സിമിയില്‍ തുടങ്ങി യൂത്ത് ലീഗിലൂടെ വളര്‍ന്ന് എല്‍.ഡി.എഫിലേക്കും അവസാനം മന്ത്രിയും
സിമിയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച കെ.ടി.ജലീല്‍ പിന്നീട് മുസ്ലിംലീഗിലേക്ക് ചേക്കേറി യൂത്ത്ലീഗിലൂടെയാണ് ഒരു ഒത്ത രാഷ്ട്രീയക്കാരനായി വളര്‍ന്നത്. പിന്നീട് എല്‍.ഡി.എഫിലേക്ക് ചേക്കോറുകയും മന്ത്രിയാവുകയുംചെയ്തു. പിണറായിയുടെ വിശ്വസ്തന്കൂടിയായി കരുതുന്ന ജലീല്‍ എന്നും മുസ്ലിംലീഗിന് കണ്ണിലെ കരടായിരുന്നു. വിദ്യാര്‍ത്ഥിയായിരുന്ന കാലഘട്ടം മുതല്‍ വിവിധ രാഷ്ട്രീയ പന്ഥാവുകളിലൂടെ സഞ്ചരിച്ചിട്ടുള്ള കെ ടി ജലീല്‍ എന്നും വിവാദങ്ങളുടെ തോഴന് കൂടിയായിരുന്നു.
സിമിയില്‍ പ്രവര്‍ത്തനം തുടങ്ങി പിന്നീട് എംഎസ്എഫിലൂടെയാണ് മുസ്ലിം ലീഗില്‍ എത്തിയത്. പാര്‍ട്ടിയുടെ സ്വേച്ഛാധിപത്യ ഭരണത്തില്‍ അതൃപ്തി രേഖപ്പെടുത്തി പുറത്തേക്ക് സ്വയം വഴിതുറന്ന കെ ടി ജലീല്‍ എത്തപ്പെട്ടത് ഇടതുപക്ഷത്ത്. എംഎല്‍എയായും മന്ത്രിയായും മലപ്പുറത്ത് ഇടതുപക്ഷത്തിന്റെ മുഖമായി ജലീല്‍ മാറി.കെ.ടി കുഞ്ഞുമുഹമ്മദിന്റെയും പാറയില്‍ നഫീസയുടെയും മകനായി തിരൂരില്‍ ജനിച്ച ജലീല്‍ കുറ്റിപ്പുറം ഗവണ്മെന്റ് ഹൈസ്കൂളില്‍ നിന്നാണ് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളേജ്, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് എന്നിവിടങ്ങളിലായിരുന്നു തുടര്‍ പഠനം. വളാഞ്ചേരി ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പലായ എംപി ഫാത്തിമയാണ് ഭാര്യ. അസ്മ ബീവി, മുഹമ്മദ് ഫാറൂഖ്, സുമയ്യ ബീഗം എന്നിവരാണ് മക്കള്‍.
എം.ഫില്‍ പൂര്‍ത്തിയാക്കിയ ശേഷം കേരള സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി എടുത്ത ജലീല്‍ നിലവില്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് ചരിത്രാധ്യാപകനാണ്. മുഖ്യധാര മാഗസിന് എഡിറ്റര്‍, കാലിക്കറ്റ് സിന്‍ഡിക്കേറ്റംഗം, നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
എംഎസ്എഫിലേക്ക്…
സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) എന്ന തീവ്രനിലപാടുകളുള്ള സംഘടനയില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് കെ.ടി. ജലീല്‍ രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തെത്തുന്നത്. 1988-ല്‍ തിരൂരങ്ങാടി പി.എസ്എം.ഒ. കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ‘സിമി’ സ്ഥാനാര്‍ത്ഥിയായി കോളേജ് യൂണിയന് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റു. പിറ്റേ വര്‍ഷവും യൂണിയന് ചെയര്മാന് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും വീണ്ടും തോറ്റു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ ‘സിമി’ നേതൃത്വവുമായി ഇടയുകയും പിന്നീട് പുറത്താക്കപ്പെടുകയും ചെയ്തു. പിന്നീടാണ് മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്എഫില്‍ ചേരുന്നത്.’ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന മുദ്രാവാക്യവുമായി രാജ്യത്തിന്റെ ദേശീയതയ്ക്ക് വിരുദ്ധമായി പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സിമി (സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) പിന്നീട് നിരോധിക്കപ്പെടുകയാണ് ഉണ്ടായത്.മുസ്ലിം യൂത്ത് ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. കുറ്റിപ്പുറത്തുനിന്ന് ജില്ലാ കൗണ്‍സിലിലേയ്ക്ക് വിജയിച്ചു. പിന്നീട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി. കുറ്റിപ്പുറം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. എംഎസ്എഫില്‍ നിന്നും മുസ്ലിം യൂത്ത് ലീഗിന്റെ അഖിലേന്ത്യാ കണ്‍വീനര്‍ വരെ എത്തി ജലീല്‍. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കെ മുസ്ലിം ലീഗ് നേതൃത്വവുമായി പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടിയുമായി ഇടഞ്ഞു. ഇതോടെ ലീഗില്‍ നിന്നും പുറത്ത്. പാര്‍ട്ടിയുടെ സ്വേച്ഛാധിപത്യ ഭരണത്തില്‍ അതൃപ്തി രേഖപ്പെടുത്തി ലീഗില്‍നിന്ന് പുറത്ത് പുറത്തുപോവുകയും ഇടതുപക്ഷത്തിനൊപ്പം ചേരുകയുമായിരുന്നു.
