ആഫ്രിക്കയില്‍നിന്ന് 11ന് തിരിച്ചെത്തുമെന്ന് പി.വി.അന്‍വര്‍ എം.എല്‍.എ

ആഫ്രിക്കയില്‍നിന്ന് 11ന് തിരിച്ചെത്തുമെന്ന് പി.വി.അന്‍വര്‍ എം.എല്‍.എ

മലപ്പുറം: ആഫ്രിക്കയിലുള്ള പി.വി.അന്‍വര്‍ എം.എല്‍.എ ഈമാസം 11ന് തിരിച്ചെത്തും. ഫേസ്ബുക്ക് പേജിലൂടെ അന്‍വര്‍തന്നെയാണ് വീഡിയോയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും നിലമ്പൂര്‍ എം.എല്‍.എ എവിടെ എന്ന് രാഷ്ട്രീയ എതിരാളികളുടെ ചോദ്യത്തിന് മറുപടിയുമായി ഫേസ്ബുക്ക് വീഡിയോയിലുടെയാണ് അന്‍വര്‍ വീണ്ടും രംഗത്തുവന്നത്. വ്യാപാര ആവശ്യങ്ങള്‍ക്കായാണ് ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലേക്ക് അന്‍വര്‍ പോയത്. എംഎല്‍എയുടെ അസാന്നിധ്യം യു.ഡി.എഫ് കേന്ദ്രങ്ങള്‍ രാഷ്ര്ടീയ ആയുധമാക്കുന്നതിനിടെയാണ് അന്‍വര്‍ വീണ്ടും വിഡിയോയിലെത്തിയത്

അന്‍വറിന്റെ വാക്കുകള്‍ ഇങ്ങനെ:
തിരഞ്ഞെടുപ്പ് അടുത്തു..തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കപ്പെട്ടു.എംഎല്‍എയെ കാണാനില്ല..എംഎല്‍എ വരില്ല എന്ന് പറയുന്ന വാര്‍ത്തകള്‍ സ്ഥിരമായി പത്രമാധ്യമങ്ങളില്‍ എതിരാളികള്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്കും, ഞാന്‍ ഇല്ലാതാകണമെന്ന് ആഗ്രഹിച്ചവര്‍ക്കുമാണ് എന്നെ കാണാന്‍ ഏറ്റവും കൂടുതല്‍ ധൃതിയുള്ളത്. അതെതെങ്കിലും ആകട്ടെ..വിശദമായ വീഡിയോയുമായി പിന്നീട് വരാം.

ഒരൊറ്റ കാര്യം നിലമ്പൂരിലെ ജനങ്ങളെയും, കേരളത്തിലെ എന്റെ അഭ്യുദയകാംക്ഷികളെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഈ വീഡിയോ അയയ്ക്കുന്നത്. 10 ാം തീയതിയോട് കൂടി ഇവിടെ നിന്ന് പുറപ്പെട്ട് 11 ാം തീയതിയോടെ നാട്ടിലെത്തും എന്ന വിവരം അറിയിക്കുകയാണ്. തീര്‍ച്ചായായും ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം വളരെ സജീവമായി ജനങ്ങളോടൊപ്പം ഞാനുണ്ടാകും.അത് ആര് പരിശ്രമിച്ചാലും എന്തൊക്കെ കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ചാലും, എന്റെ ജനങ്ങളെ അറിയിക്കുകയാണ്. മറ്റുള്ള കാര്യങ്ങള്‍ വിശദമായി ഇവിടെ നിന്ന് പുറപ്പെടുന്നതിന് മുമ്പ് അറിയിക്കുന്നതായിരിക്കും. ബിസിനസ് ആവശ്യത്തിനുള്ള അന്‍വറിന്റെ വിദേശയാത്രയില്‍ അസ്വാഭാവികതയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവന്‍ വിശദീകരിച്ചിരുന്നു. ഡിസംബറില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കുപോലും നില്‍ക്കാതെ പി.വി അന്‍വര്‍ എം.എല്‍.എ വിദേശത്തേക്ക് പോയത്.നിയമസഭയുടെ ബജറ്റ് സമ്മേളനത്തിലും എംഎല്‍എ പങ്കെടുത്തിരുന്നില്ല. ഇതോടെ നിലമ്പൂരിലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എല്‍.എയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Sharing is caring!