മുസ്ലിംലീഗിന്റെ മൂന്‍ പഞ്ചായത്ത് പ്രസിഡന്റ് മലപ്പുറം വണ്ടൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി

മുസ്ലിംലീഗിന്റെ മൂന്‍ പഞ്ചായത്ത് പ്രസിഡന്റ് മലപ്പുറം വണ്ടൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി

മലപ്പുറം: പള്ളിക്കല്‍ പഞ്ചായത്തിലെ മുസ്ലിംലീഗ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന 28വയസ്സുകാരി പി. മിഥുന വണ്ടൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. യു.ഡി.എഫ് കോട്ടയായ വണ്ടൂര്‍ നിയോജക മണ്ഡലം കോണ്‍ഗ്രസ് സീറ്റാണ്. എ.പി.അനില്‍കുമാര്‍ എം.എല്‍.എയുടെ തട്ടകമായ ഇവിടെ മുന്‍ മലപ്പുറം ജില്ലാ കലക്ടര്‍ എം.സി മോഹന്‍ദാസിന്റെപേര് ഉള്‍പ്പെടെ വന്നിരുന്നെങ്കിലും സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നപ്പോള്‍ മിഥുനക്കാണ് നറുക്ക് വീണത്. അതേസമയം സംവരണ സീറ്റിലാണ് 2015ല്‍ വിദ്യാര്‍ത്ഥിയായിരുന്ന പി. മിഥുന ഗ്രാമപഞ്ചായത്ത് പ്രസിഡന്റായത്. ഈസമയത്ത് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന പേരും മിഥുന സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് ഇടതുപക്ഷ യുവജന സംഘടനകളുടെ പരിപാടികളില്‍ പങ്കെടുത്തുവെന്ന് പറഞ്ഞ് രണ്ടുവര്‍ഷംകൊണ്ട് തന്നെ പാര്‍ട്ടി വിരുദ്ധ ആരോപണത്തിന്റെപേരില്‍ മിഥുനക്കെതിരെ ലീഗില്‍നിന്നും പരാതികളുയര്‍ന്നു. ഇതിനിടയിലാണ് ലീഗും കെ.ടി. ജലീലും ശക്തമായ അടി നടക്കുന്ന സമയത്ത് പളിക്കല്‍ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനത്തിന് കെ ടി ജലീല്‍ എത്തിയത്. ഈ പദ്ധതി ഉദ്ഘാടനത്തിന് പങ്കെടുക്കരുതെന്ന് പാര്‍ട്ടി നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് വകവക്കാതെ മിഥുന കെ.ടി ജലീല്‍ പങ്കെടുത്ത പരിപാടിയില്‍ പങ്കെടുത്തതോട് മുസ്ലിംലീഗില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് പഞ്ചായത്തില്‍ ഭരണപക്ഷത്തു നിന്ന് മിഥുന എല്‍ഡിഎഫിനൊപ്പമായി. സംവരണ സീറ്റ് ആയതുകൊണ്ട് തന്നെ മുസ്ലിംലീഗില്‍ മറ്റൊരു ആള്‍ പഞ്ചായത്ത് പ്രസിഡന്റ് ആകാന്‍ ഇല്ലാത്തതിനാല്‍ തന്നെ മിഥുനയുടെ കയ്യില്‍ പ്രസിഡന്റ് സ്ഥാനം ഭദ്രമായി നിലനിന്നു. പിന്നീടങ്ങോട്ട പ്രതിപക്ഷത്തെ സഹായിച്ച ഭരണപക്ഷ പഞ്ചായത്ത് പ്രസിഡന്റ് പദം അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയാണ് മിഥുന പഞ്ചായത്തിന്റെ പടിയിറങ്ങിയത്. തുടര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിരിക്കേണ്ട എല്‍.ഡി.എഫ് ഭരണപക്ഷത്തും. ഭരണപക്ഷത്ത് ഇരിക്കേണ്ട യു.ഡി.എഫിനെ പ്രതിപക്ഷത്ത് ഇരുത്തി കൊണ്ടാണ് പി മിഥുന പഞ്ചായത്ത് വിട്ടത്. ഇനിയിപ്പോള്‍ നീണ്ട ഒരു ഇടവേളക്ക് ശേഷം മറ്റൊരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ് പി മിഥുന. 22ാം വയസിലാണ് മിഥുന പഞ്ചായത്തിന്റെ ഭരണസാരഥ്യം ഏറ്റെടുത്തത്. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമായിരുന്നു. രാഷ്ട്രീയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത മിഥുനയുടെ ആദ്യ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. ഇത്തവണ തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. മുസ്ലിം ലീഗുമായുള്ള ഭിന്നാഭിപ്രായങ്ങളെ തുടര്‍ന്നാണ് ഇടതുപക്ഷത്തിലേക്കെത്തിയത്. എം.എ, ബി.എഡ് ബിരുദധാരിണിയാണ്. പള്ളിക്കല്‍ കോഴിപ്പുറത്ത് താമസിക്കുന്ന മിഥുന അവിവാഹിതയാണ്.

 

Sharing is caring!