കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കാന്‍ സാധ്യത

മലപ്പുറം: ലോക്‌സഭാ എംപി സ്ഥാനം രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കു താന്‍ മുന്‍പ് പ്രതിനിധാനം ചെയ്ത വേങ്ങര നിയമസഭാ മണ്ഡലത്തേക്കാള്‍ പ്രിയം മലപ്പുറത്തോടെന്ന് സൂചന. നേരത്തെ വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും നിലവില്‍ മലപ്പുറം മണ്ഡലത്തില്‍ മത്സരിക്കാനാണ് കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നതെന്നാണ് സൂചനകള്‍. ഇതോടെ മലപ്പുറം നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ സീറ്റ് നഷ്ടപ്പെടാനും സാധ്യതയുണ്ട്.
കുഞ്ഞാലിക്കുട്ടിക്കൊപ്പം കടുതല്‍ മുതിര്‍ന്ന സ്ഥാനാര്‍ഥികള്‍ മത്സരിച്ചാല്‍ അത് തെരഞ്ഞെടുപ്പില്‍ ദോഷകരമായി ബാധിക്കാനുള്ള സാധ്യതയും മുന്നില്‍കണ്ട് നേതൃത്വം കെ പി എ മജീദിനെ മത്സരിപ്പിക്കുന്നതിലെ താല്‍പര്യക്കുറവ് അറിയിച്ചതായും സൂചനകളുണ്ട്. ഇരുവര്‍ക്കും പുറമേ നിലവിലെ ലീഗിന്റെ രാജ്യസഭാ എംപി പി വി അബ്ദുല്‍ വഹാബും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം പാണക്കാട് കുടുംബത്തെ അറിയിച്ചിരുന്നു. വഹാബിന് നിയമസഭാ സീറ്റ് നല്‍കിയില്ലെങ്കില്‍ കാലാവധി തീര്‍ന്നാലും രാജ്യസഭയില്‍ തുടരാനുള്ള സാഹചര്യമൊരുക്കുമെന്ന സൂചനയാണ് പാണക്കാടുനിന്നും ലഭിച്ചതെന്നാണ് സൂചന.

 

Sharing is caring!