നേതാക്കളുടെ വീടിന് നേരെ ആക്രമണം; പോലീസ് അനാസ്ഥ നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കും: പോപുലര്‍ ഫ്രണ്ട്

മലപ്പുറം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഉന്നത നേതാക്കളുടെ വീടിന് നേരെയുണ്ടായ ആക്രമണങ്ങളില്‍ അന്വേഷണം നടത്തുന്നതില്‍ പോലിസ് തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പോലിസ് തുടരുന്ന കുറ്റകരമായ മൗനം നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കും.
കഴിഞ്ഞ രാത്രിയിലാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീറിന്റെ തിരുന്നാവായയിലുള്ള വീടിന് നേരെ ആക്രമണമുണ്ടായത്. വാഹനത്തിലെത്തിയ സംഘം വീടിനു നേരെ സ്‌ഫോടക വസ്തുക്കള്‍ എറിയുകയായിരുന്നു. അസൂത്രിതമായ ആക്രമണമാണ് നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

കഴിഞ്ഞ മാര്‍ച്ച് 11ന് രാത്രി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരത്തിന്റെ വീടിന് നേരെയും സമാന രീതിയില്‍ ആക്രമണമുണ്ടായിരുന്നു. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വീട്ടില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കുറച്ചു ദിവസങ്ങളായി അദ്ദേഹവും കുടുംബവും അവിടെയല്ല താമസിച്ചിരുന്നത്. ആളില്ലാത്ത സമയം ഉറപ്പുവരുത്തിയാണ് അജ്ഞാതസംഘം വീടിനു നേരെ ആക്രമണം നടത്തിയത്. ഈ രണ്ട് സംഭവങ്ങളും ഏറെ ഗൗരവതരമായ വിഷയമാണ്. കൃത്യമായ ഗുഢാലോചന ഇതിനു പിന്നിലുണ്ടെന്ന് വ്യക്തമാണ്. ആക്രമണങ്ങള്‍ക്ക് പിന്നിലുള്ള വസ്തുത പോലിസ് പുറത്തു കൊണ്ടുവരണം.

നിര്‍ഭാഗ്യവശാല്‍ പോലിസിന്റെ ഭാഗത്തുനിന്നുള്ള സമീപനം അക്രമികള്‍ക്ക് കുട പിടിക്കുന്ന തരത്തിലുള്ളതാണ്. അക്രമികള്‍ക്ക് വളരാനും നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനും മൗനാനുവാദം നല്‍കുകയാണ് പോലിസ്. സംഭവത്തില്‍ മലപ്പുറം എസ്പി മുതല്‍ സിഐ വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. അക്രമികളെ കണ്ടെത്താന്‍ ആധുനിക സംവിധാനങ്ങളുണ്ടായിട്ടും പോലിസ് അതിന് യാതൊരു ശ്രമവും നടത്താതെ പ്രതികളെ രക്ഷപെടാന്‍ അനുവദിക്കുകയും അതുവഴി വീണ്ടും അക്രമണത്തിന് പ്രേരണ നല്‍കുകയുമാണ് ചെയ്യുന്നത്.

മുമ്പ് ദേശീയ സെക്രട്ടറിയുടെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ ഗൗരവതരമായ നടപടി ഉണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവം ആവര്‍ത്തിക്കില്ലായിരുന്നു. ഒരു സംഘടനയുടെ ഉന്നത നേതാക്കളുടെ വീടുകള്‍ക്ക് നേരെ നടന്ന ആക്രമണം നിസാരമായി തള്ളിക്കളയാനാവില്ല. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമം ഇതിനു പിന്നിലുണ്ടെന്ന് പോപുലര്‍ ഫ്രണ്ട് മനസ്സിലാക്കുന്നു. ഈ സാഹചര്യത്തില്‍ കുറ്റക്കാരായ അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം കേവലമായ പ്രതിഷേധങ്ങള്‍ നടത്തി വിഷയത്തില്‍ നിന്നും പോപുലര്‍ ഫ്രണ്ട് പിന്‍മാറുമെന്ന് കരുതേണ്ടതില്ല. പ്രതികളെ പിടികൂടും വരെ അതിശക്തമായ പ്രക്ഷോഭങ്ങളുമായി പോപുലര്‍ ഫ്രണ്ട് മുന്നോട്ടുപോകും. നിയമം കൈയ്യിലെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള സമീപനമാണ് പോലിസിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. മലപ്പുറം എസ്പി മുതല്‍ താഴോട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് അതില്‍ ഉത്തരവാദിത്വമുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. ആക്രമണത്തിനെതിരേ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സി അബ്ദുല്‍ ഹമീദ് (സംസ്ഥാന വൈസ് പ്രസിഡന്റ്), പി പി റഫീഖ് (സംസ്ഥാന സെക്രട്ടറി), പി മൊയ്തീന്‍ കുട്ടി (സോണല്‍ സെക്രട്ടറി) പങ്കെടുത്തു.

Sharing is caring!