തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം പരാതിപ്പെടാന്‍ സിവിജില്‍ മൊബൈല്‍ ആപ്പ്

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം പരാതിപ്പെടാന്‍ സിവിജില്‍ മൊബൈല്‍ ആപ്പ്

മലപ്പുറം: നിയമസഭാ/ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സി വിജില്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് നേരിട്ട് പരാതിപ്പെടാം. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം, തെരഞ്ഞെടുപ്പ് ചെലവ് പരിധി ലംഘനം തുടങ്ങിയവ ശ്രദ്ധയില്‍ പെട്ടാല്‍ അതിന്റെ ചിത്രമോ വീഡിയോ ദൃശ്യമോ സഹിതം ആപ്പ് വഴി തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചുകൊടുക്കാം.
വളരെ എളുപ്പം ഉപയോഗിക്കാവുന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനാണ് സി- വിജില്‍ ആപ്പ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് വീഡിയോ, ഫോട്ടോ ഓപ്ഷനുകള്‍ തിരഞ്ഞെടുത്ത് ദൃശ്യം പകര്‍ത്തി സി വിജില്‍ വഴി ജില്ലാ തെരഞ്ഞെടുപ്പ് സെന്ററിലേക്ക് അയയ്ക്കാം. പരാതിപ്പെടുന്നയാള്‍ അയാളുടെ വ്യക്തിത്വം വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ല എന്ന പ്രത്യേകതയും ആപ്പിനുണ്ട്. പരാതി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പരാതി ട്രാക്ക് ചെയ്ത് നിലവിലെ അവസ്ഥ അറിയാനുള്ള സംവിധാനവുമുണ്ട്. ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവുമായി ബന്ധപ്പെടുത്തിയാണ് ആപ്പിന്റെ പ്രവര്‍ത്തനം. അതിനാല്‍ ചട്ടലംഘനം വ്യക്തമാക്കുന്ന ചിത്രം, വീഡിയോ എടുക്കുന്ന സ്ഥലത്തു നിന്നു തന്നെ ആപ്പില്‍ അപ്ലോഡ് ചെയ്യണം. പരാതി നല്‍കുന്ന നടപടി ആരംഭിച്ചാല്‍ അഞ്ച് മിനുട്ടിനകം ഫോട്ടോയും വീഡിയോയും അപ്ലോഡ് ചെയ്തു കഴിയണം.

ഒരു പരാതി സമര്‍പ്പിച്ചാല്‍ അഞ്ചുമിനുട്ടിനു ശേഷമേ അടുത്ത പരാതി നല്‍കാനാവൂ. ഇങ്ങനെ ലഭിക്കുന്ന പരാതികളില്‍ നൂറ് മിനിറ്റിനകം നടപടി സ്വീകരിക്കും. ഒരാള്‍ നല്‍കുന്ന പരാതി ആദ്യമെത്തുന്നത് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമിലാണ്. ഈ പരാതി ലഭിച്ചാല്‍ അഞ്ചു മിനുറ്റിനകം ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്നും സന്ദേശം അതതു നിയമസഭാ മണ്ഡലങ്ങളിലെ സ്‌ക്വാഡുകള്‍ക്ക് കൈമാറും. അവര്‍ ഉടന്‍ സ്ഥലത്തെത്തി നടപടി സ്വീകരിക്കും. സ്വീകരിച്ച നടപടി 100 മിനിറ്റിനകം പരാതിക്കാരനെ അറിയിക്കും. കൂടുതല്‍ പരിശോധന ആവശ്യമുള്ള പരാതികള്‍ ജില്ലാതല സമിതിക്കുള്‍പ്പെടെ മുകള്‍ തട്ടിലേക്കു കൈമാറുന്ന തരത്തിലാണ് ആപ്പിന്റെ പ്രവര്‍ത്തനം.