തുടര്‍ന്ന് 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ മത്സരിച്ചു. അതും എല്‍ഡിഎഫ് പിന്തുണയോടെയും പിണറായി വിജയന്റെ ആശിവര്‍വാദത്തോടെയും. സിമി പ്രവര്‍ത്തകനായിരുന്ന ജലീലിന് എല്‍ഡിഎഫ് പിന്തുണ നല്‍കുന്നത് വലിയ വിവാദമായി.
കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തി
മലപ്പുറത്ത് ലീഗിനെ പിടിച്ചു കെട്ടുകയെന്ന അജണ്ടയുമായി 2006-ല്‍ തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയ ഇടതുപക്ഷം കുറ്റിപ്പുറത്ത് ലീഗിന്റെ അതികായന് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കാന്‍ കെ.ടി. ജലീലിനെ രംഗത്തിറക്കി. അന്ന് കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തി കെ.ടി. ജലീല്‍ രാഷ്ട്രീയത്തില്‍ തന്റെ സ്ഥാനമുറപ്പിച്ചു. വിമാനം ചിഹ്നത്തില്‍ മത്സരിച്ച ജലീലിന്റെ വിജയത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് ആരോപണവും നിര്‍ണായകമായി. സിപിഎം. അംഗമല്ലാതിരുന്നിട്ടും പാരമ്പര്യമുള്ള പാര്‍ട്ടി പ്രവര്‍ത്തകനെപ്പോലെയാണ് ഇടതുപക്ഷം അന്ന് ജലീലിനെ നെഞ്ചിലേറ്റിയത്. ജലീലെന്ന ഇടതു സ്വതന്ത്രന്റെ രാഷ്ട്രീയ ജീവിതം മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയോടുള്ള മധുരപ്രതികാരം കൂടിയായിരുന്നു. ലീഗില്‍ തന്നെ തുടരുകയാണെങ്കില്‍ ഒരു പക്ഷേ ഒരു എംഎല്‍എ സ്ഥാനത്തിനപ്പുറം ജലീലിന് ഉയരാനാകുമായിരുന്നില്ല. എന്നാല്‍, സ്വതന്ത്രന്റെ കുപ്പായമണിഞ്ഞ് ഇടതുപക്ഷത്തിന്റെ പിന്തുണയോടെ അവസരങ്ങള്‍ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തിയാണ് ജലീല്‍ രാഷ്ട്രീയ ജീവിതത്തില്‍ വിജയമധുരം നുണഞ്ഞത്.2011-ല്‍ തിരൂര്‍ മണ്ഡലം പുനര്‍നിര്‍ണയിച്ച് തിരൂരിലെ വിവിധ പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്ത് തവനൂര്‍ മണ്ഡലം രൂപീകരിച്ചു. പുതിയ മണ്ഡലത്തില്‍ മത്സരിക്കാന്‍ സിപിഎം നിയോഗിച്ചത് കെ.ടി ജലീലിനെയായിരുന്നു. അങ്ങനെ ഗ്യാസ് സിലിണ്ടര്‍ ചിഹ്നത്തില്‍ മത്സരിച്ച ജലീല്‍ കോണ്‍ഗ്രസിന്റെ വി.വി പ്രകാശിനെ 6,854 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി തവനൂരിന്റെ ആദ്യ എംഎല്‍എ. ആയി.
