മലപ്പുറം ജില്ലയില്‍ കോവിഡ് മെഗാ ടെസ്റ്റിങ് ഡ്രൈവ്

മലപ്പുറം ജില്ലയില്‍ കോവിഡ് മെഗാ ടെസ്റ്റിങ് ഡ്രൈവ്

കോവിഡ് വ്യാപനം തടയുന്നതിനായി ജില്ലയില്‍ ഇന്നും നാളെയും (ഏപ്രില്‍ 16, 17) കോവിഡ് മെഗാ ടെസ്റ്റിങ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. ഇന്നും നാളെയുമായി ദിവസം 14000 പേര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തുന്നതിന് ജില്ലയില്‍ സൗകര്യവുമൊരുക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും, തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും കോവിഡ് പരിശോധന നടത്താനുള്ള സൗകര്യം ഈ ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് ഡി.എം.ഒ അറിയിച്ചു.
കോവിഡ് വ്യാപനം തടയുന്നതില്‍ ഏറ്റവും പ്രാധാന്യമുള്ള കാര്യമാണ് കോവിഡ് പരിശോധന നടത്തി രോഗമില്ല എന്നുറപ്പ് വരുത്തുന്നത്. യാതൊരു രോഗലക്ഷണങ്ങളും ഇല്ലാതെ കോവിഡ് രോഗ ബാധ ഉണ്ടാകും എന്നത് രോഗ പ്പകര്‍ച്ചയ്ക്ക് കൂടുതല്‍ വഴിവെക്കും. കോവിഡിന്റെ രണ്ടാം തരംഗം കൂടുതല്‍ രൂക്ഷവും അപകടകരവും ആണ്. രോഗികള്‍ ഗുരുതരാവസ്ഥയിലാകുന്നതിനും മരണം കൂടുതല്‍ സംഭവിക്കുന്നതിനും രണ്ടാം തരംഗത്തില്‍ സാധ്യത ഏറെയാണ്. അതിനാല്‍ രോഗം നേരത്തെ കണ്ടുപിടിക്കുക എന്നത് വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നു. മാത്രമല്ല രോഗം നേരത്തെ തന്നെ കണ്ടുപിടിക്കുന്നത് വഴി ഗുരുതരം ആകാതെ സൂക്ഷിക്കുന്നതിനും സാധിക്കും. രോഗബാധിതരെ ഐസൊലേറ്റ് ചെയ്യുകവഴി രോഗപ്പകര്‍ച്ച തടയുന്നതിനും സാധിക്കും. രോഗലക്ഷണങ്ങളില്ലാതെ പോസിറ്റീവാകുന്നവരെയും ചെറിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെയും വീടുകളില്‍ തന്നെ നിര്‍ത്തി ആവശ്യമായ ചികിത്സ നല്‍കുന്നതിനും സാധിക്കും.
കോവിഡ് -19 രോഗ ലക്ഷണങ്ങളുള്ളവര്‍, കോവിഡ് -19 രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍, പൊതുജനങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ള 45 വയസ്സിനു താഴെ പ്രായമുള്ള ഓട്ടോ ടാക്സി, ബസ് ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, കളക്ഷന്‍ ഏജന്റുമാര്‍, കടകളിലും മാളുകളിലും ജോലി ചെയ്യുന്നവര്‍, ട്രോമ കെയര്‍ വളണ്ടിയര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, കോവിഡ് -19 വാക്‌സിനേഷനെടുക്കാത്ത 45 വയസ്സിന് മുകളിലുള്ളവര്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍, ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന എല്ലാ രോഗികളും, കൂട്ടിരിപ്പിന് പോയവര്‍ എന്നിവര്‍ പരിശോധന കേന്ദ്രങ്ങളിലെത്തി കോവിഡ്പരിശോധനക്ക് വിധേയരാവണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കോവിഡ് ടെസ്റ്റിന് വിധേയരാകണം

കോവിഡ് രോഗ വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രോഗബാധിതരെയും രോഗ ഉറവിടവും കണ്ടെത്തുന്നതിനായി രോഗനിര്‍ണയ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും കോവിഡ് ടെസ്റ്റിന് വിധേയരാകണമെന്ന് ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

Sharing is caring!