വോട്ടെണ്ണലിന് ജില്ലയില്‍ 3716 ഉദ്യോഗസ്ഥര്‍: പരിശീലനം 22ന് തുടങ്ങും

വോട്ടെണ്ണലിന് ജില്ലയില്‍ 3716 ഉദ്യോഗസ്ഥര്‍: പരിശീലനം 22ന് തുടങ്ങും

പൊതുതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന് ജില്ലയില്‍ നിയമിതരായത് 3716 ഉദ്യോഗസ്ഥര്‍. 1186 മൈക്രോ ഒബ്‌സര്‍വര്‍മാര്‍, 1628 കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, 902 അസിസ്റ്റന്റ് കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍ ചുമതല. ജില്ലയിലെ 16 നിയമസഭ മണ്ഡലങ്ങളിലും ഓരോ വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ഇവിടങ്ങളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ കൗണ്ടിങിന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഒരു ടേബിളില്‍ മൂന്ന് ഉദ്യോഗസ്ഥരുണ്ടാകും. സൈനികരുടെ തപാല്‍ വോട്ടെണ്ണുന്നതിന് മൈക്രോ ഒബ്‌സര്‍വര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, എന്നിവര്‍ക്ക് പുറമെ രണ്ട് അസിസ്റ്റന്റ് കൗണ്ടിങ് സൂപ്പര്‍വൈസര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്. നിയമസഭ മണ്ഡലങ്ങളില്‍ വോട്ടെണ്ണുന്നതിനൊപ്പം മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ ഇവിഎമ്മില്‍ രേഖപ്പെടുത്തിയ വോട്ടുകളും എണ്ണും.അതേസമയം ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലെ തപാല്‍ വോട്ടുകള്‍ മൈക്രോ ഒബ്‌സര്‍വര്‍മാര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍ എന്നിവരുടെ നേത്യത്വത്തില്‍  മലപ്പുറം കലക്ട്രേറ്റിലാണ് എണ്ണുക. വോട്ടെണ്ണല്‍ ചുമതലയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ 22ന് കേന്ദ്രീകൃത പരിശീലനം തുടങ്ങും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലാ പ്ലാനിങ് സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാള്‍, മലപ്പുറം ടൗണ്‍ഹാള്‍, കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളിലാണ് പരിശീലനം. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ 54 ഉദ്യോഗസ്ഥര്‍ക്കും മറ്റിടങ്ങളില്‍ 75 ഉദ്യോഗസ്ഥര്‍ക്കും ഒരേ സമയം പരിശീലന ക്ലാസ് നല്‍കുന്ന വിധത്തിലാണ് ക്രമീകരണമെന്ന് തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിന് മേല്‍നോട്ട ചുമതലയുള്ള നോഡല്‍ ഓഫീസര്‍  സജി എഫ് മെന്‍ഡിസ് പറഞ്ഞു. പകല്‍ 10 മുതല്‍ 11.15 വരെയും 11.30 മുതല്‍ 12.45 വരെയുമാണ് രാവിലത്തെ സെഷന്‍. ഉച്ചയ്ക്ക് രണ്ടു മുതല്‍ 3.15 വരെയും 3.30 മുതല്‍ 4.45 വരെയും തുടര്‍ന്നും പരിശീലനം നല്‍കും. ആദ്യ ഘട്ട പരിശീലനം ഏപ്രില്‍ 22 മുതല്‍ 26 വരെയാണ്. രണ്ടാംഘട്ട പരിശീലനം ഏപ്രില്‍ 27 നും തുടങ്ങും.

Sharing is caring!