റാഹിനയുടെ  വീടെന്ന സ്വപ്നം പൂവണിഞ്ഞു

പൊന്നാനി: റാഹിനയുടെ സ്വപ്നങ്ങളിൽ വലിയ ആകാശവും നക്ഷത്രങ്ങളുമാണ്. നന്നായി പഠിച്ചു വലുതായി ഒരു ടീച്ചറാകണം. പാവങ്ങളുടെ കണ്ണീരു കാണുന്ന ഒരു ടീച്ചർ. സ്വസ്ഥമായി ഇരുന്ന് പഠിക്കാനും സ്വന്തമെന്ന് പറയാനും കഴിയുന്ന ഒരു വീട് റാഹിനയുടേയും കുടുംബത്തിൻ്റെയും സ്വപ്നമായിരുന്നു. എത്തിപ്പിടിക്കാൻ സാധിക്കില്ലെന്ന് കരുതിയ സ്വപ്നം. പുറങ്ങ് മാരാമുറ്റം കൈതമന ക്ഷേത്രത്തിനടുത്താണ്
കറുകത്തിരുത്തി എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥി റാഹിനക്കായി കെ.പി.എസ്.ടി.എ ഗാന്ധിഗൃഹം നിർമ്മിച്ചു നൽകിയത്. ചോർന്നൊലിക്കുന്ന കൂരക്കകത്ത് മഴക്കാലമായാൽ, വീടിനകത്ത് മുമ്പുണ്ടായിരുന്ന കിണറിൻ്റെ ഭാഗത്തു നിന്ന് വെള്ളം ഉറവയെടുക്കുകയും കിടക്കാൻ പോലും സ്ഥലമില്ലാതെ ദുരിതത്തിലായിരുന്ന കുടുംബത്തിൻ്റെ താമസയോഗ്യമായ വീടെന്ന സ്വപ്നത്തിന് നിറം ചാർത്തിയത് ഒരു കൂട്ടം അധ്യാപകരാണ്. കെ.പി.എസ്.ടി.എ എന്ന അധ്യാപക സംഘടനയിലെ പൊന്നാനി ഉപജില്ലയിലെ അധ്യാപകരുടെ കൂട്ടായ പരിശ്രമത്തിലാണ് ഇവർക്ക് മനോഹരമായ വീട് ഒരുങ്ങിയത്.തങ്ങൾക്ക് സ്വപ്നം മാത്രമായിരുന്ന വീട് യാഥാർത്ഥ്യമാക്കിയതിൻ്റെ സന്തോഷത്തിലാണ് റാഹിനയുടെ മാതാവും.ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി അധ്യാപകർ നിർദ്ദേശിച്ച കുട്ടികളുടെ വീടുകൾ സന്ദർശിച്ച് വിലയിരുത്തിയാണ് അർഹരായ കുടുംബത്തെ തെരഞ്ഞെടുത്തത്.   സദുദ്യമവുമായി അധ്യാപകർ വന്നപ്പോൾ അയൽവാസികൾ പിന്തുണയുമായി കൂടെ നിന്നു.വീടിൻ്റെ താക്കോൽദാനം മാർച്ച് 10-ന് ടി.എൻ.പ്രതാപൻ എം.പി നിർവ്വഹിക്കും. കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡൻ്റ് വി കെ അജിത് കുമാർ മുഖ്യാതിഥിയാകും

Sharing is caring!