മലപ്പുറം ജില്ലയിലെ സി.പി.ഐ സ്ഥാനാര്‍ഥികള്‍ ഇവര്‍…

മലപ്പുറം ജില്ലയിലെ സി.പി.ഐ സ്ഥാനാര്‍ഥികള്‍ ഇവര്‍…

മലപ്പുറം ജില്ലയിലെ സി.പി.ഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തിരൂരങ്ങാടി, മഞ്ചേരി, ഏറാനാട് മണ്ഡലങ്ങളിലാണ് സി.പി.ഐ മത്സരിക്കുന്നത്.

അജിത് കൊളാടി

തിരൂരങ്ങാടി: അജിത് കൊളാടിയാണ് എല്‍ഡിഎഫ് തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥി. അന്തരിച്ച പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് കൊളാടി ഗോവിന്ദന്‍ കുട്ടിയുടെ മകനാണ്. 1980 മുതല്‍ എഐഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡണ്ട്, 1984ല്‍ എഐവൈഎഫ് ജില്ലാ പ്രസിഡണ്ട്, 1990 സിപിഐ ജില്ല അസി. സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് 15 വര്‍ഷത്തോളം വിദേശ രാജ്യങ്ങളില്‍ അധ്യാപകനായി ജോലിയെടുത്തു. കേരളത്തില്‍ അറിയപ്പെടുന്ന പ്രഭാഷകനും എഴുത്തുകാരനുമാണ്. 2015 മുതല്‍ സിപിഐ മലപ്പുറം ജില്ലാ അസി. സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയാണ്.

പി അബ്ദുല്‍ നാസര്‍ (ഡിബോണ നാസര്‍)

മഞ്ചേരി: നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പാണ്ടിക്കാട് സ്വദേശി പുഴക്കല്‍ വീട്ടില്‍ അബ്ദുല്‍ നാസര്‍ (ഡിബോണ നാസര്‍ 59) മത്സരിക്കും. നിലവില്‍ സിപിഐ മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. നിയമസഭയിലേക്ക് കന്നിയങ്കമാണ്. പാണ്ടിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 2015ല്‍ മുസ്ലിം ലീഗില്‍ നിന്നും രാജിവെച്ചാണ് സിപിഐയില്‍ ചേര്‍ന്നത്. പ്രവാസി ഫെഡറേഷന്‍, കിസാന്‍ സഭ എന്നിവയുടെ ജില്ല കമ്മിറ്റി അംഗമാണ്. മണ്ഡലം കമ്മിറ്റി പ്രധാനമായും ഈ പേര് മാത്രമാണ് പരിഗണിച്ചത്. കഴിഞ്ഞ തവണ സിപിഐക്കായി കെ മോഹന്‍ദാസാണ് മത്സരിച്ചിരുന്നത്. ഭാര്യ: സാബിറ കുരിക്കള്‍. മുഹമ്മദ് ഷെലൂബ്, ഡാനിഷ്, മുഹമ്മദ് ജവഹര്‍, മുഹമ്മദ് അഖില്‍, ഹാനി അഹമ്മദ് എന്നിവര്‍ മക്കളാണ്.

കെ ടി അബ്ദുറഹിമാന്‍

അരീക്കോട്: ഏറാനാട് മണ്ഡലത്തില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അരീക്കോട് പൂവത്തിക്കല്‍ സ്വദേശി കെ ടി അബ്ദുറഹിമാന്‍ തെഞ്ചേരി മത്സരിക്കും. രാഷ്ട്രീയം, പൊതു പ്രവര്‍ത്തനം, മാനുഷിക കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമാണ്. ഇ കെ നായനാര്‍ സഹകരണ ആശുപത്രി എടവണ്ണയുടെ 10 വര്‍ഷകാലമായുള്ള ഡയറക്ടറായും, ഹെല്‍പ ്ആന്റ് ക്വോളിറ്റി കെയര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റീ, സാധു സംരക്ഷണ സമിതി സൊസൈറ്റി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. നാലു പതിറ്റാണ്ടുകാലമായി ഇടതു പക്ഷത്തിന്റെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവ സാന്നിധ്യമാണ് കെ ടി അബ്ദുറഹ്മാന്‍.

Sharing is caring!