മാനവഹൃദയമുള്ള ഒരു രാഷ്ട്രീയ നേതാവാണ് സാദിഖലി തങ്ങള്‍: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി

മലപ്പുറം: കാപട്യം നിറഞ്ഞ രാഷ്ട്രീയ ലോകത്ത് മനുഷ്യനെ സ്‌നേഹിക്കുന്ന ഹൃദയമുണ്ടാകുകയെന്നത് അപൂര്‍വമാണ്. ഈ യാത്ര നടത്തുന്ന സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ മാനവഹൃദയമുള്ള ഒരു രാഷ്ട്രീയ നേതാവാണെന്ന് ഈ യാത്രയുടെ മുദ്രാവാക്യത്തിലൂടെ തെളിയിച്ചിരിക്കുന്നുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി പറഞ്ഞു. അരീക്കോട് പത്തനാപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. നരനും നരനും തമ്മില്‍ സാഹോദര്യം ഉദിക്കണം. അതില്ലാത്തതെല്ലാം മായയാണ്. ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമാണ് മനുഷ്യന്റെ ജനനം. എല്ലാ മതങ്ങളും വേദഗ്രന്ഥങ്ങളും ഉല്‍ഘോഷിക്കുന്നത് ഒരേ ആശയമാണ്. ഖുര്‍ആനും ബൈബിളും മറ്റ് വേദങ്ങളും ഇത് തന്നെയാണ് പറയുന്നത്. അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടനെതിരെ ആരും ശബ്ദിക്കാനില്ലാത്ത കാലത്ത് സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിനും വിദ്യാഭാസത്തിനും വേണ്ടി നില കൊണ്ടവരാണ് മുസ്ലിംങ്ങള്‍. ബഹദൂര്‍ഷാ സഫറിന്റെ നേതൃത്വത്തില്‍ യുദ്ധം തുടങ്ങി. 1857 ല്‍ കൊളോണിയല്‍ വാഴ്ചക്കെതിരെ ആദ്യമായി സമരം ചെയ്തവര്‍ പട്ടാളക്കാരാണ്. ഇതിനെ ചരിത്രത്തില്‍ ശിപായി ലഹള എന്നാണ് അറിയപ്പെടുന്നത്. അന്ന് തൊട്ട് വിവിധ രീതിയിലുള്ള സമരത്തിലൂടെ 200 വര്‍ഷം നടത്തിയ ഐതിഹാസിക പോരാട്ടമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തത്. ഈ സ്വാതന്ത്ര്യമാണ് ഇന്ത്യയെ ഒരു ജനാധിപത്യ രാഷ്ട്രമാക്കി മാറ്റിയത്. അന്ന് തൊട്ടാണ് ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാറുകള്‍ രൂപപ്പെടുന്നത്. അവിടിന്നിങ്ങോട്ടാണ് ഇന്ത്യ മതാത്മക സമൂഹത്തില്‍ നിന്ന് മതേതരത്വത്തിലേക്ക് വഴി മാറുന്നത്. പിന്നീട് ഭരണഘടനയുണ്ടാക്കി മൗലികാവകാശങ്ങള്‍ ഉള്‍പ്പെടുത്തി ആര്‍ട്ടിക്കിള്‍ 14ഉം 15ഉം അനുസരിച്ച് എല്ലാവരും സമന്മാര്‍, തുല്യര്‍, അവര്‍ക്ക് ഏത് മതത്തില്‍ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും പ്രവര്‍ത്തിക്കാനും ആചാരാനുഷ്ടാനങ്ങള്‍ കൊണ്ട് നടക്കാനും കഴിഞ്ഞത്. എന്നാലിപ്പോള്‍ ഇതിനെല്ലാം വിഘ്‌നം സംഭവിച്ചിരിക്കുന്നു. അതിനെതിരെയുള്ള ഈ ബോധവല്‍ക്കരണ യാത്ര സമൂഹം സ്വീകരിച്ചതിന് തെളിവാണ് ഈ ആയിരങ്ങള്‍ തടിച്ച് കൂടിയിരിക്കുന്നത്.

 

Sharing is caring!