തവനൂരില്‍നിന്നും മൂന്നുതവണ
2016-ലെ തിരഞ്ഞെടുപ്പില്‍ ജലീലിന്റെ ഹാട്രിക് വിജയമായിരുന്നു തവനൂരുനിന്ന് ലഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ഇഫ്തിഖറുദ്ദീനെ 2011-നേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി ജലീല്‍ വിജയമാവര്‍ത്തിച്ചു. ഓട്ടോറിക്ഷ ചിഹ്നത്തില്‍ മത്സരിച്ച് മന്ത്രിക്കസേരയിലെത്തിയ ജലീലിന്റെ വിജയത്തെ സോഷ്യല്‍ മീഡിയ ഓട്ടോറിക്ഷയില്‍ നിന്ന് മന്ത്രിക്കാറിലേക്ക് എന്നാണ് വിശേഷിപ്പിച്ചത്. പിണറായി വിജയന് മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ആണ് ജലീലിന് ലഭിച്ചത്. എന്നാല്‍ രണ്ടര വര്‍ഷത്തിനു ശേഷം ഈ വകുപ്പ് മാറ്റി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നല്കി.
ആദ്യ വിവാദം തന്നെ ബന്ധുനിയമനം
മന്ത്രിസ്ഥാനത്തെത്തിയ ശേഷം ജലീല്‍ ഉള്‍പ്പെട്ട ആദ്യ വിവാദം ബന്ധുനിയമന ആരോപണമായിരുന്നു. യൂത്ത് ലീഗാണ് ജലീലിനെതിരെ ബന്ധുനിയമനാരോപണം ഉയര്‍ത്തിയത്. പിതൃസഹോദര പുത്രനായ കെ.ടി അദീപ് എന്നയാളെ ഡെപ്യൂട്ടേഷന് എന്ന പേരില്‍ ചട്ടങ്ങള്‍ മറികടന്ന് ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലെ ജനറല്‍ മാനേജരായി നിയമിച്ചുവെന്നായിരുന്നു ആരോപണം.സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ നിന്ന് സര്‍ക്കാര്‍ ധനകാര്യ സ്ഥാപനത്തേക്ക് ഡെപ്യൂട്ടേഷന് വഴി ഒരു വ്യക്തിയെ നിയമിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള സ്പെഷ്യല്‍ റൂളോ മറ്റോ ഇല്ലെന്നും ഈ സ്ഥാനത്തിനാവശ്യമായ വിദ്യാഭ്യാസ യോഗ്യത ഇയാള്‍ക്കില്ലെന്നും ആരോപണം ഉയര്‍ന്നു.ഉന്നത വിദ്യാഭ്യാസ വകുപ്പ് ചുമതലയിലിരിക്കെ എംജി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അദാലത്ത് നടത്തി മാര്‍ക്ക് ദാനം ചെയ്തു എന്നതായിരുന്നു ഇത്തവണത്തെ ആരോപണം. കൊല്ലം ടികെഎം എന്‍ജിനിയറിങ് കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിക്കുവേണ്ടി മന്ത്രി ജലീല്‍ ഇടപെട്ടുവെന്നാണ് ആരോപണം ഉയര്‍ന്നത്. മാനുഷിക പരിഗണന പരിഗണിച്ചാണ് വിഷയത്തില്‍ ഇടപെട്ടതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.മന്ത്രി പങ്കെടുത്ത അദാലത്ത് ക്രമവിരുദ്ധമാണെന്ന് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് ദാനം നല്കിയ മാര്‍ക്ക് പിന്പലിക്കുകയും ആദ്യം ലഭിച്ച മാര്‍ക്കാക്കി തിരുത്താന്‍ സര്‍വകലാശാല പ്രത്യേക ഉത്തരവിറക്കുകയും ചെയ്തു. ചട്ടവിരുദ്ധമായി സര്‍വ്വകലാശാലയില്‍ ഇടപെട്ടതിനും അദാലത്ത് നടത്തിയതിനും കേരളത്തിലെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ജലീലിനെ ശാസിച്ചു.
