പെരിന്തല്‍മണ്ണയില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ നജീബ് കാന്തപുരം

പെരിന്തല്‍മണ്ണയില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ നജീബ് കാന്തപുരം

പെരിന്തല്‍മണ്ണ: യുവ സംരംഭകരെയും യുവ വ്യവസായികളെും പ്രോത്സാഹിപ്പിക്കുന്നതിനായി കേരളാ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, ബി.സി.ഐ.ഡി.സി പോലെയുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന് പെരിന്തല്‍മണ്ണ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരം. ഞായറാഴ്ച മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന കുടുംബ യോഗങ്ങളില്‍ വോട്ടര്‍മാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ആരോഗ്യ സംവിധാനത്തിന്റെ ആണിക്കല്ലുകളായ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ കിടത്തി ചികിത്സ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ കാലാനുസൃതമായി നവീകരിക്കും. നഗരത്തിലെ ആസ്പത്രികളില്‍ നിന്നുള്ള മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കും. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യത്തിനുള്ള ജീവനക്കാരുടെ ലഭ്യത ഉറപ്പുവരുത്തും. ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ എത്രയും പെട്ടെന്ന് നികത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ കുന്നുംപുറം, കളത്തിലക്കര, കൊല്ലങ്കോട് മുക്ക്, ആനത്താനം, കിഴങ്ങത്തോള്‍, പുളിങ്കാവ്, കാര പഴത്തോട്ടിങ്ങല്‍, ഓടുവന്‍കുണ്ട് എന്നിവിടങ്ങളില്‍ പര്യടനം നടത്തി. വൈകീട്ട് അഞ്ച് മണിയോടെ പെരിന്തല്‍മണ്ണ നഗരത്തില്‍ യു.ഡി.വൈ.എഫ് സംഘടിപ്പിച്ച പദയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. നഗരത്തെ ഇളക്കിമറിച്ച് യുവാരവങ്ങള്‍ മുഴങ്ങി. പ്രചാരണ കാലം നല്‍കിയ വര്‍ധിത ആവേശത്തോടെ പ്രവര്‍ത്തകര്‍ നിശബ്ദ പ്രചാരണ രംഗത്തും മുന്നേറ്റം തുടരും.

Sharing is caring!