കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത 50പവന്‍ സ്വര്‍ണവും വിദേശ കറന്‍സിയും തിരികെ നല്‍കി

കോഴിക്കോട്: കെ.എം ഷാജിയെ വിജിലന്‍സ് വെള്ളിയാഴ്ച ചോദ്യം ചെയ്യും. ഇതിനുള്ള നോട്ടീസ് വിജിലന്‍സ് ഷാജിക്ക് കൈമാറി. വീട്ടില്‍ നിന്ന് കണ്ടെടുത്ത പണത്തിന്റെയും സ്വര്‍ണത്തിന്റെയും ഉറവിടം, കണ്ടെടുത്ത രേഖകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് വിജിലന്‍സ് ശേഖരിക്കുക. കോഴിക്കോട് വിജിലന്‍സ് എസ് പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു ഏപ്രില്‍ 13ന് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരേയും വീടുകളില്‍ പരിശോധന നടത്തിയത്.
ചോദ്യം ചെയ്യലുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ഷാജി നേരത്തെ പറഞ്ഞിരുന്നു.
അതേ സമയം റെയ്ഡിന്റെ അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
ഷാജിയുടെ വീട്ടില്‍ നിന്ന് 47.35 ലക്ഷം രൂപ കണ്ടെത്തിയെന്നാണ് കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടൊപ്പം 77 രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു.
ഷാജിയുടെ വീട്ടില്‍ നിന്നു കണ്ടെടുത്ത 50 പവന്‍ സ്വര്‍ണവും വിദേശ കറന്‍സിയും വിജിലന്‍സ് സംഘം തിരികെ നല്‍കി. ഇതില്‍ അസ്വാഭാവികതയില്ലെന്ന കണ്ടെത്തെലിനെ തുടര്‍ന്നാണ് ഇവ തിരികെ നല്‍കിയത്. വിദേശകറസി മക്കളുടെ ശേഖരമാണെന്ന് കെ.എം. ഷാജിയും നേരത്തെ പറഞ്ഞിരുന്നു.

Sharing is caring!