മലപ്പുറം ജില്ലയിലെ മൂന്നിടങ്ങളില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചു
മലപ്പുറം: മലപ്പുറം ജില്ലയില്‍ വാഴക്കാട്, അരീക്കോട്, പരപ്പനങ്ങാടി പ്രദേശങ്ങളില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലാതല ദ്രുത പ്രതികരണ ടീം യോഗം ചേര്‍ന്ന് പ്രതിരോധ നടപടികള്‍ സ്വീകരിച്ചു. ഐസ്, ഐസ്ക്രീം, സിപ്പ് – അപ്പ് മുതലായവ ഉണ്ടാക്കുന്നതിന്ന് ഉപയോഗിക്കുന്ന വെള്ളം ശുദ്ധവും സുരക്ഷിതവുമാണെന്ന് ഉറപ്പ് വരത്തുന്നതിനാവശ്യമായ പരിശോധനകള്‍ നടത്തുന്നതിനും നിയമ ലംഘനങ്ങള്‍ കാണുന്ന പക്ഷം ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയതായും ഡി.എം.ഒ അറിയിച്ചു. ഭക്ഷണ പാനീയങ്ങള്‍ വില്‍ക്കുന്നതും നിര്‍മിക്കുന്നതുമായ സ്ഥാപനങ്ങളില്‍ കര്‍ശനമായ പരിശോധന നടത്തുന്നതിന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വയറിളക്ക രോഗങ്ങളുടെ ഒരു പ്രധാന കാരണമാണ് ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ. കൂടുതലും കുട്ടികളെയാണ് ഇത് ബാധിക്കുന്നത്. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് ഈ രോഗം പകരുന്നത് മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ്. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും.
ഷിഗല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ശേഷമാണ് ലക്ഷണങ്ങള്‍ കണ്ടു വരുന്നത്. ഒരാഴ്ചയോളം സമയം കൊണ്ടാണ് അപകടകരമായ രീതിയില്‍ ബാക്ടീരിയ പെരുകുന്നത്. അതുകൊണ്ട് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ ചികിത്സ തേടേണ്ടത് അനിവാര്യമാണ്.
വയറിളക്കം, രക്തവും പഴുപ്പും കലര്‍ന്ന മലം, അടിവയറ്റിലെ വേദന, പനി, ഛര്‍ദ്ദി, നിര്‍ജലീകരണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയ ബാധിച്ചാലും ചില കുട്ടികളില്‍ ലക്ഷണങ്ങള്‍ കാണില്ല. പക്ഷേ അവരുടെ മലത്തിലൂടെ ബാക്ടീരിയ പുറത്ത്്വരുന്നതിനാല് രോഗം മറ്റുള്ളവര്‍ക്ക് പകരുന്നതിന് സാധ്യതയുണ്ട്. കൃത്യ സമയത്ത് ചികിത്സ നല്‍കിയില്ലെങ്കില്‍ രോഗം തലച്ചോറിനെയും വൃക്കയെയും ബാധിക്കുന്നത് മരണംവരെ സംഭവിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഠ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും പാകം ചെയ്യാനും ഉപയോഗിക്കണം.പൂര്‍ണമായും വേവിച്ച ഭക്ഷണം കഴിക്കണം.
ഠ കുടിവെള്ള സ്രോതസ്സുകള്‍ സമയാസമയങ്ങളില്‍ ക്ലോറിനേറ്റ് ചെയ്യണം.
ഠ ആഹാരസാധനങ്ങള്‍ അടച്ചുസൂക്ഷിക്കുകയും, പഴകിയ ആഹാരം കഴിക്കാതിരിക്കുകയും ചെയ്യണം. ആഹാരസാധനങ്ങളില്‍ ഈച്ച പോലുള്ള പ്രാണികളുടെ സമ്പര്‍ക്കം ഒഴിവാക്കണം.
ഠ കഴിയുന്നതും വീട്ടിലുണ്ടാക്കുന്ന ആഹാരസാധനങ്ങള്‍ കഴിക്കണം. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കണം. മുട്ട പുഴുങ്ങുന്നതിന് മുമ്പ് നന്നായി കഴുകണം.
ഠ ഭക്ഷണത്തിന് മുമ്പും മലമൂത്ര വിസര്‍ജനത്തിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. വയറിളക്കം ഉണ്ടായാല്‍ ഉടന്‍തന്നെ ഒ.ആര്.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം മുതലായവ കുടിക്കണം.
ഠ വ്യക്തി ശുചിത്വം, ആഹാര ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കണം. രോഗത്തിന് കൃത്യമായ ചികിത്സ തേടണം.
RECENT NEWS
തിരുന്നാവായക്കടുത്ത് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു
തിരൂർ: തിരുന്നാവായ തെക്കൻ കുറ്റൂരിനും ഇടയിൽ വെച്ച് ഷൊർണ്ണൂർ കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ നിന്നും വീണ് യുവാവ് മരണപ്പെട്ടു ഇന്നലെ രാത്രി 9:30 യോടാണ് സംഭവം. കോഴിക്കോട് നെടുവട്ടം സ്വദേശി ശങ്കുബാലൻ കണ്ടി ഹൗസ് പ്രമോദി ന്റെ മകൻ അരുൺ (26) ആണ് മരിച്ചത്. [...]