പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരം വിജയിച്ചത് 38വോട്ടിന്

പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരം വിജയിച്ചത് 38വോട്ടിന്

മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും കുറവ് ഭൂരിപക്ഷം പെരിന്തല്‍മണ്ണയില്‍. മാധ്യമ പ്രവര്‍ത്തനം രാജിവെച്ച് രാഷ്ട്രീയ രംഗത്തിറങ്ങിയ യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ നജീബ് കാന്തപുരം വിജയിച്ചത് വെറും 38വോട്ടിന്റെ ഭൂരിപക്ഷത്തിന്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് പെരിന്തല്‍മണ്ണയില്‍ നടന്നത്.
നജീബ് കാന്തപുരത്തിന് 76,350 വോട്ട് ലഭിച്ചപ്പോള്‍ ലീഗ് വിമതനും മുന്‍ മലപ്പുറം നഗരസഭ ചെയര്‍മാനുമായ കെ.പി.എം മുസ്തഫയ്ക്ക് 76,492. വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തവണ വെറും അറുനൂറില്‍ താഴേ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി മഞ്ഞളാംകുഴി അലി ഇവിടെ വിജയിച്ചിരുന്നത്. ഇതിന് പിന്നാലെ നടന്ന കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നിയമസഭാ അടിസ്ഥാനത്തിലുള്ള കണക്ക് പ്രകാരം എല്‍.ഡി.എഫിനായിരുന്നു മുന്‍തൂക്കം. ഇതിനു പുറമെ മുസ്ലിംലീഗ് നേതാവും മുന്‍ മലപ്പുറം നഗരസഭാ ചെയര്‍മാനുമായിരുന്ന കെ.പി.എം.മുസ്തഫയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിലൂടെ ലീഗ് വോട്ടും മറിയുമെന്ന പ്രതീക്ഷയിലായിരുന്നു എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മണ്ഡലത്തിന്റെ സമസ്ത മേഖലകളിലും ആധിപത്യമുറപ്പിക്കുന്ന രീതിയിലാണ് എല്‍. ഡി. എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ. പി. എം മുസ്തഫ പ്രചരണ രംഗത്തുണ്ടായിരുന്നത്. 1957-ല്‍ മണ്ഡലം രൂപീകരിച്ചതുമുതല്‍ പെരിന്തല്‍മണ്ണ ഇടതുപക്ഷത്തായിരുന്നു. സിപിഐയിലെ പി ഗോവിന്ദന്‍ നമ്പ്യാര്‍, ഇ പി ഗോപാലന്‍, സിപിഐഎം സ്ഥാനാര്‍ത്ഥിയായി പാലോളി മുഹമ്മദ്കുട്ടി എന്നിവര്‍ മത്സരിച്ച് തുടര്‍ച്ചയായി നിയമസഭയിലെത്തി. 1977-ലെ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ കെകെഎസ് തങ്ങളാണ് പെരിന്തല്‍മണ്ണ പിടിച്ചത്. പത്തുവര്‍ഷം കെകെഎസ് തങ്ങളും തുടര്‍ന്ന് 26 വര്‍ഷം നാലകത്ത് സൂപ്പിയും വിജയിച്ചു. ലീഗിലെ പ്രാദേശിക വിഭാഗീയത മുതലെടുത്ത് 2006ല്‍ വി ശശികുമാറിലൂടെ ഇടതുപക്ഷം അട്ടിമറി വിജയം നേടി. 1980-മുതല്‍ പെരിന്തല്‍മണ്ണയില്‍ മത്സരിച്ചിരുന്ന നാലകത്ത് സൂപ്പിയെ മാറ്റി പി. അബ്ദുല്‍ ഹമീദ് മാസ്റ്ററെ പരീക്ഷിച്ചതോടെയായിരുന്നു തോല്‍വി.
1975 ഒക്ടോബര്‍ 2ന് ജനനം. കോഴിക്കോട് ജില്ലയിലെ കാന്തപുരം സ്വദേശി. ബി.എഡ് ബിരുദാരിയാണ്. 1996 മുതല്‍ ചന്ദ്രിക ദിനപത്രത്തില്‍ സബ് എഡിറ്ററായി പ്രവര്‍ത്തിച്ചു. സമകാലിക പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരം എഴുത്തുകാരന്‍. 2015ല്‍ ചന്ദ്രിക സീനിയര്‍ സബ് എഡിറ്റര്‍ ആയിരിക്കെ 20 വര്‍ഷത്തെ മാധ്യമ പ്രവര്‍ത്തനത്തില്‍നിന്ന് രാജിവെച്ച് മുഴുസമയ രാഷ്ട്രീയ പ്രവര്‍ത്തകനായി.
ബംഗാളിലെ നന്ദിഗ്രാം അടിസ്ഥാനമാക്കി’ ഇനിയും എന്ന ഡോക്വുമെന്ററി സംവിധാനം ചെയ്തു. വിദ്യാര്‍ഥികാലം മുതല്‍ കവിത രചനാ പ്രസംഗ വേദികളില്‍ നിരവധി പുരസ്‌കാരങ്ങള്‍.
2010 ല്‍ സ്വന്തം വാര്‍ഡായ കാന്തപുരത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ഉണ്ണിക്കുളം ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2015 ല്‍ കട്ടിപ്പാറ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്ന് 5640 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കവ്പെട്ടു. ഫാറൂഖ് കോളേജില്‍ എം.എസ്.എഫ് പ്രവര്‍ത്തകനായി തുടങ്ങിയ വിദ്യാര്‍ഥി രാഷ്ട്രീയം. ഫാറൂഖ് കോളജ് യൂണിറ്റ് സെക്രട്ടറി, യൂണിയന്‍ എക്സിക്യൂട്ടിവ് അംഗം, കോഴിക്കോട് സര്‍വ്വകലാശാല ബി.എഡ് സെന്ററില്‍ സ്റ്റുഡന്റ് എഡിറ്റര്‍, എം.എസ്.എഫ് സംസ്ഥാന സര്‍ഗവേദി കണ്‍വീനര്‍, മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

 

 

Sharing is caring!