മലപ്പുറത്തെ വാടക ക്വാര്‍ട്ടേഴ്സ് പരിസരത്ത് നട്ടുവളര്‍ത്തിയ അഞ്ചു കഞ്ചാവ് ചെടികളുമായി യുവാവ് പിടിയില്‍

മലപ്പുറത്തെ വാടക ക്വാര്‍ട്ടേഴ്സ് പരിസരത്ത് നട്ടുവളര്‍ത്തിയ അഞ്ചു കഞ്ചാവ് ചെടികളുമായി യുവാവ് പിടിയില്‍

മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിലെ വാടക ക്വാര്‍ട്ടേഴ്സ് പരിസരത്ത് നട്ടുവളര്‍ത്തിയ അഞ്ചു കഞ്ചാവ് ചെടികളുമായി യുവാവ് പിടിയില്‍. ആസാം സ്വദേശിയെയാണ് മലപ്പുറം ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡും കൊണ്ടോട്ടി പോലീസും ചേര്‍ന്നു പിടികൂടിയത്. ആസാം കാര്‍ട്ടിമാരി സ്വദേശി അമല്‍ ബര്‍മന്‍(34)ആണ് പിടിയിലായത്. രണ്ടു വര്‍ഷമായി കിഴ്ശേരിയിലെ വാടക ക്വാര്‍ട്ടേഴ്സുകളില്‍ താമസിച്ച് ചെങ്കല്‍ ക്വാറികളില്‍ ജോലിചെയ്തു വരികയായിരുന്നു ബര്‍മന്‍. ഇതിനിടയില്‍ ഇയാള്‍ ലഹരി വില്‍പനയും നടത്തിയിരുന്നു.നാട്ടില്‍ പോയി വരുന്ന സമയം ഇയാളും കൂട്ടാളികളും വന്‍ തോതില്‍ കഞ്ചാവു കൊണ്ടു വന്നിരുന്നതായി വിവരം ലഭിച്ചിരുന്നു.തുടര്‍ന്ന് ഇയാളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇയാള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിന്റെ മുറ്റത്ത് കണ്ടുപിടിക്കാതിരിക്കാന്‍ മല്ലിക ചെടികളുടെ കൂട്ടത്തിലാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നത്. കഴിഞ്ഞയാഴ്ചയാണ് കിഴ്ശേരി ഗവണ്‍മെന്റ് എല്‍പി സ്‌കൂളിനടുത്ത് വ്യാജ അക്യുപങ്ചര്‍ ചികിത്സ നടത്തിവന്ന സിദ്ധനെയും കൂട്ടാളിയെയും നാലു കിലോ കഞ്ചാവുമായി പോലീസ് പിടികൂടിയത്. കിഴ്ശേരിയിലും പരിസര പ്രദേശങ്ങളിലും ലഹരി മരുന്ന് വിപണനം വര്‍ധിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ്
നിരീക്ഷണം ശക്തമാക്കിയിരുന്നു. നിയമപരമല്ലാതെ കഞ്ചാവ് ചെടി വളര്‍ത്തുന്നതു പത്തുവര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമുള്ള ശിക്ഷയാണ്. ജില്ലാപോലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവര പ്രകാരം നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി പി.പി. ഷംസ്, കൊണ്ടോട്ടി ഡിവൈഎസ്പി കെ. അഷറഫ് എന്നിവരുടെ നിര്‍ദേശത്തില്‍ കൊണ്ടോട്ടി ഇന്‍സ്പെക്ടര്‍ പി. ചന്ദ്രമോഹന്‍, എസ്ഐ കെ. ആര്‍ശ റെമിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

 

Sharing is caring!