കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തന്നാരോപിച്ച് മങ്കടയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍

മലപ്പുറം:  കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തു എന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷന്‍ സംഘത്തിലെ രണ്ടു പേരെ കൂടി മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ്
ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വയനാട് കല്ലുവയല്‍ കരണി സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ പുല്ലൂര്‍കുടിയില്‍ പ്രവീണ്‍ (26), അമ്പലവയല്‍ സ്വദേശി പ്ലാവില്‍ വീട്ടില്‍ വിജേഷ് (27) എന്നിവരെയാണ് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി കെ.എം .ദേവസ്യ,മങ്കട ഇന്‍സ്പെക്ടര്‍ എന്‍.പ്രജീഷ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. മങ്കട വടക്കാങ്ങര റോഡില്‍ വച്ച് യുവാവിനെ ബലമായി പിടിച്ച് കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്നവരാണ് പ്രവീണ്‍ ,വിജേഷ് എന്നിവര്‍. ദൃക്സാക്ഷികളുടെ മൊഴിയില്‍ നിന്നും സി.സി.ടി.വികളില്‍ നിന്നും ലഭിച്ച പ്രതികളെ കുറിച്ചുള്ള വിവരങ്ങളുടെയടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ അഞ്ചു പേരെ കഴിഞ്ഞ ദിവസം
ഇന്‍സ്പെക്ടര്‍ എന്‍.പ്രജീഷ്, എസ്.ഐ മാത്യു എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ സഞ്ചരിച്ച കാറുകള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വയനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്തര്‍സംസ്ഥാന ക്വട്ടേഷന്‍ സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രവീണ്‍. വിദേശത്ത് നിന്നും കള്ളക്കടത്ത് വഴി രഹസ്യമായി കാരിയര്‍മാര്‍ കൊണ്ടുവരുന്ന സ്വര്‍ണം എയര്‍പോര്‍ട്ടില്‍ നിന്നോ പോകുന്ന വഴിയില്‍ വച്ചോ കാരിയര്‍മാരെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കവര്‍ച്ചനടത്തുന്നതാണ് രീതി. ഈ ക്വട്ടേഷന്‍ സംഘത്തിലെ മറ്റുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതായും ഉടന്‍ പിടിയിലാകുമെന്നും ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സംഘം അറിയിച്ചു. പ്രവീണ്‍ മീനങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ ഒരു വധശ്രമക്കേസിലും കരിപ്പൂര്‍ സ്റ്റേഷന്‍ പരിധിയില്‍ വച്ച് വിദേശത്ത് നിന്നും വന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് ഭീഷണിപ്പെടുത്തി 700 ഗ്രാം സ്വര്‍ണം കവര്‍ച്ച നടത്തിയ കേസിലും കമ്പളക്കാട് സ്റ്റേഷന്‍ പരിധിയില്‍ വച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലും പ്രതിയാണ്. വിജേഷിന്റെ പേരില്‍ അടിപിടിക്കേസും നിലവിലുണ്ട് . മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ്
ഐ.പി.എസിന്റെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി കെ.എം.ദേവസ്യ, മങ്കട
ഇന്‍സ്പെക്ടര്‍ എന്‍.പ്രജീഷ്, എസ്.ഐ മാത്യു, എ.എസ്.ഐ ഷാഹുല്‍ ഹമീദ്, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി.മുരളീധരന്‍, എന്‍.ടി.കൃഷ്ണകുമാര്‍,
പ്രശാന്ത് പയ്യനാട്, എം.മനോജ്കുമാര്‍,
വിനോദ്, ബിന്ദു എന്നിവരാണ് അന്വഷണ സംഘത്തിലുണ്ടായിരുന്നത്.

 

 

Sharing is caring!