ദാറുല്‍ഹുദാ ബിരുദദാന സമ്മേളനത്തിന് തുടക്കം
ഹിദായ നഗര്‍ (തിരൂരങ്ങാടി): ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ ബിരുദദാന-മഅ്റാജ് പ്രാര്‍ത്ഥനാ സമ്മേളനത്തിന് ചെമ്മാട് ഹിദായ നഗറില്‍ തുടക്കമായി. ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി ട്രഷറര്‍ കെ.എം സെയ്ദലവി ഹാജി കോട്ടക്കല്‍ പതാക ഉയര്‍ത്തിയതോടെയാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന വാഴ്സിറ്റിയുടെ ബിരുദദാന-പ്രാര്‍ത്ഥനാ സമ്മേളനത്തിന് തുടക്കം കുറിച്ചത്.
വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, ജനറല്‍ സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട്, സി.യൂസുഫ് ഫൈസി മേല്‍മുറി, ഇബ്രാഹീം ഫൈസി തരിശ്, കെ.സി മുഹമ്മദ് ബാഖവി, ഹംസ ഹാജി മൂന്നിയൂര്‍, ഇസ്ഹാഖ് ബാഖവി ചെമ്മാട്, സി.കെ മുഹമ്മദ് ഹാജി, ഇബ്രാഹീം ഹാജി തയ്യിലക്കടവ്, ചെറീത് ഹാജി വേങ്ങര സംബന്ധിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പൊതുജനപങ്കാത്തിമല്ലിതെയാണ് ഇത്തവണത്തെ സമ്മേളന പരിപാടികള്‍.
ബിരുദം വാങ്ങുന്ന പണ്ഡിതരുടെ സാന്നിധ്യത്തില്‍, ഇന്നലെ വൈകീട്ട് 4.30 ന് മമ്പുറം മഖാമില്‍ നടന്ന സിയാറത്തിന് സമസ്ത കേന്ദ്ര മുശവറാംഗം കാടേരി മുഹമ്മദ് മുസ്ലിയാര് നേതൃത്വം നല്കി.
രാവിലെ പത്ത് മണി മുതല്‍ വാഴ്സിറ്റി ഓഡിറ്റോറിയത്തില്‍ നാഷണല്‍ ഹുദവീസ് മീറ്റ് നടന്നു. ആദ്യ സെക്ഷന്‍ വാക് വിത്ത് ലീഡേഴ്സ് ദാറുല്‍ഹുദാ ജന. സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട് ഉദ്ഘാടനം ചെയ്തു. മുസ്തഖീം അഹ്മദ് ഫൈസി ബീഹാര്‍ അധ്യക്ഷനായി. രജിസ്ട്രാര്‍ എം.കെ ജാബിറലി ഹുദവി, ഇബ്രാഹീം ഫൈസി തരിശ്, അമീര്‍ ഹുസൈന് ഹുദവി, വി.സി.പി ബാവ ഹാജി ചിറമംഗലം, അബ്ദുല്ലക്കുട്ടി ഹാജി താനാളൂര്‍ സംബന്ധിച്ചു.
രണ്ടാം സെഷന് ബെറ്റര്‍ റ്റിയുമോറോ ഡോ. ഹാശിം നദ്വി ജലാല്‍പൂര്‍ ഉദ്ഘാടനം ചെയ്തു. ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദലി ഹുദവി എറണാകുളം, അലി ഹസന് ഹുദവി കോട്ടക്കല്‍, നൗഫല്‍ ഹുദവി മേലാറ്റൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വൈകീട്ട് ഏഴിന് നടന്ന ‘മൈല്‍സ് റ്റൂ ഗോ ‘ സെഷന് ദാറുല്‍ഹുദാ നാഷണല്‍ പ്രൊജക്ട് ചെയര്മാന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനായി. മുഫ്തി അലാഉദ്ദീന്‍ ഖാദിരി മുംബൈ, വി.ടി അബ്ദുല്‍ റഫീഖ് ഹുദവി കടുങ്ങല്ലൂര്‍, റഫീഖ് ഹുദവി കോലാര്‍, പി.കെ അബ്ദുന്നാസ്വിര്‍ ഹുദവി കൈപ്പുറം, അശ്റഫ് അലീമി യു.പി സംസാരിച്ചു.
ഇന്ന് രാവിലെ 9 മണിക്ക് സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്, ഡോ.യു.ബാപ്പുട്ടി ഹാജി എന്നിവരുടെ മഖാം സിയാറത്ത് നടക്കും. ഇ.കെ ഹസന് കുട്ടി മുസ്ലിയാര് തൃപ്പനച്ചി നേതൃത്വം നല്‍കും.
പത്ത് മണിക്ക് ഹുദവി സംഗമവും സ്ഥാനവസ്ത്ര വിതരണവും നടക്കും. സംഗമം സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി വിശിഷ്ടാതിഥിയാകും. സ്ഥാന വസ്ത്രം സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ വിതരണം ചെയ്യും. പിജി ഡീന്‍ എ.ടി ഇബ്രാഹീം ഫൈസി തരിശ് അധ്യക്ഷനാകും. കെ.സി മുഹമ്മദ് ബാഖവി കിഴിശ്ശേരി മുഖ്യപ്രഭാഷണവും പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയയുടെ ജന.സെക്രട്ടറി പി.കെ ശരീഫ് ഹുദവി ചെമ്മാട് സന്ദേശപ്രഭാഷണവും നിര്‍വഹിക്കും.