അവസാനം രാജിയിലേക്ക്
ഒടുവില്‍ ബന്ധുനിയമന വിവാദത്തില്‍ കുരുങ്ങി മന്ത്രിസ്ഥാനത്ത് തുടരാന്‍ ജലീല്‍ യോഗ്യനല്ലെന്ന ലോകായുക്തയുടെ ഉത്തരവ് വരെയെത്തി നില്ക്കുന്നു കാര്യങ്ങള്‍. സംസ്ഥാന ന്യൂനപക്ഷ വികസന കോര്പറേഷന് ജനറല്‍ മാനേജരായി മന്ത്രി കെ.ടി. ജലീല്‍ ബന്ധു കെ.ടി. അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്ന നിരീക്ഷണമാണ് ജലീലിന് കുരുക്കായത്.പിണറായി വിജയന് മന്ത്രിസഭയില്‍നിന്ന് രാജിവയ്ക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ.ടി. ജലീല്‍. വിവാദം തുടങ്ങി രണ്ടര വര്‍ഷം പിന്നിടുമ്പോഴാണ് മന്ത്രിയുടെ രാജി. ന്യൂനപക്ഷ വികസ കോര്‍പറേഷനില്‍ ടികെ. അദീബിന്റെ നിയമനമാണ് വിവാദത്തിലായത്. ബന്ധുനിയമനത്തിന് യോഗ്യതയില്‍ മാറ്റം വരുത്തിയെന്നതാണ് പ്രധാന ആരോപണം. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്ന പി.കെ. ഫിറോസ് 2018 നവംബര്‍ രണ്ടിനാണ് മന്ത്രിക്കെതിരെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചത്.മന്ത്രി പദവി സ്വകാര്യ താല്പര്യത്തിനായി ദുരുപയോഗം ചെയ്യുകയും പക്ഷപാതപരമായി പെരുമാറുകയും ചെയ്തു. ഇതിലൂടെ മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നുമാണ് ലോകായുക്ത കണ്ടെത്തിയത്. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ മാനേജര്‍ പദവിയിലിരിക്കുമ്പോഴാണ് അദീബിനെ ഡപ്യൂട്ടേഷനില്‍ ന്യൂനപക്ഷ വികസന കോര്‍പറേഷനില്‍ നിയമിച്ചതെന്നും കണ്ടത്തിയിരുന്നു.
വിളിച്ചു പറഞ്ഞത് ..
സത്യം ജയിക്കും സത്യമേ ജയിക്കൂ.
സത്യം ജയിക്കും സത്യമേ ജയിക്കൂ… എന്ന് നാഴികയ്ക്ക് നാല്പത് വട്ടം വിളിച്ചുപറഞ്ഞ ജലീലിന് സര്‍ക്കാരിന്റെ കാലാവധി തീരാന്‍ കഷ്ടിച്ച് 20 ദിവസം മുമ്പ് രാജിവച്ച് ഇറങ്ങേണ്ടി വരുന്നു. ഒരു പക്ഷേ, കാലാവധി തീരാന്‍ ഇത്രയും ചുരുങ്ങിയ കാലം ബാക്കിനില്‍ക്കെ രാജിവച്ച് ഇറങ്ങേണ്ടി വന്ന മന്ത്രിയും ജലീല്‍ ആയിരിക്കും.ഒരു മുഴം മുന്നെ. അതായിരുന്നു ജലീലിന്റെ പതിവ്. എപ്പോഴൊക്കെ വിവാദത്തില്പെട്ടോ അപ്പോഴൊക്കെ മുനവച്ച വാക്കുകളും പ്രയോഗങ്ങളുമായി എതിരാളികള്‍ക്ക് നേരെ തിരിച്ചടിച്ച് പ്രതിരോധത്തില്‍നിന്ന് ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റുന്നതായിരുന്നു പതിവ്. ബന്ധുനിയമന വിവാദം ആളിക്കത്തിയപ്പോഴും പിഎച്ച്.ഡി പ്രബന്ധം വിവാദത്തിലായപ്പോഴും മാര്‍ക്ക് ദാനം വിവാദം കണ്ടുപിടിക്കപ്പെട്ടപ്പോഴും സ്വര്‍ണക്കടത്തില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോഴും എല്ലാം ഇതായിരുന്നു ജലീലിന്റെ പതിവ്.എന്നാല്‍, എല്ലാ പ്രതിരോധകോട്ടയും പൊളിക്കുന്നതായി ലോകായുക്ത കര്‍ക്കശ സ്വഭാവത്തിലുള്ള വിധി. സ്വജനപക്ഷപാതം കാട്ടിയ മന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും അദ്ദേഹത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നുമുള്ള ഒരു വിധി ഇന്ത്യയില്‍തന്നെ മറ്റേതെങ്കിലും ലോകായുക്ത ബഞ്ചില്‍നിന്നും വന്നിട്ടുണ്ടാവുമോ എന്നു സംശയമാണ്.
RECENT NEWS
ഓണാഘോഷത്തിനിടെ കുഴഞ്ഞു വീണ യുവ കോളേജ് അധ്യാപകൻ മരിച്ചു
കൊച്ചി: കോളേജിലെ ഓണാഘോഷത്തിന് ഇടയില്‍ അദ്ധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തേവര എസ് എച്ച് കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും സ്റ്റാഫ് സെക്രട്ടറിയുമായ ജെയിംസ്. വി. ജോർജ് (38) ആണ് മരിച്ചത്. തൊടുപുഴ കല്ലൂർക്കാട് വെട്ടുപാറക്കല്‍ [...]