കോഡൂരില്‍ യുവതിയുടെ മാലപ്പെട്ടിച്ച അന്തര്‍ ജില്ലാ മാലമോഷ്ടാക്കള്‍ പിടിയില്‍

കോഡൂരില്‍ യുവതിയുടെ മാലപ്പെട്ടിച്ച അന്തര്‍ ജില്ലാ മാലമോഷ്ടാക്കള്‍ പിടിയില്‍

മഞ്ചേരി: അന്തര്‍ ജില്ലാ മാല മോഷ്ടാക്കളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. എറണാംകുളം പെരുമ്പാവൂര്‍ മാടംപിള്ളി മടവന സിദ്ദീഖ് (46), മലപ്പുറം പാണ്ടിക്കാട് മോഴക്കല്‍ പട്ടാണി അബ്ദുള്‍ അസീസ് (44) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം വെസ്റ്റ് കോഡൂരിലെ യുവതിയുടെ രണ്ട് പവന്‍ മാല കവര്‍ന്ന കേസിലാണ് അറസ്റ്റ്. മോഷണത്തിനായി ഉപയോഗിച്ച ബൈക്കും മാലയും പൊലീസ് കണ്ടെടുത്തു. മങ്കര പാലപ്പറ്റയില്‍ നിന്നും മോഷ്ടിച്ച ബൈക്ക് വ്യാജനമ്പര്‍ ഉപയോഗിച്ചാണ് ഓടിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 2021 മാര്‍ച്ച് രണ്ടിന് ഉച്ചക്കാണ് കേസിന്നാസ്പദമായ സംഭവം. ബാങ്കില്‍ പോയി വീട്ടിലേക്ക് നടന്നു വരികയായിരുന്ന യുവതിയുടെ അരികില്‍ വിലാസം ചോദിക്കാനെന്ന രീതിയില്‍ ബൈക്ക് നിര്‍ത്തി സംസാരിക്കുന്നതിനിടയില്‍ മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. അറസ്റ്റിലായ അബ്ദുള്‍ അസീസിന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി അമ്പലമോഷണം, വാഹന മോഷണം, ബിവറേജുകളും ഗവ. ഓഫീസുകളും പൊളിച്ചുള്ള കളവ്, ആളില്ലാത്ത വീടുകള്‍ പൊളിച്ചുള്ള കളവുകളടക്കം 30 ഓളം കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞ വര്‍ഷം ചന്ദനത്തടി മോഷ്ടിച്ച് കൊണ്ടു പോകുന്നതിനിടെ അട്ടപ്പാടിയില്‍ വച്ച് പിടിക്കപ്പെട്ട് 5 മാസം മുന്‍പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. പിടിയിലായ മടവന സിദ്ദീഖിന് മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍ ജില്ല കളിലായി മാലമോഷണം, വാഹനമോഷണം, വീട് പൊളിച്ചുള്ള കവര്‍ച്ചയടക്കം 40 ഓളം കേസിലെ പ്രതിയാണ്. കഴിഞ്ഞ വര്‍ഷം സമാന സംഭവത്തിന് ഷൊര്‍ണ്ണൂരില്‍ നിന്നും പിടിക്കപ്പെട്ട് 2 മാസം മുന്‍പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. വിവിധ സ്ഥലങ്ങളില്‍ കുടുംബ സമേതം വാടകക്ക് താമസിച്ചാണ് ഇയാള്‍ കളവുകള്‍ നടത്തി വന്നിരുന്നത്. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം ഇന്‍സ്പെക്ടര്‍ പ്രേം സദന്‍, എസ്ഐ ബിപിന്‍ പി നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ പി സഞ്ജീവ്, സത്യനാഥന്‍ മനാട്ട്, അബ്ദുള്‍ അസീസ് എന്നിവര്‍ക്ക് പുറമെ മലപ്പുറം സ്റ്റേഷനിലെ എസ് ഐ ജയന്‍ കെ എസ്്, രാജേഷ് രവി, അജിത്ത് കുമാര്‍, സഗേഷ്, ഗിരീഷ്, പ്രശോഭ് എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

 

Sharing is caring!