പോസ്റ്റല്‍ ബാലറ്റ്: അപേക്ഷാ ഫോം വിതരണം തുടങ്ങി

ജില്ലയിലെ 80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കോവിഡ് പോസിറ്റിവായും നിരീക്ഷണത്തിലും കഴിയുന്നവര്‍ക്കുമുള്ള പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ ഫോം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴി വിതരണം ചെയ്തു തുടങ്ങി. പോസ്റ്റല്‍ വോട്ടിനായി റിട്ടേണിങ് ഓഫീസര്‍ക്ക് ഫോം 12-ഡിയിലാണ് സമ്മതിദായകന്‍ അപേക്ഷ നല്‍കേണ്ടത്. തെരഞ്ഞെടുപ്പ് ചുമതലയുള്ള ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ ഈ അപേക്ഷാ ഫോം സമ്മതിദായകരുടെ വീട്ടില്‍ നേരിട്ടെത്തിക്കുകയും പൂരിപ്പിച്ച അപേക്ഷകള്‍ വിജ്ഞാപനം വന്ന് അഞ്ചു ദിവസത്തിനകം ഓഫീസര്‍മാര്‍ തന്നെ തിരികെ വാങ്ങുകയും ചെയ്യും.

തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്ന മാര്‍ച്ച് 12 മുതല്‍ മാര്‍ച്ച് 16 വരെയാണ് പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷകള്‍ സ്വീകരിക്കുക. മാര്‍ച്ച് 16 നു ശേഷം തപാല്‍ വോട്ട് അനുവദിക്കില്ല. ഈ തീയതിക്കു ശേഷം കോവിഡ് സ്ഥിരീകരിക്കുകയോ ക്വാറന്റൈനിലാകുകയോ ചെയ്യുന്നവര്‍ക്ക് പോളിങ് ദിവസം വോട്ടെടുപ്പിന്റെ അവസാന ഒരു മണിക്കൂറില്‍ പി.പി.ഇ കിറ്റ് ധരിച്ചു നേരിട്ടു ബൂത്തിലെത്തി വേട്ട് ചെയ്യണം.
ശാരീരിക വൈകല്യം മൂലം പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കുന്നവര്‍ ഫോം 12-ഡിയോടൊപ്പം വൈകല്യം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കണം. കോവിഡ് രോഗികളായവരും ക്വാറന്റൈനില്‍ കഴിയുന്നവരും അക്കാര്യം തെളിയിക്കുന്ന മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും അപേക്ഷയ്‌ക്കൊപ്പം നല്‍കണം.

തപാല്‍ വോട്ടിനുള്ള അപേക്ഷകള്‍ പരിശോധിച്ച ശേഷം റിട്ടേണിങ് ഓഫീസര്‍ ബാലറ്റ് പേപ്പറുകള്‍ നേരിട്ട് സമ്മതിദായകന്റെ അടുത്ത് എത്തിക്കും. പോസ്റ്റല്‍ വോട്ട് അനുവദിക്കുന്ന സമ്മതിദായകരുടെ പേരിനു നേര്‍ക്ക് വോട്ടര്‍ പട്ടികയില്‍ ‘പി ബി’ എന്ന് ഇംഗ്ലീഷില്‍ രേഖപ്പെടുത്തും. ഇവര്‍ക്കു പിന്നീട് ഈ തെരഞ്ഞെടുപ്പില്‍ ബൂത്തിലെത്തി വോട്ട് ചെയ്യാനാകില്ല. സമ്മതിദായകനെക്കൊണ്ടു വോട്ട് ചെയ്യിച്ചു ബാലറ്റ് പേപ്പര്‍ തിരികെ വാങ്ങുന്നതിന് പ്രത്യേക പോളിങ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ബൂത്തിലെത്തി വോട്ട് ചെയ്യുന്ന എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാകും പോസ്റ്റല്‍ ബാലറ്റ് പേപ്പറില്‍ സമ്മതിദായകനെക്കൊണ്ടു വോട്ട് ചെയ്യിപ്പിച്ച് തിരികെ വാങ്ങുക. പോസ്റ്റല്‍ ബാലറ്റിന്റെ ഒരു ഘട്ടത്തിലും സമ്മതിദായകന് അപേക്ഷയോ ബാലറ്റോ റിട്ടേണിങ് ഓഫീസര്‍ക്ക് നേരിട്ട് അയക്കാന്‍ കഴിയില്ല. പോളിങ് ഉദ്യോഗസ്ഥര്‍ മുഖേന മാത്രമാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വോട്ട് രേഖപ്പെടുത്താനാകൂ.

Sharing is caring!