കൊവിഡ് വ്യാപനം; അതി ജാഗ്രതയില്‍ ജുമുഅ നിസ്‌കരിച്ച് വിശ്വാസികള്‍

കൊവിഡ് വ്യാപനം; അതി ജാഗ്രതയില്‍ ജുമുഅ നിസ്‌കരിച്ച് വിശ്വാസികള്‍

മലപ്പുറം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതിജാഗ്രതയില്‍ ജുമുഅ നിര്‍വ്വഹിച്ച് വിശ്വാസികള്‍. റമളാനിലെ മൂന്നാമത്തെ വെള്ളിയാഴ്ചയായ ഇന്നലെ പരിമിതമായ ആളുകളെ പ്രവേശിപ്പിച്ചായിരുന്നു ജുമുഅ നിസ്‌കാരം നടന്നത്. സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ പാലിച്ചാണ് പുണ്യമാസത്തില്‍ ഏറെ പ്രാധാന്യമുള്ള വെള്ളിയാഴ്ച വിശ്വാസികള്‍ ജുമുഅക്കെത്തിയത്. ഓരോ മഹല്ലുകളിലും വിവിധ പള്ളികളില്‍ പരിമിതമായ ആളുകള്‍ക്ക് സൗകര്യങ്ങളൊരുക്കി.
മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി ജുമുഅ പ്രഭാഷണത്തിന് നേതൃത്വം നല്‍കി. ആരോഗ്യ സംരക്ഷണം ഏറ്റവും പ്രധാനപ്പെട്ട ആരാധനയാണെന്നും പള്ളിയില്‍ വരാന്‍ സാധിക്കാത്തവര്‍ നിരാശരാവേണ്ടതില്ലെന്നും മഹാമാരിയുടെ മോചനത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സമയമാണിതെന്നും അദ്ദേഹം ഉണര്‍ത്തി. കൊവിഡ് മഹാമാരിയുടെ മോചനത്തിനായി പ്രത്യേക പ്രാര്‍ത്ഥനക്കും അദ്ദേഹം നേതൃത്വം നല്‍കി.

 

Sharing is caring!