ലീഗ് സീറ്റ് പിടിച്ചെടുക്കാന്‍ മുസ്ലിംലീഗിന്റെ മലപ്പുറം മുന്‍നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫയെ കളത്തിലിറക്കാന്‍ സി.പി.എം

ലീഗ് സീറ്റ് പിടിച്ചെടുക്കാന്‍ മുസ്ലിംലീഗിന്റെ മലപ്പുറം മുന്‍നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫയെ കളത്തിലിറക്കാന്‍ സി.പി.എം

മലപ്പുറം:  ലീഗ് സീറ്റ് പിടിച്ചെടുക്കാന്‍ മുസ്ലിംലീഗിന്റെ മലപ്പുറം മുന്‍നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫയെ കളത്തിലിറക്കാന്‍ സി.പി.എം. പെരിന്തല്‍മണ്ണ, മങ്കട മണ്ഡലങ്ങളിലാണ് മുസ്തഫയെ പരിഗണിക്കുന്നത്. ഇതു സംബന്ധിച്ചു സി.പി.എം മലപ്പുറം ജില്ലാ നേതൃത്വം മുസ്തഫയുമായി ചര്‍ച്ച നടത്തി. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവന്‍, സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസ് എന്നിവരാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നത്.
മലപ്പുറത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാര്‍ഥികളെ സംബന്ധിച്ച ഏകദേശ ധാരണയായി. നാളെയോടുകൂടി പ്രഖ്യാപനമുണ്ടാകുമെന്ന് നേതൃത്വം അറിയിച്ചു. മുസ്ലിംലീഗിന്റെ മലപ്പുറം നഗരസഭാചെയര്‍മാനായിരുന്നു കെ.പി. മുഹമ്മദ് മുസ്തഫയെ പെരിന്തല്‍മണ്ണയിലും, മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ യു ഷറഫലിയെ ഏറനാടും പരിഗണിക്കുന്ന ലിസ്റ്റാണ് ജില്ലാ കമ്മിറ്റി തെയ്യാറാക്കിയത്. നാളെ നടക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍കൂടി ചര്‍ച്ചചെയ്ത ശേഷം പ്രഖ്യാപനമുണ്ടാകുമെന്നാണ് നേതൃത്വത്തില്‍നിന്നും ലഭിക്കുന്ന വിവരം.

ഏറനാട് സി.പി.എം സ്ഥാനാര്‍ഥിയായാണ് ഷറഫലിയെ പരിഗണിക്കുന്നതെന്നതിനാല്‍ ഇവിടെ സി.പി.ഐയുടെ സീറ്റായതിനാല്‍ അവരുടെ നിലപാട് കൂടി അറിഞ്ഞ ശേഷമാകും ഷറഫലിയുടെ പേര് അന്തിമമാക്കുക. സി.പി.ഐക്കു കൊണ്ടോട്ടി മണ്ഡലംവെച്ചുമാറാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.
നിലവിലുള്ള നാല് സീറ്റുകളില്‍ സിറ്റിങ് എംഎല്‍എമാര്‍ തന്നെ തുടരുന്ന രീതിയിലാണ് ലിസ്റ്റ് തെയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ താനൂര്‍ എം.എല്‍.എ വി.അബ്ദുഹിമാന് തിരൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനുള്ള ആഗ്രഹമുള്ളതായി അറിയിച്ചതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം മാറാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. തവനൂര്‍-കെ.ടി.ജലീല്‍, പൊന്നാനി- പി.ശ്രീരാമകൃഷ്ണന്‍, നിലമ്പൂര്‍-പി.വി.അന്‍വര്‍ എന്നിവര്‍ മത്സരിക്കും. അബ്ദുറഹിമാന്‍ തിരൂല്‍ വന്നില്ലെങ്കില്‍ കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട ഗഫൂര്‍ പി.ലില്ലീസ് തന്നെ തിരൂരില്‍ മത്സരിക്കും. മങ്കടയിലും കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട അഡ്വ. ടി.കെ. റഷീദലി തന്നെയാണ് ലിസ്റ്റിലുള്ളത്. വണ്ടൂരില്‍ എ.പി. അനില്‍ കുമാറിനെതിരെ പള്ളിക്കല്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി. മിഥുനയെ ആണ് പരിഗമിക്കുന്നത്. ചന്ദ്രബാബുവിന്റെ പേരും ഇവിടെ പരിഗണിക്കുന്നുണ്ട്. മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായിട്ടാണ് മിഥുന പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റായത്. പിന്നീട് ലീഗുമായി പിണങ്ങി ഇടതുപക്ഷത്തോടടുക്കുകയായിരുന്നു.

