മലപ്പുറത്ത് കോവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു

മലപ്പുറത്ത് കോവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. മലപ്പുറം പെരുവള്ളൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സമീപം ഇല്ലത്ത്മാട്ടില്‍ താമസിച്ചിരുന്ന പരേതനായ പി പി നീലകണ്ഠന്‍ മാസ്റ്ററുടെ മകന്‍ പി പി രാജേഷ് (46), ചെനക്കലങ്ങാടി ചീനിക്കാരി വടക്കെ പുരക്കല്‍ വി.പി.ഉണ്ണി (48 ) എന്നിവരാണ് മരിച്ചത്.

രാജേഷ് തിരഞ്ഞെടുപ്പ് സമയത്ത് ഇടുക്കിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി ഡോക്യുമെന്ററി തയ്യാറാക്കാന്‍ പോയിരുന്നു.ഇയാള്‍കോവിഡ് ബാധിച്ച് ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.സി പി ഐ എം ഇല്ലത്ത്മാട് ബ്രാഞ്ച് അംഗവും ഡിവൈഎഫ്‌ഐ പെരുവള്ളൂര്‍ മേഖല കമ്മറ്റിയംഗവുമാണ്.സിനിമ ,ഡോക്യുമെന്ററി എഡിറ്റിംഗ് ആര്‍ടിസ്റ്റായിരുന്ന രാജേഷ് പെരുവള്ളൂരിന്റ സാസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു.കൈരളി ചാനലില്‍ പ്രോഗ്രാം എഡിറ്ററായി ദീര്‍ഘ കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ഡോ :സൗമ്യ.മക്കള്‍:ഗൗതം ആര്‍ തേജസ്,ഗൗരി ലക്ഷ്മി. മാതാവ്: വി കല്യാണി.സഹോദരി:പി പി റീജ.(സ്റ്റാഫ് നഴ്‌സ് കോഴിക്കോട് മെഡി: കോളേജ്).

ചെനക്കലങ്ങാടി ചീനിക്കാരി വടക്കെ പുരക്കല്‍ വി.പി.ഉണ്ണി ബംഗളൂരുവിലെ ജോലി സ്ഥലത്ത് നിന്ന് ന്യൂമോണിയ ബാധിച്ച് വന്ന ശേഷം മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഒരാഴ്ച്ചയായി ചികില്‍സയിലായിരുന്നു. ഭാര്യ. ശോഭന. മക്കള്‍: വിഷ്ണു, അശ്വതി. മരുമകന്‍: അഭിലാഷ്.

 

മലപ്പുറം ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍
സ്വീകരിച്ചവര്‍ 4,72,337 പേര്‍

മലപ്പുറം ജില്ലയില്‍ ഇതുവരെ 4,72,337 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 4,24,971 പേര്‍ക്ക് ഒന്നാം ഡോസും 47,406 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. ജില്ലയില്‍ ഇതുവരെ 37,891 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധ മരുന്നിന്റെ ഒന്നാം ഡോസും 22,430 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണ് പോരാളികളില്‍ 13,287 പേര്‍ക്ക് ഒന്നാം ഡോസും 9,657 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉ ദ്യോഗസ്ഥരില്‍ 33,482 പേര്‍ ആദ്യ ഘട്ട വാക്സിനും 6,099 പേര്‍ രണ്ടാം വാക്സിനും സ്വീകരിച്ചു. 45 വയസിനു മുകളില്‍ പ്രായമുള്ള 3,40,311 പേര്‍ ആദ്യഘട്ട വാക്സിനും 9,310 പേര്‍ രണ്ടാം ഘട്ട വാക്സിനുമാണ് സ്വീകരിച്ചിരിക്കുന്നത്.

Sharing is caring!