നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.വി.പ്രകാശ് ബി.ജെ.പിയുമായി രഹസ്യധാരണയുണ്ടാക്കിയെന്ന് പി.വി.അന്‍വര്‍ എം.എല്‍.എ

മലപ്പുറം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ഭാഗമായി ഒത്തുതീര്‍പ്പ് ഫോര്‍മുലയായി നല്‍കിയ ഡി.സി.സി പ്രസിഡന്റ് സ്ഥാനം മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് മാറ്റിയെന്ന വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ആര്യാടന്‍ ഷൗക്കത്ത്. പദവികളുടെ പടിവാതിലടച്ച് പുറത്തുനിര്‍ത്തിയാലും മതാത്മക രാഷ്ട്രീയത്തിന് മുന്നില്‍ മുട്ടിലിഴയാനില്ലെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷൗക്കത്ത് വ്യക്തമാക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ കാലുവാരി പരാജയപ്പെടുത്തിയതടക്കം ധ്വനിപ്പിക്കുന്നുണ്ട് ആര്യാടന്‍ ഷൗക്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ആര്യാടന്‍ ഷൗക്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
” പിന്നില്‍ നിന്നും കഠാരയിറക്കി കീഴ്‌പ്പെടുത്തി കഴിവുകെട്ട യോദ്ധാവെന്ന് മുദ്രകുത്താം. പദവികളുടെ പടിവാതിലടച്ച് പുറത്തുനിര്‍ത്താം. പദവികള്‍ക്ക് വേണ്ടി മതേതരമൂല്യങ്ങള്‍ പണയംവെച്ച് മതാത്മകരാഷ്ട്രീയത്തിന്റെ ഉപജാപങ്ങള്‍ക്ക് മുന്നില്‍ മുട്ടിലിഴയുന്നവര്‍ അറിയുക ഇനിയും ഒരുപാട് തോറ്റാലും ശരി നാടിന്റെ മോചനം സാധ്യമാക്കിയ ദേശീയ കുലത്തിന്റെ ആത്മാഭിമാനം കളങ്കപ്പെടുത്തി ആരുടെ മുന്നിലും കീഴ്‌പ്പെടാനില്ല. ഇനിയും നടക്കാനേറെയുണ്ട്. ഒട്ടേറെ സൂര്യോദയങ്ങള്‍ കാണാനുണ്ട്”.
മുസ്ലിം ലീഗിന്റെ വിഭജന രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടെടുത്ത് ലീഗിന്റെ വിദ്വേഷവും അക്രമങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന മുന്‍ കെ.പി.സി.സി പ്രസിഡന്റും കോണ്‍ഗ്രസിലെ മതേതരവാദികളായ ദേശീയ മുസ്ലീം ധാരയുടെ നേതൃത്വവും വഹിച്ച മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ വാക്കുകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഷൗക്കത്തിന്റെ പോസ്റ്റ്.

