കേരളത്തില്‍ പച്ചയായ വര്‍ഗീയ രാഷ്ട്രീയം അഴിഞ്ഞാടുന്ന സ്ഥലമാണ് മലപ്പുറമെന്ന് കെ. സുരേന്ദ്രന്‍

മലപ്പുറം: കേരളത്തില്‍ പച്ചയായ വര്‍ഗീയ രാഷ്ട്രീയം അഴിഞ്ഞാടുന്ന സ്ഥലമാണ് മലപ്പുറമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വിജയ് യാത്രക്ക് ചേളാരിയില്‍ നല്‍കിയ ജില്ലയിലെ ആദ്യ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗിന്റെയും മതമൗലികവാദ ശക്തികളുടെയും നിയന്ത്രണത്തിലാണ് മലപ്പുറം. എല്‍ഡിഎഫ് ഭരിച്ചാലും കാര്യങ്ങള്‍ തീരുമാനിക്കുന്നത് ലീഗാണ്. പാണക്കാട് തങ്ങളെ വിമര്‍ശിച്ച് 48 മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും പാര്‍ട്ടി സെക്രട്ടറിയേറ്റിന് പാര്‍ട്ടി സെക്രട്ടറി വിജയരാഘവനെ തിരുത്തേണ്ടി വന്നു. ഇതെന്ത് രാഷ്ട്രീയമാണ്, സുരേന്ദ്രന്‍ ചോദിച്ചു. മുസ്ലിം ലീഗിന്റെ വര്‍ഗീയ അജണ്ടയാണ് ഇവിടെ നടപ്പാകുന്നത്. കോണ്‍ഗ്രസ് നാമാവശേഷമായിരിക്കുന്നു. ആത്മാഭിമാനം നഷ്ടമായ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. മുസ്ലിം ലീഗിന്റെ തീരുമാനം മാത്രം നടക്കുന്ന പ്രദേശമാണ് മലപ്പുറം. കോണ്‍ഗ്രസിന് മലബാറില്‍ സുരക്ഷിതമായ ഒരു മണ്ഡലം പോലുമില്ലാത്ത അവസ്ഥയാണിപ്പോള്‍.
യുഡിഎഫ് നേതൃത്വം മുസ്ലിംലീഗ് ഏറ്റെടുത്തിരിക്കുന്നു. പിണറായി വിജയന്‍ ഭരിച്ചാലും ലീഗിന്റെ അജണ്ട നടപ്പാക്കുന്നു. കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനം പൂര്‍ണമായ തോതില്‍ സാധ്യമാവാത്തത്തിന് കാരണക്കാര്‍ മുസ്ലിംലീഗിലെ ഉന്നതരാണ്. ഭൂമിയേറ്റെടുക്കല്‍ നടക്കാത്തത് ഇവരുടെ ഇടപെടല്‍ മൂലമാണ്. കേരളത്തില്‍ കോഴിക്കോട് സര്‍വകലാശാല മുസ്ലിം സര്‍വകലാശാലയാക്കി മാറ്റിയിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ചടങ്ങില്‍ എം. മനോജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.ടി. രമേശ്, വി. രാജന്‍, ദിനേശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നേരത്തെ ജില്ലാ അതിര്‍ത്തിയായ ഇടിമൂഴിക്കലില്‍ ജില്ലാ നേതാക്കള്‍ കെ. സുരേന്ദ്രനെ സ്വീകരിച്ചു. ജില്ലാ അധ്യക്ഷന്‍ രവിതേലത്ത്, സംസ്ഥാന സെക്രട്ടറി രന്‍ജിത്ത്, കെ. രാമചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

