടെ അധികാരക്കൊതി ലോക്സഭാ ഫലത്തിലും പ്രതിഫലിച്ചു. അബ്ദുസമദ് സമദാനിക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഭൂരിപക്ഷത്തില്‍ ഒന്നരലക്ഷം വോട്ടിന്റെ കുറവുണ്ടായി.
വള്ളിക്കുന്ന്, മഞ്ചേരി, മലപ്പുറം, വേങ്ങര, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, മങ്കട മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ട് സമദാനിക്ക് കിട്ടിയില്ല. ഉപതെരഞ്ഞെടുപ്പിന് അനാവശ്യ വഴിയൊരുക്കിയതിലുള്ള അതൃപ്തിയാണ് ലീഗ് അണികള്‍ പ്രകടിപ്പിച്ചത്.
തവനൂരില്‍ എല്ലാ അവിശുദ്ധ കൂട്ടുകെട്ടിനെയും മറികടന്നാണ് കെ ടി ജലീലിന്റെ ജയം. യുഡിഎഫ് അവിടെ ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നീ സംഘടനകളുടെ പരസ്യ പിന്തുണ നേടി. ബിജെപിയുടെ വോട്ടുകള്‍ വലിയതോതില്‍ വിലയ്ക്കുവാങ്ങി. ഇത് മറികടന്നാണ് എല്‍ഡിഎഫ് വിജയം. താനൂരിലും നിലമ്പൂരിലും യുഡിഎഫിന്റെ കുപ്രചാരണങ്ങളെ അതിജീവിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണി വിജയിച്ചു. പെരിന്തല്‍മണ്ണയില്‍ ശക്തമായ മുന്നേറ്റം നടത്താനായി.
മഞ്ചേരിയിലും വണ്ടൂരിലും യുഡിഎഫിന്റെ ഭൂരിപക്ഷം വലിയതോതില്‍ കുറഞ്ഞു. യുഡിഎഫിന്റെ പരമ്പരാഗത വോട്ടുബാങ്കുകളില്‍ ഉണ്ടായ വിള്ളല്‍ വരുംകാലങ്ങളില്‍ ഇനിയും ശക്തിപ്പെടുമെന്നുറപ്പാണ്. സമുദായ കാര്‍ഡിറക്കി ജയിച്ചുകയറാമെന്ന ലീഗ് മോഹമാണ് പൊലിയുന്നത്. ഇത് ജില്ലയിലെ രാഷ്ട്രീയ ബലാബലത്തില്‍ വലിയ ചലനമുണ്ടാക്കും. വോട്ടിങ് നിലയിലുണ്ടായ വലിയ മുന്നേറ്റം അതിന്റെ തുടക്കമാണ്.
എല്‍ഡിഎഫ് സര്‍ക്കാരിനെ തുടര്‍ഭരണത്തിലേറ്റിയ വോട്ടര്‍മാരെയും ഇടതുപക്ഷത്തിന്റെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച പ്രവര്‍ത്തകരെയും നേതാക്കളെയും അഭിനന്ദിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.

 

Sharing is caring!