നിലമ്പൂരില്‍ പോളിംഗ് കുറഞ്ഞു, നെഞ്ചിടിപ്പോടെ സ്ഥാനാര്‍ഥികള്‍

നിലമ്പൂര്‍: വാശിയേറിയ തെരഞ്ഞെടുപ്പ് നടന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ കനത്ത പോളിംഗ് നടന്നുവെങ്കിലും 2016ലെ വോട്ടിംഗ് ശതമാനത്തിലേക്ക് എത്തിയില്ല.
മണ്ഡലത്തില്‍ 75.22 ശതമാനം പേര്‍ വോട്ട് ചെയ്തു. കഴിഞ്ഞ തവണ 78.82 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. മൂന്നര ശതമാനത്തോളം ഇത്തവണ കുറവാണ്.
വോട്ടിംഗ് ശതമാനത്തില്‍ വന്ന നേരിയ കുറവ് മുന്നണികളെയും സ്ഥാനാര്‍ഥികളെയും ആശങ്കപ്പെടുത്തുന്നുണ്ട്. നിലമ്പൂര്‍ മണ്ഡലത്തിലെ വിവിധ മേഖലകളില്‍ രാവിലെ മുതല്‍ തന്നെ കനത്ത പോളിംഗായിരുന്നു. ഉച്ചയോടെയാണ് മന്ദഗതിയിലായത്. ആയിരത്തിലധികം വോട്ടര്‍മാരുള്ള ബൂത്തുകകളെ രണ്ടായി വിഭജിച്ചതിനാല്‍ ബൂത്തുകളില്‍ തിരക്ക് കുറവായിരുന്നു. 199 ബൂത്തുകളുള്ള നിലമ്പൂരില്‍ 332 ആയും വണ്ടൂരിലെ 204 ബൂത്തുകള്‍ 336 ആയും വര്‍ധിച്ചു. അതേ സമയം മണ്ഡലത്തില്‍ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കരുളായി, മൂത്തേടം പഞ്ചായത്തുകളിലെ നാലിടങ്ങളില്‍ വോട്ടിംങ് മെഷീന്‍ തകരാറിലായി.കരുളായി കിണറ്റിങ്ങല്‍ ഡി.എ.എല്‍.പി സ്‌കൂളിലെ 165 എ ബൂത്തിലെയും കെ എം സ്‌കൂളിലെ 166 എ ബൂത്തിലെയും, മൂത്തേടം ക്രസന്റ് യൂ പി സ്‌കൂളിലെ 41ാം നമ്പര്‍ ബൂത്തിലെയും താളിപാടം പി.എം.എം.യു.പി സ്‌കൂളിലെ ബൂത്തിലെയും മെഷീനുകളാണ് തകരാറായത്. കിണറ്റിങ്ങല്‍ സ്‌കൂളില്‍ മെഷീന്‍ മാറ്റ് സ്ഥാപിച്ച് 8.20ഓടെയാണ് വോട്ടിംങ് ആരംഭിച്ചത്. കെ.എം. സ്‌കൂളിലെ തകരാര്‍ ഉടന്‍ പരിഹരിച്ചു. മൂത്തേടം ക്രസന്റിലെയും, താളിപ്പാടം സ്‌കൂളിലെയും വി.വി പാറ്റുകള്‍ മാറ്റി സ്ഥാപിച്ച് 7.30ഓടെയാണ് പോളിംങ് ആരംഭിച്ചത്. വണ്ടൂര്‍ നിയമസഭാ മണ്ഡലത്തിലെ 44എ നമ്പര്‍ ബൂത്തില്‍ മെഷീന്‍ തകരാര്‍ വന്നു. പകരം പുതിയ മെഷിന്‍ നല്‍കി. വോട്ടിങ് തടസപ്പെട്ടില്ല. നിലമ്പൂര്‍ മണ്ഡലത്തിലെ 193-ാം നമ്പര്‍ ബൂത്തിലെ പ്രിസൈഡിങ് ഓഫീസര്‍ക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് പുലര്‍ച്ചെ നാലരയോടെ ആശുപത്രിയിലാക്കി പകരം ഉദ്യോഗസ്ഥന് ചുമതല നല്‍കി. എന്നാല്‍ ആദ്യ പോളിങ് നടക്കുന്നതിന് മുമ്പ് ഇദ്ദേഹം തിരിച്ചെത്തി പോളിങ് തുടങ്ങിയതിന് ശേഷം വിശ്രമത്തിനായി പോയി. അതേ സമയം മണ്ഡലത്തിലെ പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് , ഡി.സി.സി പ്രസിഡന്റ് ആര്യാടന്‍ ഷൗക്കത്ത് എന്നിവര്‍ നിലമ്പൂര്‍ വീട്ടിക്കുത്ത് ജി.യു.പി സക്കൂളിലെ 142-ാം നമ്പര്‍ ബൂത്തിലും വോട്ട് രേഖപ്പെടുത്തി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. അന്‍വര്‍ ഒതായി മദ്‌റസയിലും നിലമ്പൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. വി.വി. പ്രകാശ് എടക്കര ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 59-ാം നമ്പര്‍ ബൂത്തിലും മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി. നിലമ്പൂര്‍ ഗവ. മോഡല്‍ യു.പി സ്‌കൂളിലെ 139-ാം നമ്പര്‍ ബൂത്തിലും വോട്ട് രേഖപ്പെടുത്തി.

 

 

Sharing is caring!