ആയിരം വട്ടം തോല്‍ക്കേണ്ടി വന്നാലും അബ്ദുറഹിമാന്‍ മതേതരത്വത്തിനും നീതിക്കുമൊപ്പം നില്‍ക്കുമെന്നാണ് അബ്ദുറഹിമാന്‍ സാഹിബ് പ്രഖ്യാപിച്ചത്.കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അബ്ദുറഹിമാന്‍ സാഹിബ് ഉയര്‍ത്തിപ്പിടിച്ച ദേശീയ മുസ്ലിം ചിന്താധാരയിലൂടെയാണ് ആര്യാടന്‍ മുഹമ്മദും ആര്യാടന്‍ ഷൗക്കത്തും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത്.
ഷൗക്കത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഉയര്‍ത്തികാട്ടി നിലമ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബി.ജെ.പി നേതൃത്വവുമായി രണ്ടു വട്ടം ചര്‍ച്ച നടത്തി വോട്ടുകച്ചവടം നടത്തിയെന്ന ഗുരുതരമായ ആരോപണം പി.വി അന്‍വര്‍ എം.എല്‍.എ ഉയര്‍ത്തിയിട്ടുണ്ട്. അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം.
‘പദവികള്‍ക്ക് വേണ്ടി മതേതര മൂല്യങ്ങള്‍ പണയം വച്ച്,മതാത്മക രാഷ്ട്രീയത്തിന്റെ മുന്നില്‍ മുട്ടില്‍ ഇഴയുന്നവര്‍’..
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും നിലവില്‍ മലപ്പുറം ഡി.സി.സി പ്രസിഡന്റുമായ വ്യക്തിയെകുറിച്ച്,അല്‍പ്പം മുന്‍പ് കെ.പി.സി.സി അംഗവും കഴിഞ്ഞ തവണത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ആര്യാടന്‍ ഷൗക്കത്ത് അദ്ദേഹത്തിന്റെ സ്വന്തം ഫേസ് ബുക്ക് പേജില്‍ കുറിച്ച വാക്കുകളാണിത്..
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബി.ജെ.പിയുമായി നടത്തിയ കൂട്ടുകച്ചവടത്തിന്റെ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നു.മണ്ഡലത്തിലെ പ്രമുഖ ബി.ജെ.പി നേതാവിന്റെ വീട്ടില്‍ വച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ബി.ജെ.പി നേതൃത്വവും രണ്ട് തവണ നേരിട്ട് ചര്‍ച്ചയും നടത്തിയിരുന്നു.
ഈ വിവരങ്ങള്‍ അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്
,ബി.ജെ.പി ഉള്‍പ്പെടെയുള്ള ഒരു വര്‍ഗ്ഗീയ കക്ഷികളുടെയും വോട്ട് എനിക്ക് ആവശ്യമില്ല എന്ന് പരസ്യമായി പ്രഖ്യാപിച്ചതും,യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കും ഇങ്ങനെ പരസ്യമായി പറയാന്‍ തന്റേടമുണ്ടോ എന്ന് വെല്ലുവിളിച്ചതും.എന്നാല്‍ ഇന്ന് വരെ ഈ വിഷയത്തില്‍ ഡി.സി.സി പ്രസിഡന്റ് കൂടിയായ എതിര്‍ സ്ഥാനാര്‍ത്ഥി ഒരക്ഷരം മിണ്ടിയിട്ടില്ല.
നിലമ്പൂരില്‍ കൃത്യമായ വോട്ട് കച്ചവടം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ബി.ജെ.പിയും തമ്മില്‍ നടത്തിയിട്ടുണ്ട്.അത് ആര്യാടന്‍ ഷൗക്കത്തിന്റെ വാക്കുകളില്‍ കൂടി ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.
ഏതൊക്കെ വര്‍ഗ്ഗീയ ശക്തികളുമായി സന്ധി ചെയ്തിട്ടും കാര്യമില്ല.ഈ കൂട്ടുകെട്ടുകളെ നിലമ്പൂരിലെ ജനത പോളിംഗ് ബൂത്തിലെത്തി,തകര്‍ത്ത് തരിപ്പണമാക്കിയിട്ടുണ്ട്.ഈ നാടിനൊരു മതേതര മുഖമുണ്ട്.അത് ഉടന്‍ തന്നെ നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ബോധ്യപ്പെടും.
മതേതര മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ഒരു ദേശീയ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസിന്റെ ഡി.സി.സി പ്രസിഡന്റിന്റെ വര്‍ഗ്ഗീയതയുടെ കപടമുഖം ചര്‍ച്ച ചെയ്യപ്പെടണം.അതിന് വേണ്ടിയാണ് ഈ പോസ്റ്റ്.കാരണമായത് കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റാണെന്നതും യാദൃശ്ചികം.
മറുപടി പറയേണ്ടത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വമാണ്.കാരണം ഈ വര്‍ഗ്ഗീയ കൂട്ടുകെട്ടിനെ കുറിച്ച് പരസ്യമായി പറഞ്ഞത് പി.വി.അന്‍വര്‍ മാത്രമല്ല.ഞാന്‍ പറഞ്ഞതിനെ സാധൂകരിക്കുന്ന ആരോപണങ്ങള്‍ ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത് കെ.പി.സി.സി അംഗം കൂടിയായ ആര്യാടന്‍ ഷൗക്കത്താണ്.
ബി.ജെ.പിയില്‍ ചേരുമെന്ന ഭീഷണി മുഴക്കി സ്ഥാനാര്‍ത്ഥിയായി,സ്വന്തം അണികളെയും പ്രസ്ഥാനത്തെയും വര്‍ഗ്ഗീയതയുടെ കൂടാരത്തില്‍ കൊണ്ട് കെട്ടിയ ഇയാളെയൊക്കെ ജനം തിരിച്ചറിയുക തന്നെ ചെയ്യും”..

