മലപ്പുറത്ത് വിപണിയിലുള്ളത് ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം മാത്രം

പൊന്നാനി:പൊന്നാനി കൊല്ലന്‍ പടിയിലെ മത്സ്യ മാര്‍ക്കറ്റില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗവും, നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ റെയ്ഡില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യങ്ങള്‍ പിടികൂടി. കൊല്ലന്‍ പടിയിലെ മൂന്ന് സ്റ്റാളുകളില്‍ നിന്നായി 300 കിലോയോളം മത്സ്യമാണ് പിടികൂടിയത്.റമദാനിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യങ്ങള്‍ യഥേഷ്ടം പിടികൂടിയത്. ഫോര്‍മാലിന്‍ ചേര്‍ത്ത മത്തി, കണവ, ഏട്ട,ആവോലി, തളയാന്‍, ഒമാന്‍ മത്തി എന്നീ മത്സ്യങ്ങളാണ് പിടികൂടിയത്.മാര്‍ക്കറ്റിലെ സ്റ്റാളുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ മൊബൈല്‍ പരിശോധന കേന്ദ്രത്തിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യങ്ങള്‍ കണ്ടെത്തിയത്. അതേ സമയം പുറമെ നിന്നുള്ള മത്സ്യങ്ങള്‍ പൊന്നാനിയില്‍ വില്‍ക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനിടെയാണ് വ്യാപകമായി പുറമെ നിന്ന് ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം എത്തുന്നുണ്ട്. തിരൂര്‍, കുന്നംകുളം മാര്‍ക്കറ്റുകളില്‍ നിന്നാണ് പൊന്നാനിയിലെ പ്രാദേശിക മീന്‍ മാര്‍ക്കറ്റിലേക്ക് ധാളമായി മീന്‍ എത്തുന്നത്. ഇത്തരം മാര്‍ക്കറ്റുകളില്‍ നിന്നും കൊണ്ടുവരുന്ന മത്സ്യങ്ങളില്‍ ഫോര്‍മാലിന്റെ അളവ് കൂടുതലാണെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനാല്‍ ഇത്തരം മൊത്ത മാര്‍ക്കറ്റുകളിലും പരിശോധന നടത്താന്‍ വിവരം നല്‍കുമെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം ഓഫീസര്‍ യു.എം ദീപ്തി പറഞ്ഞു.ചെറുവള്ളങ്ങള്‍ പിടിക്കുന്ന മത്സ്യങ്ങള്‍ക്കൊപ്പം പുറമെ നിന്നും കൊണ്ടുവരുന്ന മീന്‍ കൂട്ടിച്ചേര്‍ത്താണ് വിപണിയില്‍ വില്‍ക്കുന്നതെന്നാണ് ആരോഗ്യ വിഭാഗത്തിനും, പൊലീസിനും ലഭിച്ച വിവരം. പുതിയ മത്സ്യങ്ങള്‍ക്കിടയില്‍ പഴയ മീന്‍ കൂടി ഇടകലര്‍ത്തി വില്‍ക്കുന്നതും വര്‍ധിച്ചിട്ടുണ്ട്. കൂടാതെ പാക്കറ്റുകളിലാക്കി ഇറക്കുമതി ചെയ്യുന്ന മത്സ്യങ്ങളുടെ വിപണനവും സജീവമായിട്ടുണ്ട്.പിടികൂടിയ മത്സ്യങ്ങള്‍ പൊന്നാനി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നശിപ്പിച്ചു. പരിശോധനയ്ക്ക് ഭക്ഷ്യ സുരക്ഷാ വിഭാഗം ഓഫീസര്‍ യു.എം ദീപ്തി, പൊന്നാനി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്വാമിനാഥന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുനില്‍കുമാര്‍, മുഹമ്മദ് ഹുസൈന്‍,ഭക്ഷ്യ സുരക്ഷാ വിഭാഗം ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ടര്‍മാരായ റംഷാദ്, അഫ്‌സല്‍ റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി

Sharing is caring!