തിരൂര്‍ക്കാട് ജിംനേഷ്യത്തില്‍വെച്ച് സഹോദരങ്ങളെ വെട്ടിയ ആറുപേര്‍ അറസ്റ്റില്‍

മലപ്പുറം: തിരൂര്‍ക്കാട് ജിംനേഷ്യത്തില്‍ വെച്ച് പട്ടിക്കാട് സ്വദേശി അഫ്സല്‍, സഹോദരന്‍ ഷെഫീഖ് എന്നിവരെ മാരകായുധങ്ങള്‍ കൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ ആറംഗസംഘത്തെ മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത്ദാസ് ഐ.പി.എസിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി കെ.എം.ദേവസ്യ, മങ്കട ഇന്‍സ്പെക്ടര്‍ എന്‍.പ്രജീഷ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
തിരൂര്‍ക്കാട് നെല്ലിപ്പറമ്പ് സ്വദേശി പുതിയങ്ങാടി അസ്ബാഹ് എന്ന കുട്ടാപ്പു (26), വലമ്പൂര്‍ സ്വദേശികളായ കലംപറമ്പില്‍ മുഹമ്മദ് മുര്‍ഷിദ് (25), പണിക്കര്‍കുന്നില്‍ മുഹമ്മദ് ആദില്‍(23), അങ്ങാടിപ്പുറം പുത്തനങ്ങാടി വൈലോങ്ങര സ്വദേശികളായ ആലിക്കല്‍ ആസിഫ് (27), ആലിക്കല്‍ മുഹമ്മദ് നിസാര്‍ (29), തച്ചുപറമ്പന്‍ മുഹമ്മദ് ആഷിഖ് (25) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഫെബ്രുവരി 2 ന് രാത്രി ഒമ്പതരയോടെയാണ് കേസിനാസ്പദമായ സംഭവം. തിരൂര്‍ക്കാട് ജിംനേഷ്യത്തില്‍ കളിച്ചു കൊണ്ടിരുന്ന യുവാവിനേയും സുഹൃത്തിനേയും പ്രതികള്‍ മുന്‍ വൈരാഗ്യം വച്ച് വടിവാളുകൊണ്ടും ഇരുമ്പ് പൈപ്പ് കൊണ്ടും അടിച്ചും വെട്ടിയും മാരകമായി പരിക്കേല്‍പ്പിച്ചതിന് മങ്കട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് കേസിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പരാതിക്കാരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും പ്രതികളെ തിരിച്ചറിഞ്ഞു. സംഭവശേഷം രാത്രിയില്‍ തന്നെ ബാംഗ്ളൂരില്‍ ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. തുടര്‍ന്ന് പ്രതികള്‍ നാട്ടിലെ ത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മുഖ്യപ്രതി അസ്ബാഹ് എന്ന കുട്ടാപ്പുവിനെ കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് മറ്റു പ്രതികളെകുറിച്ച് വിവരം ലഭിക്കുകയും അഞ്ച് പ്രതികളേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികളുടെ പേരില്‍ പെരിന്തല്‍മണ്ണ, മങ്കട, കൊളത്തൂര്‍ പോലീസ് സ്റ്റേഷനുകളില്‍ സമാന രീതിയിലുള്ള നിരവധി കേസുകള്‍ നിലവിലുള്ളതായും സ്ഥിരമായി ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരായതുകൊണ്ട് പ്രതികളുടെ പേരില്‍ ഗുണ്ടാ ആക്ട് പ്രകാരമുള്ള നടപടികള്‍ കൂടി സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഇന്‍സ്പെക്ടര്‍ എന്‍.പ്രജീഷ് അറിയിച്ചു. പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസിന്റെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി കെ.എം.ദേവസ്യ, ഇന്‍സ്പെക്ടര്‍ എന്‍.പ്രജീഷ്, എ.എസ്.ഐ ഷാഹുല്‍ ഹമീദ്, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി.മുരളീധരന്‍, എന്‍.ടി.കൃഷ്ണകുമാര്‍, എം.മനോജ്കുമാര്‍, പ്രശാന്ത് പയ്യനാട്, വിനോദ്, സീനിയര്‍ വനിതാ സി.പി.ഒമാരായ ജയമണി, ബിന്ദു, സൈബര്‍സെല്‍ ഉദ്യോഗസ്ഥരായ ബിജു, പ്രഷോബ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കേസില്‍ തുടരന്വേഷണം നടത്തുന്നത്.

 

Sharing is caring!