ആര്യാടന്‍ ഷൗക്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പി.വി അന്‍വര്‍ ഏറ്റുപിടിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വം ഇതിന് മറുപടി നല്‍കേണ്ട പ്രതിസന്ധിയിലാണ്.
നിലമ്പൂര്‍ സീറ്റിലേക്ക് തര്‍ക്കം ഉയര്‍ന്നപ്പോള്‍ വി.വി പ്രകാശിന് സീറ്റും ആര്യാടന്‍ ഷൗക്കത്തിന് ഡി.സി.സി പ്രസിഡന്റ് സ്ഥാനവുമെന്ന ഫോര്‍മുലയാണ് കെ.പി.സി.സി നേതൃത്വം തയ്യാറാക്കിയത്. ഹൈക്കമാന്റ് അനുമതിയോടെ തന്നെ ഇത് പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍ മുസ്ലിം ലീഗ് സമ്മര്‍ദ്ദം ചെലുത്തിയതോടെ ആര്യാടന്‍ ഷൗക്കത്ത് ഡി.സി.സി പ്രസിഡന്റായി ചുമതലയേറ്റ് 20 ദിവസം പിന്നിടുമ്പോള്‍ തന്നെ ഷൗക്കത്തിനെ മാറ്റി പകരം പ്രകാശ് ചുമതലയേല്‍പ്പിക്കുകയായിരുന്നു. മലപ്പുറത്ത് ലീഗിന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്ത് രണ്ടാം ആര്യാടന്‍ വളരുന്നതിന് വഴിയൊരുക്കേണ്ട എന്ന നിലപാടായിരുന്നു ലീഗ് നേതൃത്വത്തിന്.
വര്‍ഗീയതക്കും മതരാഷ്ട്രീയത്തിനുമെതിരെ ശക്തമായ രാഷട്രീയ നിലപാടെടുക്കുന്ന നേതാവാണ് ആര്യാടന്‍ ഷൗക്കത്തെന്ന് കോണ്‍ഗ്രിലെ ഒരു വിഭാഗം അവകാശപ്പെടുന്നു.
പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തില്‍, വിലാപങ്ങള്‍ക്കപ്പുറം എന്നീ മൂന്ന് സിനിമകളുടെ കഥാ തിരക്കഥാകൃത്താണ്. മികച്ച കഥക്കും സിനിമക്കുമുശള്ള സംസ്ഥാന, ദേശീയ പുരസ്‌ക്കാരങ്ങള്‍ക്കൊപ്പം മതവര്‍ഗീയവാദികളുടെ ശക്തമായ കടന്നാക്രമണങ്ങള്‍ക്കും ആര്യാടന്‍ ഷൗക്കത്ത് ഇരയായിരുന്നു. ഷൗക്കത്തിന്റെ നാലാമത്തെ സിനിമയായ വര്‍ത്തമാനം സംഘപരിവാര്‍ രാഷ്ട്രീയത്തെയാണ് കടന്നാക്രമിച്ചത്. ആര്യാടന്‍ ഷൗക്കത്ത് കഥയെഴുതിയിനാല്‍ സിനിമ ദേശവിരുദ്ധമാണെന്നു പറഞ്ഞ് ബി.ജെ.പി നേതാവായ സെന്‍സര്‍ബോര്‍ഡ് അംഗം പ്രദര്‍ശനാനുമതി നിഷേധിച്ചതും വിവാദമായിരുന്നു. പിന്നീട് മുബൈയിലെ സെന്‍സര്‍ബോര്‍ഡ റിവ്യൂ കമ്മിറ്റിയാണ് സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കിയത്.
സ്വാതന്ത്ര്യസമരസേനാനി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെക്കുറിച്ച് ഗവേഷണം നടത്താനായി ഡല്‍ഹിയിലേക്കു പോയ മലബാറില്‍ നിന്നുള്ള പെണ്‍കുട്ടി സമകാലീന ഇന്ത്യന്‍ സാമൂഹ്യ സാഹചര്യത്തില്‍ നേരിടേണ്ടി വന്ന പ്രയാസങ്ങളും പ്രതിസന്ധികളും പങ്കുവെക്കുന്നതായിരുന്നു വര്‍ത്തമാനം എന്ന സിനിമ. കോണ്‍ഗ്രസില്‍ മതവര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ആര്യാടന്‍ ഷൗക്കത്തിന്റെ വിമര്‍ശനം കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കുകയാണ്.

 

 

Sharing is caring!