പാര്‍ട്ടി വിടുമോ സി പി ബാവഹാജി, നാളെ അറിയാം

പാര്‍ട്ടി വിടുമോ സി പി ബാവഹാജി, നാളെ അറിയാം

എടപ്പാള്‍: മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവഹാജിക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം കനക്കുന്നു. ലീഗ് പ്രവര്‍ത്തകര്‍ എടപ്പാളിലെ മാണൂരില്‍ പ്രതിഷേധ പ്രകടനം നടത്തി. തവനൂര്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെക്ക് പ്രതിഷേധം വ്യാപിക്കുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

സീറ്റ് നീഷേധിച്ചതിന്റെ ഭാഗമായി സി പി ബാവ ഹാജി പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവക്കാനൊരുങ്ങുകയാണ്. ഇതിനിടെ സി പി ബാവ ഹാജിയെ പാണക്കാട്ടേക്ക് വിളിപ്പിച്ചതായും സൂചനയുണ്ട്. സീറ്റ് നിഷേധത്തില്‍ പ്രതിഷേധിച്ച് വട്ടംകുളം പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് , രണ്ടാം വാര്‍ഡ് പഞ്ചായത്ത് മെമ്പറുമാര്‍ രാജിവച്ചു കൊണ്ടുള്ള കത്ത് നേതാക്കള്‍ക്ക് കൈമാറി.

വര്‍ഷങ്ങളായി മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനും, നേതാവുമാണ് പ്രവാസി വ്യവസായി ആയ സി പി ബാവഹാജി. ദുബായ് കെ എം സി സിയുടെ തുടക്കം മുതല്‍ അദ്ദേഹം സംഘടനാ പ്രവര്‍ത്തനത്തില്‍ മുന്നിട്ട് നിന്നിരുന്നു. പാര്‍ട്ടിയുടെ ഛത്തിസ്ഗഡ്, ബംഗാള്‍ സംസ്ഥാനങ്ങളിലെ വളര്‍ച്ചയ്ക്കായി ഒട്ടേറെ പരിശ്രമങ്ങള്‍ ബാവഹാജിയുടെ ഭാഗത്തു നിന്നുണ്ടായിരുന്നു. പലപ്പോഴായി മുസ്ലിം ലീഗ് ഇദ്ദേഹത്തിന് സീറ്റ് നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. പക്ഷേ ഇത്തവണയും നിരാശയായിരുന്നു ഫലം.

 

Sharing is caring!