സ്വീപ് ഫുട്ബാള്‍ മത്സരം പൊലീസ് വെറ്ററന്‍സിന് വിജയം

സ്വീപ് ഫുട്ബാള്‍ മത്സരം പൊലീസ് വെറ്ററന്‍സിന് വിജയം

മലപ്പുറം: പൊതു തെരഞ്ഞെടുപ്പില്‍ പരമാവധി വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് സ്വീപ്പ് പദ്ധതിയുടെ ഭാഗമായി മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടത്തിയ ഫുട്ബാള്‍ മത്സരത്തില്‍ പൊലീസ് വെറ്ററന്‍സിന് വിജയം. കേരള പൊലീസ് വെറ്ററന്‍സും മലപ്പുറം വെറ്ററന്‍സും തമ്മിലാണ് ഏറ്റുമുട്ടിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഐ.എം വിജയന്‍ നയിച്ച പൊലീസ് സംഘം ഒന്നിനെതിരെ മൂന്ന് ഗോളിന് ജയിച്ചു. എം.എസ്.പി അസി. കമാന്‍ഡന്റുമാരും മുന്‍ ദേശീയ താരങ്ങളുമായ ഹബീബ് റഹ്മാനും റോയ് റോജസും ഉള്‍പ്പെട്ടതായിരുന്നു പൊലീസ്. ടീം. ആദ്യ പകുതിയില്‍ വിജയനെ ബോക്സില്‍ ഫൗള്‍ ചെയ്തതിനെത്തുടര്‍ന്ന് ലഭിച്ച പെനല്‍റ്റി കിക്ക് മുഹമ്മദ് ബഷീര്‍ ലക്ഷ്യത്തിലെത്തിച്ചു. മുന്‍ ജില്ലാ സീനിയര്‍ താരം മന്‍സൂര്‍ അലിയിലൂടെ മലപ്പുറം വെറ്ററന്‍സ് ഗോള്‍ മടക്കി. ആദ്യ പകുതി സമനിലയില്‍ അവസാനിച്ചു. രണ്ടാം പകുതിയില്‍ കളി തീരാന്‍ നേരം ഹമീദും ജിബിനും പൊലീസ് വെറ്ററന്‍സിന്റെ ലീഡുയര്‍ത്തി. ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ കിക്കോഫ് നിര്‍വഹിച്ചു. എം.എസ്.പി കമാന്‍ഡന്റ് യു. അബ്ദുല്‍ കരീം, അസി. കലക്ടര്‍ പി. വിഷ്ണുരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Sharing is caring!