കോണ്‍ഗ്രസും ബിജെപിയും സമാനമനസ്‌കര്‍: പാലോളി മുഹമ്മദ് കുട്ടി

കോണ്‍ഗ്രസും ബിജെപിയും സമാനമനസ്‌കര്‍: പാലോളി മുഹമ്മദ് കുട്ടി

പെരിന്തല്‍മണ്ണ: രാജ്യത്ത് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വ്യത്യാസമില്ലാതായെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ പാലോളി മുഹമ്മദ്കുട്ടി പഞ്ഞു. പെരിന്തല്‍മണ്ണയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥി കെപിഎം മുസ്തഫ മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി വിപി സാനു എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണ കന്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. രാജ്യത്ത് കോണ്‍ഗ്രസിന്റെ വോട്ടുവാങ്ങി ജയിച്ചവരെ ബിജെപിക്കാര്‍ കൊണ്ടുപോകുന്ന അവസ്ഥയാണ് നില നില്‍ക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രീയ നിലപാടുകളില്‍ സമാനതകളുള്ളവരായി തീര്‍ന്നുവെന്ന് അദ്ധേഹം പറഞ്ഞു.
കേരളത്തിന്റെ പിന്‍കാല തെരഞ്ഞെടുപ്പ് ചരിത്രത്തെ മാറ്റി മറിക്കുന്നതായിരിക്കും ഈ തെരഞ്ഞെടുപ്പ്. ഭരണ തുടര്‍ച്ച ഈ സര്‍ക്കാറിനുണ്ടാകും. ലോകം വിവിധ പ്രതിസന്ധികളെ നേരിട്ടപ്പോള്‍ പാവപ്പെട്ടവര്‍ക്കൊപ്പം നിന്ന് അവരുടെ കണ്ണീരൊപ്പിയ സര്‍ക്കാരാണ് കേരളത്തിലേത്. രാജ്യം പ്രയാസപ്പെട്ട കാലത്ത് അദാനിമാര്‍ക്ക് സമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള സാഹചര്യമാണ് മോദി സര്‍ക്കാര്‍ ഒരുക്കിയത്. പാവപ്പെട്ടവരുടെ ജീവിത പ്രയാസങ്ങള്‍ നീക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. എന്നാല്‍ കേരളത്തില്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി ലോകത്തിനു തന്നെ മാതൃകയാകാന്‍ ഇടതുമുന്നണി സര്‍ക്കാരിനായി. ഒരു വീടുപോലും പട്ടിണി കിടക്കാത്ത വിധം സഹായ പദ്ധതികളാണ് പിണറായി സര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന് അദ്ധേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ അജയന്‍ അദ്ധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ അസംബ്ലി മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ, മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി വിപി സാനു എന്നിവര്‍ സംസാരിച്ചു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പിപി വാസുദേവന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി ദിവാകരന്‍ വി ശശികുമാര്‍, പാറക്കോട്ടില്‍ ഉണ്ണി, സിഎച് ആഷിഖ്, വി രമേശന്‍, എന്‍സിപി നേതാക്കളായ ഹംസ പാലൂര്‍ മധു മാസ്റ്റര്‍ കുഞ്ഞുഹാജി രാധാ മോഹന്‍ (കോണ്‍ഗ്രസ് എസ്), ജോസ് പണ്ടാരപ്പള്ളി (കേരള കോണ്‍ഗ്രസ് എം), മൊയ്തീന്‍കുട്ടി (ഐഎന്‍എല്‍), ഉമ്മര്‍ ബൂട്ടോ(ജെഡിഎസ്), കെടി സന്തോഷ് (എല്‍ജെഡി), പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന്‍ റസീന, മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെടി ഇഖ്ബാല്‍, പുലാമന്തോള്‍ പഞ്ചായത്ത് പ്രസിഡണ്ട് സൗമ്യ, താഴേക്കോട് പഞ്ചായത്ത് പ്രസിഡണ്ട് സോഫിയ, എന്‍പി ഉണ്ണികൃഷ്ണന്‍, മുന്‍ നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലീം, രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ഏരിയാ സെക്രട്ടറി രാജേഷ് സ്വാഗതവും, എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ കെടി സെയ്ദ് നന്ദിയും പറഞ്ഞു.

 

Sharing is caring!