യു.ഷറഫലിയിലൂടെ ഏറനാട് മണ്ഡലം പിടിച്ചെടുക്കാമെന്നാണ് സി.പി.എം കണക്ക് കൂട്ടുന്നത്.
ചാലിയാര്‍ പുഴയുടെ ഇരുകരകളിലുമായി മലയോര കുടിയേറ്റ കര്‍ഷകരും ആദിവാസികളും അടങ്ങുന്ന ജനവിഭാഗം വിധിയെഴുതുന്ന മണ്ഡലമാണ് ഏറനാട്. 2009 ലോക്സഭാ തെരഞ്ഞെടുപ്പോടെയാണ് ഏറനാട് മണ്ഡലം രൂപീകരിച്ചത്. വണ്ടൂര്‍ മണ്ഡലത്തിലെ എടവണ്ണ, നിലമ്പൂര്‍ മണ്ഡലത്തിലെ ചാലിയാര്‍, മഞ്ചേരി മണ്ഡലത്തിലെ ഊര്‍ങ്ങാട്ടിരി, കാവനൂര്‍, കുഴിമണ്ണ, അരീക്കോട് ഗ്രാമ പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തിയാണ് ഏറനാട് നിലവില്‍ വന്നത്. കുടിയേറ്റ കര്‍ഷകര്‍ക്കും ആദിവാസി വിഭാഗങ്ങള്‍ക്കും കേരള കോണ്‍ഗ്രസിനും സ്വാധീനമുള്ള ജില്ലയിലെ മലയോര മണ്ഡലം കൂടിയാണിത്. വയനാട് ലോക്സഭാ മണ്ഡലത്തിലായതിനാല്‍ വി.ഐ.പി പരിഗണനയും ഏറനാടിനുണ്ട്.

2011 ലാണ് മണ്ഡലം രൂപീകൃതമായ ശേഷം ആദ്യമായി ഏറനാട് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. മണ്ഡലത്തില്‍ ഇത്തവണ വരാനിരിക്കുന്നത് മൂന്നാമത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ആണ്. 2011 ല്‍മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ ബഷീര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം അഷ്റഫലി കാളിയത്ത് ആയിരുന്നു. പി.വി. അന്‍വര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്ത് വന്നതോടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ പൂര്‍ണമായും കൈവെടിഞ്ഞ് സി.പി.എം പ്രവര്‍ത്തകര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്തുന്ന അപൂര്‍വ സംഭവത്തിനും തെരഞ്ഞെടുപ്പ് സാക്ഷിയായി. എല്‍.ഡി.എഫിനകത്തെ ആശയക്കുഴപ്പം മുതലാക്കിയ യു.ഡി.എഫ് 11,246 വോട്ടിന് വിജയിച്ചതോടെ പി.കെ. ബഷീര്‍ ഏറനാടിന്റെ പ്രഥമ എം.എല്‍.എ ആയി. സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ എല്‍.ഡി.എഫ് ബി.ജെ.പിക്കും പിന്നില്‍ നാലാം സ്ഥാനത്തേക്ക് ദയനീയമായി പിന്തള്ളപ്പെട്ടു.

2016ലും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പി.കെ. ബഷീര്‍ മത്സരിച്ചു. എല്‍.ഡി.എഫില്‍ സി.പി.ഐ സ്വതന്ത്രനായി കെ.ടി. അബ്ദുറഹ്മാന്‍ സ്ഥാനാര്‍ഥിയായി. 2015ല്‍ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് – ലീഗ് പോരും ലീഗിലെ പടലപിണക്കവും കാരണം ഏറനാട്ടില്‍ വന്‍ മുന്നേറ്റം എല്‍.ഡി.എഫ് നടത്തിയിരുന്നു. എന്നാല്‍ ആറ് മാസത്തിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നേടിയ മുന്‍തൂക്കം ഉപയോഗപ്പെടുത്താന്‍ എല്‍.ഡി.എഫിനായില്ല. കെട്ടുറപ്പോടെ പ്രവര്‍ത്തിച്ച യു.ഡി.എഫ് 12893 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഊര്‍ങ്ങാട്ടിരി, കാവനൂര്‍, തിരിച്ചുപിടിച്ച യു.ഡി.എഫ് അരീക്കോട്, കുഴിമണ്ണ കീഴുപറമ്പ് പഞ്ചായത്തുകള്‍ നിലനിര്‍ത്തി. 2015ല്‍ നറുക്കെടുപ്പില്‍ ഭരണം ലഭിച്ച കുഴിമണ്ണ ഉത്തവണ 18ല്‍ 18ഉം നേടി ചരിത്ര വിജയമാണ് യു.ഡി.എഫ് നേടിയത്. അതേസമയം മണ്ഡലം എം.എല്‍.എ പി.കെ ബഷീറിന്റെ എടവണ്ണ എല്‍.ഡി.എഫ് നേടിയത് തിരിച്ചടിയായി. ചാലിയാറില്‍ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചെങ്കിലും പ്രസിഡന്റ് സ്ഥാനം പട്ടികവര്‍ഗ സംവരണമായതിനാല്‍ ഭരിക്കുന്നത് ,കേരള രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം എടുക്കുന്ന നിലപാട് പ്രതിഫലിക്കുന്ന മലബാറിലെ നിയമസഭാ മണ്ഡലമാണ് ഏറനാട്. ഊര്‍ങ്ങാട്ടിരി ഗ്രാമ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസിന് നല്ല രീതിയില്‍ വോട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. കാല്‍പന്ത് കളിക്ക് പേരുകേട്ട നാട്ടില്‍ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരത്തെ കളത്തിലിറക്കി വിജയഗോള്‍ നേടാനാണ് എല്‍.ഡി.എഫ് നീക്കം.

 

Sharing is caring!