കേരളത്തില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റി രൂപീകരിച്ച സാമൂഹ്യപ്രവര്‍ത്തകന്‍ ഡോ. കെ.അബ്ദുറഹിമാന്‍ (73) അന്തരിച്ചു

അരീക്കോട്: കേരളത്തില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റിക്ക് തുടക്കമിട്ട സാമൂഹ്യപ്രവര്‍ത്തകന്‍ ഡോ. കെ.അബ്ദുറഹിമാന്‍ (73) നിര്യാതനായി. 1996ല്‍ മഞ്ചേരിയില്‍ കേരളത്തിലെ ആദ്യ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് രൂപമേകിയത് കെ.അബ്ദുറഹിമാന്റെ നേതൃത്വത്തിലായിരുന്നു. തുടര്‍ന്നു ആദ്യം മലപ്പുറം ജില്ലയിലും പിന്നീട് കേരളത്തിന്റെ വിവിധ ജില്ലകളിലേക്കും വ്യാപിപ്പിച്ചത് സര്‍ക്കാര്‍ ഇടപെടലിലൂടെയായി.
കെ.എന്‍.എം മര്‍ക്കസുദ്ദഅ്വ ട്രഷറര്‍, കോഴിക്കോട് കെയര്‍ ഹോം ചെയര്‍മാന്‍, പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റി, നിച്ച് ഓഫ് ട്രൂത്ത്, ഐ.എം.ബി, മഞ്ചേരി ഇസ്ലാഹി ക്യാമ്പസ്, നോബിള്‍ പബ്ലിക് സ്‌കൂള്‍, എയ്‌സ് പബ്ലിക് സ്‌കൂള്‍, ഗുഡ് ഡീഡ്‌സ് ട്രസ്റ്റ് എന്നിവയുടെ സ്ഥാപകനുമായിരുന്നു. പാലക്കാട്, തിരൂര്‍, മഞ്ചേരി സര്‍ക്കാര്‍ ആശുപത്രികളിലും തുടര്‍ന്ന് ദീര്‍ഘകാലം മഞ്ചേരി കൊരമ്പയില്‍ ഹോസ്പിറ്റലിലും കോഴിക്കോട് മിംസ്, മെയ്ത്ര ഹോസ്പിറ്റലുകളിലും സീനിയര്‍ ഫിസിഷ്യനായി സേവനമനുഷ്ഠിച്ചു. ഖബറടക്കം ഇന്നലെ വൈകിട്ടോടെ അരീക്കോട് താഴത്തങ്ങാടി വലിയ ജുമാമസ്ജിദില്‍ നടന്നു. ഫൗസിയയാണ് ഭാര്യ. ഡോ.ഷിഫ (എം.ഇ.എസ്. മെഡിക്കല്‍ കേളേജ് പെരിന്തല്‍മണ്ണ), ഡോ. നഷ (മസ്‌കറ്റ്), ഷഹീര്‍ (ജര്‍മനി), നിഷാന്‍ (എറണാകുളം ) എന്നിവര്‍ മക്കളാണ്. മരുമക്കള്‍: പരേതനായ ഡോ.ഷെയ്ഖ് കുറ്റിപ്പുറം, ഷഹ്ബാസ് (ഒമാന്‍), നബീല്‍ (എറണാകുളം), അമീന.

 

Sharing is caring!