എഴുത്തച്ഛന്‍ പ്രതിമയെ എതിര്‍ക്കുന്നവര്‍
മതേതരം പറയരുത്: കെ.സുരേന്ദ്രന്‍

ഭാഷാപിതാവ് എഴുത്തച്ഛന്റെ ജന്മം കൊണ്ട് പവിത്രമായ മലപ്പുറത്ത് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ മതേതരം പ്രസംഗിക്കരുതെന്ന് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തുഞ്ചന്‍ പ്രതിമ തിരൂരില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം എതിര്‍പ്പുമായി മത ഭീകരവാദികള്‍ രംഗത്തുവന്നു. അവരുടെ എതിര്‍പ്പിനെ പിന്തുണച്ച് സിപിഎമ്മും ലീഗും കോണ്‍ഗ്രസുമെല്ലാം ഒത്തുചേര്‍ന്നു. തുഞ്ചന്‍ പ്രതിമ തിരൂരില്‍ സ്ഥാപിച്ചാല്‍ എന്ത് അപകടമാണ് മതേതരത്വത്തിന് സംഭവിക്കുന്നതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. വിജയ യാത്രയ്ക്ക് മലപ്പുറത്തു നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്ര വര്‍ഗ്ഗീയ വാദികളുടെ രഷ്ട്രീയ അധിനിവേശമാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്. ഈ ജില്ലയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന് ശബ്ദിക്കാന്‍ അവകാശമില്ല. വര്‍ഗ്ഗീയ ശക്തികള്‍ രാഷ്ട്രീയ കക്ഷികളെ നിയന്ത്രിക്കുന്നു. സിപിഎമ്മിന്റെ അകത്തെ കാര്യങ്ങള്‍ പോലും നിയന്ത്രിക്കാന്‍ മുസ്ലീം ലീഗിന് കഴിയുന്നു. ലീഗിനെതിരായ പരാമര്‍ശം വി ജയരാഘവന് തിരുത്തേണ്ടി വന്നു.
ഇപ്പോള്‍ മലപ്പുറം കേന്ദ്രീകരിച്ച് മലബാര്‍ സംസ്ഥാനം വേണമെന്ന വാദമുയര്‍ത്തുകയാണ് തീവ്രവാദികള്‍. ലീഗ് അതിനെ പിന്തുണയ്ക്കുന്നു. മുസ്ലീം ലീഗ് ഇപ്പോള്‍ ആവശ്യപ്പെടുന്ന ഉപമുഖ്യമന്ത്രിപദം ഭാവിയില്‍ മുഖ്യമന്ത്രിയാകാനുള്ള നീക്കമാണ്.
പാവപ്പെട്ട മുസ്ലീം ജന വിഭാഗത്തിന്റെ താല്പര്യങ്ങള്‍ ലീഗ് സംരക്ഷിക്കുന്നില്ലന്ന് സുരേന്ദ്രന്‍ പറഞ്ഞു. സമ്പന്നരുടെയും കള്ളക്കടത്തുകാരുടെയും മാഫിയ തലവന്‍മാരുടെയും കള്ളക്കച്ചവടക്കാരുടെയും താല്പര്യങ്ങളാണവര്‍ സംരക്ഷിക്കുന്നത്. സിപിഎമ്മിന്റെ സാമ്പത്തിക സ്രോതസിന്റെ പ്രധാന ഉറവിടം ചില മുസ്ലീം ലീഗുകാരായ വ്യവസായികളാണ്. പിണറായി വിജയനും കുഞ്ഞാലിക്കുട്ടിക്കും ഒരേ മുഖമാണ്.
എല്ലാം നമ്പര്‍ ഒന്നാണെന്ന് പ്രചരിപ്പിക്കുന്ന പിണറായിയും കൂട്ടരും പത്രങ്ങളിലും ചാനലുകളിലും പരസ്യം നല്‍കുന്നതിലാണ് നമ്പര്‍ ഒന്ന്. കൊറോണയിലും കൊലപാതകത്തിലും പീഡനത്തിലും തൊഴിലില്ലായ്മയിലും അഴിമതിയിലും കള്ളക്കടത്തിലും ദളിത് പീഡനത്തിലും പട്ടിണിയിലുമാണ് പിണറായി ഭരണത്തില്‍ കേരളം ഒന്നാമതെത്തിയത്. ഉമ്മന്‍ ചാണ്ടി നിര്‍ത്തിയിടത്തു നിന്നാണ് പിണറായി തുര്‍ന്നത്. സരിതാ യമാനമായ നയം ഉമ്മന്‍ ചാണ്ടി നടപ്പിലാക്കിയപ്പോള്‍ സ്വപ്നതുല്യം, സ്വപ്നയുടെ നയമാണ് പിണറായി പിന്തുടരുന്നത്. സുരേന്ദ്രന്‍ പറഞ്ഞു.

 

Sharing is caring!