മലപ്പുറത്തെ വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും രാത്രി ഒമ്പത് വരെ മാത്രം

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാത്രികാല കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ രാത്രി ഒമ്പതിന് തന്നെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. രോഗ തീവ്രത കുറക്കുന്നതിന്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത വ്യാപാരി-വ്യവസായി സംഘടന പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കലക്ടര്‍.

ഹോട്ടലുകളും റസ്റ്റോറന്റുകളും എട്ട് മണിയോടെ ഭക്ഷണം വിളമ്പുന്നത് അവസാനിപ്പിക്കണം. എട്ടുമണിക്ക് ശേഷം പാഴ്‌സല്‍ മാത്രം നല്‍കിയാല്‍ മാത്രമേ തിരക്ക് കുറയ്ക്കാനാവൂ. വ്യാപാര സ്ഥാപനങ്ങളില്‍ സാമൂഹ്യ അകലം കൃത്യമായി പാലിക്കണം. മാസ്‌ക് ധരിക്കാത്തവര്‍ക്ക് സാധനങ്ങള്‍ നല്‍കുന്നില്ലെന്ന് വ്യാപാരികള്‍ ഉറപ്പാക്കണം. കടകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് കടയുടമകളുടെ ഉത്തരവാദിത്തമാണെന്നും കലക്ടര്‍ ഓര്‍മിപ്പിച്ചു. രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുമായി എല്ലാവിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് കലക്ടര്‍ പറഞ്ഞു. ജി.എസ്.ടി ജോയിന്റ് കമ്മീഷണര്‍ സി.പി. സിനി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് പി. കുഞ്ഞാപ്പു ഹാജി, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്ടറി ഹംസ പുല്ലാട്ടില്‍, പ്രസിഡന്റ് കെ. സുബ്രഹ്മണ്യന്‍, ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് സി.എച്ച് അബ്ദുസമദ്, മലപ്പുറം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ.വി അന്‍വര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Sharing is caring!