കിലോമീറ്ററുകള്‍ നടന്ന് മലപ്പുറത്തെ 272 ഗോത്രവര്‍ഗക്കാര്‍ വോട്ടുചെയ്യാനെത്തി

കിലോമീറ്ററുകള്‍ നടന്ന് മലപ്പുറത്തെ 272 ഗോത്രവര്‍ഗക്കാര്‍ വോട്ടുചെയ്യാനെത്തി

മലപ്പുറം: കിലോമീറ്ററുകള്‍ നീണ്ട ദുര്‍ഘട വനപാതയിലൂടെ യാത്രാ ദുരിതവും മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്നുള്ള ആശങ്കയും വകവെയ്ക്കാതെ ഗോത്രവര്‍ഗക്കാര്‍ ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കാളികളായി. കാടിറങ്ങിയെത്തി വനത്തിനുള്ളിലെ ജില്ലയിലെ ഏക പോളിങ് ബൂത്തായ നെടുങ്കയത്തെ 170-ാം നമ്പര്‍ ബൂത്തില്‍ 272 ഗോത്രവര്‍ഗക്കാര്‍ വോട്ടുരേഖപ്പെടുത്തി. മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലയായതിനാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ ബി.എസ്.എഫ്, തണ്ടര്‍ബോള്‍ട്ട്, നക്സല്‍ വിരുദ്ധ സേന എന്നിവര്‍ കൂടി സുരക്ഷ ഒരുക്കിയാണ് വോട്ടെടുപ്പ് നടത്തിയത്. ഏഷ്യയിലെ പ്രാക്തന ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട ചോലനായ്ക്കര്‍, മുണ്ടക്കടവ് കോളനിയിലെ കാട്ടുനായ്ക്കര്‍, നെടുങ്കയം കോളനിയിലെ പണിയര്‍ എന്നീ വിഭാഗങ്ങളിലെ 265 പുരുഷന്‍മാരും 203 വനിതകളും ഉള്‍പ്പെടെ 468 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 272 പേര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചവരില്‍ 141 പുരുഷന്‍മാരും 131 സ്ത്രീകളും ഉള്‍പ്പെടും. 20 മുതല്‍ 40 കിലോമീറ്റര്‍ വരെ ദൂരത്തില്‍ ഉള്‍വനത്തില്‍ കഴിയുന്ന ഗോത്രവര്‍ഗക്കാരായ വോട്ടര്‍മാരെ ജീപ്പുമാര്‍ഗമാണ് നിലമ്പൂര്‍ മണ്ഡലത്തിലെ നെടുങ്കയത്തെ 170-ാം നമ്പര്‍ പോളിങ് ബൂത്തിലെത്തിച്ചത്.
മാഞ്ചീരി, പൂച്ചനള, മണ്ണള, മീന്‍മുട്ടി, പുലിമുണ്ട, വട്ടിക്കല്ല്, ചോടാല പൊട്ടി എന്നീ വനമേഖലയിലുള്ളവരായിരുന്നു വോട്ടര്‍മാര്‍. വോട്ട് രേഖപ്പെടുത്തിയ ശേഷം ജീപ്പുകളില്‍ കോളനിയില്‍ തിരികെ എത്തിച്ചു. ഉള്‍വനത്തിലെ അളകള്‍ക്കുള്ളില്‍ (പാറക്കെട്ടുകള്‍) താമസിക്കുന്നവരാണ് ഈ വിഭാഗത്തിലുള്ളവര്‍. ചത്തീസ്ഗഡില്‍ ജവാന്‍മാരെ മാവോയിസ്റ്റുകള്‍ വെടിവെച്ചുകൊന്ന സാഹചര്യത്തില്‍ വലിയ സുരക്ഷാ സംവിധാനമാണ് നെടുങ്കയത്തെ ബൂത്തില്‍ ഒരുക്കിയത്. പ്രിസൈഡിങ് ഓഫീസര്‍ കെ.ഫിറോസ്, ഒന്നാം പോളിങ് ഓഫീസര്‍ പി.ഷിഹാബുദ്ദീന്‍, രണ്ടാം പോളിങ് ഓഫീസര്‍ വി.പി രാജീവ്, മൂന്നാം പോളിങ് ഓഫീസര്‍ വി. സന്ദീപ് , ബൂത്ത് ലെവല്‍ ഓഫീസര്‍ പി.ജയരാജന്‍ എന്നിവരാണ് വോട്ടെടുപ്പ് നടപടികള്‍ നിയന്ത്രിച്ചത്. എസ്.ഐ പി ബേബി, വനിത സിവില്‍ പൊലീസ് ഓഫീസര്‍ ജി.ശ്രീരേഖ എന്നിവരെയും പോളിങ് ബൂത്തില്‍ നിയോഗിച്ചിരുന്നു. സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വോട്ടെടുപ്പ് ദിവസം നെടുങ്കയത്ത് എത്തിയിരുന്നു.

 

 

Sharing is caring!