മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ പ്ലാന്റിന്റെ ശേഷി 10,000 ലിറ്ററായി ഉയര്‍ത്താന്‍ നടപടി ആരംഭിച്ചു

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ പ്ലാന്റിന്റെ ശേഷി 10,000 ലിറ്ററായി ഉയര്‍ത്താന്‍ നടപടി ആരംഭിച്ചു

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്സിജന്‍ ഉപയോഗം വര്‍ധിച്ചതോടെ ഓക്സിജന്‍ പ്ലാന്റിന്റെ ശേഷി 10,000 ലിറ്ററായി ഉയര്‍ത്താന്‍ നടപടി ആരംഭിച്ചു. പുതിയ പ്ലാന്റ് 14 ദിവസത്തിനുള്ളില്‍ സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. കഞ്ചിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനി ‘ഇനോക്സി’നാണ് നിര്‍മാണ ചുമതല. സംഭരണശേഷി ഉയര്‍ത്തുന്നതോടെ 20 ദിവസംവരെ ഓക്‌സിജന്‍ ശേഖരിച്ചുവയ്ക്കാം. കോവിഡ് വ്യാപനം രൂക്ഷമായതോടെ രോഗികള്‍ക്ക് ഓക്സിജന്‍ ആവശ്യമായി വരുന്നതിനാല്‍ ഇത് ആരോഗ്യമേഖലയ്ക്ക് കരുത്തുപകരും. അതേസമയം, നിലവില്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഓക്‌സിജന്‍ സ്റ്റോക്കുണ്ട്. 3000 ലിറ്റര്‍ ദ്രവ ഓക്‌സിജന്‍ ശേഷിയുള്ള രണ്ട് ഓക്‌സിജന്‍ ടാങ്കുകളാണ് ആശുപത്രിയിലുള്ളത്. 185 ബി -ടൈപ്പും 400 ഡി ടൈപ് സിലിണ്ടറുകളും സ്റ്റോക്കുണ്ട്. സിലിണ്ടറുകള്‍ നിറയ്ക്കാനും സംവിധാനമുണ്ട്. ഓക്സിജന്‍ ഉപയോഗം വര്‍ധിച്ചിട്ടുണ്ടെങ്കിലും നിലവിലെ സംവിധാനം പര്യാപ്തമാണെന്ന് ബയോമെഡിക്കല്‍ വിഭാഗം ചുമതലയുള്ള സെബീര്‍ കൊരമ്പയില്‍ പറഞ്ഞു. ആശുപത്രി കോവിഡ് കെയര്‍ സെന്ററാക്കിയതുമുതല്‍ സെബീറിന്റെ നേതൃത്വത്തിലുള്ള 12 അംഗ ബയോമെഡിക്കല്‍ വിഭാഗമാണ് ഓക്സിജന്‍ പ്ലാന്റും അനുബന്ധ സംവിധാനങ്ങളും നിയന്ത്രിക്കുന്നത്. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പരിപാലനവും അറ്റകുറ്റപ്പണിയും ഇവരുടെ ചുമതലയാണ്. ബയോമെഡിക്കല്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വേഗത്തില്‍ ഇത് നടത്താനായത് കോവിഡ് ചികിത്സക്ക് ആശ്വാസം പകര്‍ന്നു.

 

Sharing is caring!