കോവിഡ് വ്യാപനം തടയാന്‍ മതസംഘടനകള്‍ സഹകരിക്കും, മലപ്പുറത്ത് യോഗംചേര്‍ന്നു

കോവിഡ് രോഗവ്യാപനം തടയുന്നതിന് ജില്ലാഭരണകൂടത്തിന് മതസംഘടനാ നേതാക്കളുടെ പൂര്‍ണ പിന്തുണ. ഇഫ്താര്‍ വിരുന്നുകളില്‍ ആളുകള്‍ കൂടിച്ചേരുന്നത് പരമാവധി നിരുത്സാഹപ്പെടുത്താനും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാനും എ.ഡി.എം എം.സി റെജിലിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന മതസംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചു. പത്ത് വയസിന് താഴെയുള്ളവരും അറുപത് വയസിന് മുകളിലുള്ളവരും പ്രാര്‍ഥനയ്ക്കായി പള്ളികളില്‍ എത്തേണ്ടതില്ല. പ്രാര്‍ഥനകളില്‍ പരമാവധി സാമൂഹിക അകലം പാലിക്കണം. മുസല്ല വീട്ടില്‍ നിന്ന് കൊണ്ടുവരണം. പള്ളികളില്‍ സാനിറ്റൈസര്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഭക്ഷണ വിതരണം പൂര്‍ണമായും ഒഴിവാക്കാമെന്നും അത്യാവശ്യമെങ്കില്‍ പാക്കറ്റുകളിലാക്കി വിതരണം ചെയ്യാമെന്നും യോഗത്തില്‍ പങ്കെടുത്ത സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.
വെള്ളിയാഴ്ച പ്രാര്‍ഥനകളിലും രാത്രി നമസ്‌കാരത്തിനും ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ സഹകരിക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യര്‍ഥിച്ചു. റമദാന്‍, വിഷു എന്നിവയുടെ പശ്ചാത്തലത്തില്‍ ബന്ധുവീടുകളിലെ സന്ദര്‍ശനങ്ങള്‍ പരമാവധി കുറയ്ക്കണമെന്ന് എ.ഡി.എം എം.സി റെജിലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീനയും യോഗത്തില്‍ അഭ്യര്‍ഥിച്ചു.

കോവിഡ് പ്രതിരോധം: നിയന്ത്രണങ്ങളോട്
സഹകരിച്ച് വ്യാപാരി വ്യവസായി സംഘടനകള്‍

കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലെ തിരക്കുകള്‍ നിയന്ത്രിക്കുന്നതിന് വ്യാപാരി വ്യവസായി സംഘടനകളുടെ സഹകരണം ജില്ലാഭരണകൂടം ഉറപ്പാക്കി. എ.ഡി.എം ഡോ.എം.സി റെജില്‍ വ്യപാരി-വ്യവസായി സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കടകള്‍ രാത്രി ഒന്‍പതിന് അടയ്ക്കാനും മെഗാസെയില്‍, ഷോപ്പിങ് ഫെസ്റ്റിവല്‍ എന്നിവ രണ്ട് ആഴ്ചത്തേക്ക് മാറ്റിവയ്ക്കാനും യോഗത്തില്‍ ധാരണയായി. ഹോട്ടലുകളില്‍ പരമാവധി പാര്‍സല്‍ പ്രോത്സാഹിപ്പിക്കും. 50 ശതമാനം സീറ്റുകളില്‍ മാത്രം ആളുകളെ അനുവദിച്ച് സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ പാലിക്കാനും യോഗത്തില്‍ ധാരണയായി. വ്യാപാര സ്ഥാപനങ്ങളില്‍ പരമാവധി ഏ.സി ഉപയോഗം കുറയ്ക്കാനും നിര്‍ദേശം നല്‍കി. കടകളിലെത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും സ്ഥാപന ഉടമ ഉറപ്പുവരുത്തണം. കടകളില്‍ സാനിറ്റൈസര്‍ സൗകര്യം ഒരുക്കും. വ്യാപാരികളും ജീവനക്കാരും നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കുകയും നിശ്ചിത ഇടവേളകളില്‍ സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം.

Sharing is caring!