ആവശ്യക്കാര്‍ പണം അക്കൗണ്ടിലേക്ക് നല്‍കിയാല്‍ പറയുന്ന സ്ഥലത്ത് ലഹരി മരുന്നുമായി നൈജീരിയന്‍ സ്വദേശി മലപ്പുറത്ത് അറസ്റ്റില്‍

മലപ്പുറം: മാരകമയക്കുമരുന്ന് ഇനത്തില്‍പ്പെട്ട എംഡിഎംഎ യുമായി നൈജീരിയന്‍ സ്വദേശിയെ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌കേ്വാഡും മഞ്ചേരി പോലീസും ചേര്‍ന്ന് പിടികൂടി. നൈജീരിയയിലെ ബയഫ്ര സ്വദേശിയായ മൈക്കിള്‍ (30) ആണ് മഞ്ചേരി എസ് എച്ച് ബി ടി പരിസരത്തെ ഒഴിഞ്ഞ കെട്ടിടത്തിനടുത്തു വെച്ച് പിടിയിലായത്. ഇയാളില്‍ നിന്നും 10 പാക്കറ്റ് എംഡിഎംഎ പിടിച്ചെടുത്തു. ഇയാളെ ചോദ്യം ചെയ്തതില്‍ ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നൈജീരിയന്‍ ഹണ്ടേഴ്‌സ് എന്നറിയപ്പെടുന്ന കുപ്രസിദ്ധ ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയാണെന്നു കണ്ടെത്തിയിട്ടുണ്ട്.

പിടികൂടാന്‍ ശ്രമിക്കുന്നവരെ കൂട്ടമായി വന്ന് മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് രക്ഷപ്പെടുന്നതാണ് നൈജീരിയന്‍ ഹണ്ടേഴ്‌സിന്റെ രീതി. ആവശ്യക്കാര്‍ പണം അക്കൗണ്ടിലേക്ക് നല്‍കിയാല്‍ പറയുന്ന സ്ഥലത്ത് ലഹരി മരുന്നുമായി ഇയാള്‍ എത്തും. ഇത്തരത്തില്‍ ബാംഗ്ലൂരില്‍ നിന്നും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാനായി മഞ്ചേരിയില്‍ വന്ന സമയത്താണ് പിടിയിലായത്. കഴിഞ്ഞ മാസം കൊണ്ടോട്ടി, വേങ്ങര, പാണ്ടിക്കാടു നിന്നുമായി 100 ഗ്രാമിനടുത്ത് എംഡിഎംഎയാണ് സ്‌ക്വാഡ് പിടികൂടിയത്. ഇതില്‍ പിടിയിലായവരെ കേന്ദ്രീകരിച്ച് നടത്തിയ നീക്കത്തിലാണ് നൈജീരിയന്‍ സ്വദേശിയെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ദിവസങ്ങളോളം ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നു. സ്റ്റുഡന്റ് വിസയിലും വ്യവസായ വിസയിലും മറ്റും ബാഗ്ലൂരില്‍ എത്തിയാണ് ഇവര്‍ മയക്കുമരുന്ന് ബിസിനസ് നടത്തുന്നത്. അറസ്റ്റിലായ പ്രതി മൂന്നു വര്‍ഷം മുന്‍പാണ് ഇന്ത്യയിലെത്തിയത്. എന്നാല്‍ ഇയാളുടെ കൈവശം പാസ്‌പോര്‍ട്ടോ മതിയായ മറ്റ് രേഖകളോ ഇല്ല. ആദ്യമായാണ് ജില്ലയില്‍ മയക്കുമരുന്നുമായി ഒരു വിദേശി പിടിയിലാകുന്നത്.

വളരെ കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് തങ്ങളുടെ താമസസ്ഥലത്തു വച്ചു തന്നെയാണ് ആഫ്രിക്കന്‍ സ്വദേശികള്‍ എംഡിഎംഎ നിര്‍മ്മിക്കുന്നത്. ബാംഗ്ലൂരില്‍ ഗ്രാമിന് 850-1000 രൂപവരെയും അത് നാട്ടിലെത്തിയാല്‍ 3500-5000 രൂപ വരെയുമാണ് വില ഈടാക്കുന്നത്. തുടര്‍ച്ചയായി ഇത്തരത്തിലുള്ള മയക്കുമരുന്നുകളുടെ ഉപയോഗം വളരെ ഗുരുതരമായ മാനസികവും ശാരീരികവുമായ രോഗങ്ങളാണ് സമ്മാനിക്കുന്നത്. അടുത്ത കാലത്തായി കേരളത്തില്‍ കഞ്ചാവിനു പകരം ഇത്തരത്തിലുള്ള സിന്തറ്റിക്ക് ലഹരി ഉല്പന്നങ്ങളുടെ ഉപയോഗം വളരെയധികം കൂടി വരുന്നതായി രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്് സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ മലപ്പുറം നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി പിപി ഷംസ്, ഡിവൈഎസ്പി സുദര്‍ശന്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം, മഞ്ചേരി ഇന്‍സ്‌പെക്ടര്‍ കെപി അഭിലാഷ്, എസ്‌ഐ സുബിന്ത് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണി കൃഷ്ണന്‍ മാരാത്ത്, പി.സഞ്ജീവ് എന്നിവര്‍ക്ക് പുറമെ മഞ്ചേരി സേ്റ്റഷനിലെ എസ് ഐ ജമേഷ്, സുരേഷ് ആല്‍ബര്‍ട്ട്, ബോസ് എന്നിവരാണ് പ്രതിയെ പിടികൂടി അനേ്വഷണം നടത്തുന്നത്.

 

Sharing is caring!