ഉച്ചക്ക് 1.15 ന് ഖത്മ് ദുആ മജ്ലിസ് നടക്കും. സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി നേതൃത്വം നല്‍കും. സി. യൂസുഫ് ഫൈസി മേല്‍മുറി അധ്യക്ഷനാകും.
വൈകീട്ട് 4.30 ന് നടക്കുന്ന ബിരുദദാന സമ്മേളനം ചാന്‍സലര്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 428 യുവ പണ്ഡിതര്‍ക്കുള്ള ബിരുദദാനവും തങ്ങള്‍ നിര്‍വഹിക്കും.
സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും. ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര് മുഖ്യപ്രഭാഷണവും സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് ആശംസാ പ്രസംഗവും നടത്തും. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ബിരുദദാന പ്രഭാഷണം നിര്‍വഹിക്കും. ചടങ്ങില്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിയുടെ ഓര്മ പുസ്തകം ‘ജീവിതദാനം’ പ്രകാശിതമാകും.
സയ്യിദ് ബശീര്‍ അലി ശിഹാബ് തങ്ങള്‍, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, യു.എം അബ്ദര്‍റഹ്മാന്‍ മുസ്ലിയാര്, എം.പി മുസ്ഥഫല് ഫൈസി, സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, ആദ്യശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്, പി.കെ കുഞ്ഞാലിക്കു്ട്ടി, പി.കെ അബ്ദുര്‍റബ്ബ് എം.എല്‍.എ, നഗരസഭാ ചെയര്മാന് കെ.പി മുഹമ്മദ് കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും.
തുടര്‍ന്നു നടക്കുന്ന മിഅ്റാജ് ദിന പ്രാര്‍ത്ഥനാ സദസ്സ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി. ഇസ്ഹാഖ് ബാഖവി ചെമ്മാട് അധ്യക്ഷനാകും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മിഅ്റാജ് പ്രഭാഷണം നടത്തും. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ പ്രാര്‍ത്ഥനാ സദസ്സിന് നേതൃത്വം നല്‍കും. നിരവധി സയ്യിദുമാരും പണ്ഡിതരും സദസ്സില്‍ പങ്കെടുക്കും.
രാഷ്ട്രനിര്‍മിതയില്‍ പണ്ഡിതര്‍ ഭാഗധേയം വഹിക്കണം:
മുനവ്വറലി ശിഹാബ് തങ്ങള്‍
ഹിദായ നഗര്‍: രാഷ്ട്ര നിര്‍മിതിയില്‍ പണ്ഡിതര്‍ തങ്ങളുടേതായ ഭാഗധേയം വഹിക്കണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന നാഷണല്‍ ഹുദവീസ് മീറ്റിലെ ‘മൈല്‍സ് ടു ഗോ’ സെഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതര ജനാധിപത്യ രാഷ്ട്രമായി ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ പൂര്‍വ പണ്ഡിതര്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിയത് ശ്രദ്ധേയമാണ്. പുതുതലമുറയെ വര്‍ഗീയ ചിന്തകളില്‍ നിന്നകറ്റാനും ദേശസ്നേഹവും രാഷ്ട്രബോധവുമുള്ളവരാക്കി അവരെ വളര്‍ത്തിയെടുക്കാനും പണ്ഡിതര്‍ ക്രിയാത്മകമായി വര്‍ത്തിക്കണമെന്നും തങ്ങള്‍ പറഞ്ഞു. രാജ്യവ്യാപകമായി സാമൂഹ്യ ശാക്തീകരണം സാധ്യമാക്കണമെങ്കില്‍ വിദ്യാഭ്യാസ ജാഗരണം അനിവാര്യമാണെന്നും ദാറുല്‍ഹുദായുടെ വിദ്യാഭ്യാസ സംരംങ്ങളിലൂടെ പുതിയ നവോത്ഥാനം സൃഷ്ടിച്ചെടുക്കാനാകാമെന്നും തങ്ങള്‍ പറഞ്ഞു.
കര്‍മഗോദയിലേക്ക് 428 യുവപണ്ഡിതര്‍
ഹിദായ നഗര്‍: ദാറുല്‍ഹുദായുടെ ബിരുദദാന സമ്മേളനത്തില്‍ ഇന്ന് 428 യുവ പണ്ഡിതര്‍ മൗലവി ഫാളില്‍ ഹുദവി ബിരുദം ഏറ്റുവാങ്ങും.
വാഴ്സിറ്റിയുടെ നീണ്ട പന്ത്രണ്ട് വര്‍ഷത്തെ സമന്വയ പഠനം പൂര്‍ത്തിയാക്കിയ മൂന്ന് ബാച്ചുകളിലെ പണ്ഡിതര്‍ക്കാണ് ഹുദവി പട്ടം നല്‍കുന്നത്. ഇതില്‍ 29 പേര് വാഴ്സിറ്റിയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനു കീഴില്‍ പഠനം പൂര്‍ത്തിയാക്കിയ കേരളേതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.
ഒരു വ്യാഴവട്ട കാലത്തെ ദാറുല്‍ഹുദാ വിദ്യാഭ്യാസത്തോടൊപ്പം രണ്ട് വര്‍ഷത്തെ നിര്‍ബന്ധിത വിദ്യാഭ്യാസ-സാമൂഹിക സേവനം കൂടി പൂര്‍ത്തീകരിച്ചവര്‍ക്കാണ് ബിരുദം നല്‍കുന്നത്.
ചാന്‍സലര്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ബിരുദദാനവും വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ബിരുദദാന പ്രസംഗവും നിര്‍വഹിക്കും.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]