രാഷ്ട്രീയ കൊലപാതകം ആസൂത്രകരായ പാര്‍ട്ടി നേതാക്കളെ ജയിലിലടക്കണം: കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ല കമ്മിറ്റി

മലപ്പുറം: തീര്‍ത്തും സമാധാനപൂര്‍ണ്ണമായി നടന്ന തെരെഞ്ഞെടുപ്പാനന്തരം മനസാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതകം നടത്തിയവര്‍ ഏത് പാര്‍ട്ടിയില്‍പ്പെട്ടവരായാലും മുഖം നോക്കാതെ നടപടിയെടുക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തെരഞ്ഞടുപ്പാനന്തരം ആവര്‍ത്തിക്കുന്ന ഇത്തരം കൊലപാതകങ്ങള്‍ നിയന്ത്രിക്കാന്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കാവുന്നില്ലെങ്കില്‍ അക്രമത്തിന് കൂട്ട് നില്‍ക്കുന്നവരും ആഹ്വാനം ചെയ്യുന്നവരുമായ പാര്‍ട്ടി നേതാക്കളെ ജയിലിലടച്ച് നാട്ടില്‍ സമാധാനവും സൈ്വരജീവിതവും ഉറപ്പു വരുത്താനും അധികൃതര്‍ തയ്യാറാകേണ്ടതാണ് . അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ബോധപൂര്‍വം ഉണ്ടാക്കുന്ന പഴുതുകളിലൂടെ യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്താന്‍ സഹായിക്കുന്ന പോലീസ് രാഷ്ട്രീയ കൂട്ട്‌കെട്ടിനും അറുതി വരുത്തിയെങ്കിലേ ക്രൂരമായ കൊലപാതകങ്ങള്‍ക്ക് അന്ത്യം കുറിക്കാനാവൂ…… കൊടിയുടെ നിറം നോക്കി ഇത്തരം ഹീനകൃത്യങ്ങളെ ന്യായീകരിക്കാനും വെള്ളപൂശാനുമുള്ള നീക്കം മുഴുവവന്‍ രാഷ്ട്രീയ കക്ഷികളും അവസാനിപ്പിക്കണം. പ്രതിഷേധത്തിന്റെ മറവില്‍ തെരുവിലിറങ്ങി സുന്നി നേതാക്കളയും പണ്ഡിതരെയും ചീത്തവിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും നിയന്ത്രിക്കാന്‍ സമുദായപ്പാര്‍ട്ടി നേതാക്കളും തയ്യാറാവണം.
പ്രതികള്‍ക്ക് കനത്ത ശിക്ഷ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി അടിയന്തിരമായി നേരിട്ടിടപെടണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, പി.എം. മുസ്തഫ കോഡൂര്‍ , എം.എന്‍ കുഞ്ഞഹമ്മദ് ഹാജി, വടശ്ശേരി ഹസന്‍ മുസ്ലിയാര്‍, സി.കെ.യു മൗലവി, കെ.കെ. എസ് തങ്ങള്‍ പെരിന്തല്‍മണ്ണ, സയ്യിദ് ബുഖാരി, യൂസ് ഫ് ബാഖവി മാറഞ്ചേരി, പി.എസ് കെ ദാരിമി, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, പി.കെ.ബശീര്‍ ഹാജി, അലവിക്കുട്ടി ഫൈസി, മുഹമ്മദ് ഹാജി മുന്നിയൂര്‍, കെ.പി. ജമാല്‍ കരുളായി, എ. അലിയാര്‍ കക്കാട് സംബന്ധിച്ചു.

 

Sharing is caring!