സംവരണ തത്വം പുനക്രമീകരക്കണം: മുസ്ലിംലീഗ് സൗഹൃദസദസ്സ്

തേഞ്ഞിപ്പലം: നിലവിലെ സംവരണ തത്വം പുനക്രമീകരിക്കണമെന്നും പിന്നാക്ക സമുദായങ്ങള്‍ക്ക് അതില്‍ ഗൗരവ പരിഗണന വേണമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ജാഥയുടെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ സദസ്സ് ആവശ്യപ്പെട്ടു. സംവരണത്തില്‍ വരുത്തിയിട്ടുള്ള നിലവിലെ മാറ്റം നിതി ബോധത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കിയതല്ല. പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്കും ഒ.ബി.സി, പിന്നാക്ക വിഭാഗങ്ങള്‍ക്കുമുള്ള നിലവിലുള്ള സംവരണത്തില്‍ അട്ടിമറി നടന്നിട്ടുണ്ട്. മുന്നോക്കക്കാരിലെ പിന്നാക്കക്കാരുടെ അവസ്ഥകളെ പഠിക്കണം. അവരുടെ അവശതകളും പരിഹരിക്കപ്പെടണം. പ്രത്യേക സമിതിയെ വെച്ച് കാര്യങ്ങളെ വ്യക്തമായി പഠിച്ച് നീതിപൂര്‍വ്വം സംവരണ സംവിധാനം മുന്നോട്ട് കൊണ്ടുപോകണമെന്നും സദസ് ആവശ്യപ്പെട്ടു.
പ്രകൃതി ചൂഷണം നാടിന് വലിയ ഭീഷണിയാവുന്നുണ്ട്. കുന്നും മലകളും ഇല്ലാതാവുന്ന കാഴ്ച അതിഭീകരമാണ്. ഇതിനെ നിയന്ത്രിക്കാന്‍ നിയമം ശക്തമാക്കണം. വികസനത്തില്‍ ആസൂത്രണമുണ്ടാക്കാന്‍ സാധിക്കണം. വികസനമെന്നത് ഇരകളില്ലാത്തതാവണം. കുടിയൊഴിപ്പിക്കപ്പെട്ടവന്റെ നഷ്ടം ആ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. അവന്റെ പുനരധിവാസം ഉറപ്പു വരുത്തണം. ഭൂമിയില്ലാത്ത നിരവധി പേര്‍ സംസ്ഥാനത്തുണ്ട്. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി പലരും കയ്യടക്കിവെച്ചിട്ടുണ്ട്. അവപിടിച്ചു വാങ്ങി ഇല്ലാത്തവനു നല്‍കാന്‍ സാധിക്കണം. ലക്ഷങ്ങള്‍ കടമെടുത്ത് വികസനങ്ങള്‍ പൊലിപ്പിക്കലല്ല ഭരണം. അടിസ്ഥാന ജനവിഭാഗത്തിന് എന്ത് നല്‍കി എന്നതിന് ഉത്തരമാണ് സര്‍ക്കാറുകള്‍ നല്‍കേണ്ടത്.
സര്‍വ്വകലാശാലകള്‍ രാജ്യത്തിന്റെ ധൈഷണികതയെ ഉയര്‍ത്തുന്ന കേന്ദ്രങ്ങളാണ്. എന്നാല്‍ കേരളത്തിലെ പല സര്‍വ്വകലാശാലകളും ആ നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ല എന്നതാണ് വാസ്തവം. നിലവിലെ കരിക്കുലം പൊളിച്ചെഴുതണം. നിയമന കാര്യത്തില്‍ വ്യക്തമായ ധവള പത്രം പുറത്തിറക്കണം. പാര്‍ട്ടിക്കാരെയും സ്വന്തക്കാരെയും തിരുകി കയറ്റി സര്‍വ്വ നിലവാരവും തകര്‍ക്കുന്ന കാഴ്ചയാണ് നിലവിലുള്ളത്. കഴിവുള്ളവരെ കണ്ടെത്തി നിയമനം നടത്തണം. രാജ്യത്തിന് വലിയ സംഭാവനകള്‍ സമര്‍പ്പിക്കാന്‍ കഴിയുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങളായി നമ്മുടെ സര്‍വ്വകലാശാലകള്‍ മാറണം. അതിന് സംവിധാനമൊരുക്കലാണ് സര്‍ക്കാറിന്റെ ചമതലയെന്നും സദസ് അഭിപ്രായപ്പെട്ടു.
എം.പി അബ്ദുസമദ് സമാദാനി, അഡ്വ. യു.എ ലത്തീഫ്, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, ഡോ. ആസാദ്, ഫാദര്‍ ജോസഫ് പാലക്കാട്ട്, ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദര്‍, ആര്‍.എസ് പണിക്കര്‍, ഡോ. ബദീഉസമാന്‍, ബാലന്‍ മാസ്റ്റര്‍, കെ.വി ലാസര്‍, ആര്‍സു, കെ.എസ് ഹരിഹരന്‍, അബ്ദുല്‍ അസീസ് ഹാജി പാക്കിയന്‍, പി. നാരായണന്‍കുട്ടി, മുരളീധരന്‍ കൊല്ലത്ത്, ഒ. മാത്യു. ഫൈസല്‍ മൗലവി, ഉണ്ണികൃഷ്ണന്‍ അപ്പശ്ശേരി, പി.കെ ഗോവിന്ദന്‍കുട്ടി, ടി.പി ശങ്കരന്‍, നാരായണന്‍ എന്ന ഉണ്ണി, പി.എം മനോജ് കുമാര്‍, കെ.ടി ഹുസൈന്‍, പി.എം നന്ദകുമാര്‍, ഹസന്‍ ചേളാരി, സംഗമേഷ് വര്‍മ്മ, പി. ഹരിഗോവിന്ദന്‍, സയ്യിദ് മുഈനുദ്ദീന്‍ ജിഫ്രി, ആര്‍. സുരേന്ദ്രന്‍, കുഞ്ഞാലി മദനി, മജീദ് കുറ്റൂര്‍, മനോജ് കുമാര്‍, ടി.കെ രാധാകൃഷ്ണന്‍, റഹീം ചുഴലി, അബ്ദുല്‍ അസീസ് വേങ്ങര ചര്‍ച്ചയില്‍ പങ്കെടുത്തു.

Sharing is caring!