നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.പി.എ.മജീദ് മത്സരിച്ചേക്കില്ല

മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.പി.എ മജീദ് മത്സരിച്ചേക്കില്ല. മത്സരിക്കാന്‍ താന്‍ മാനസികമായി സന്നദ്ധനല്ലെന്നായിരുന്നു മജീദിന്റെ പ്രതികരണം. മത്സരിക്കുന്ന കാര്യം നേതൃത്വം ആവശ്യപ്പെട്ടാല്‍ ആലോചിക്കുമെന്നും കെ പി എ മജീദ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം മജീദ് നേരത്തെ മുസ്ലീം ലീഗ് ഉന്നതാധികാരസമിതി യോഗത്തില്‍ ഉന്നയിച്ചിരുന്നു. മലപ്പുറത്തോ വേങ്ങരയിലോ മത്സരിക്കാനായിരുന്നു കെ പി എ മജീദിന്റെ ആലോചന. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് മത്സരിച്ചേക്കില്ലന്ന സൂചന കെ പി എ മജീദ് നല്‍കുന്നത്.
ലീഗിന്റെ മുതിര്‍ന്ന നേതാക്കള്‍ ഒരുമിച്ചു മത്സരിക്കേണ്ടന്ന നേതൃതല ചര്‍ച്ചകളും സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മണ്ഡലം കമ്മിറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ടുകളുമാണ് മജീദിന്റെ പിന്മാറ്റത്തിന് കാരണമായതെന്നാണ് സൂചന. മജീദ് മത്സരിക്കാതിരിക്കുകയും വഹാബ് മത്സരിക്കുകയും ചെയ്താല്‍ മാസങ്ങള്‍ക്കുള്ളില്‍ കാലാവധി തീരുന്ന രാജ്യസഭാ സീറ്റില്‍ മജീദിനെ പരിഗണിക്കാനുളള നീക്കവും നടക്കുന്നുണ്ട്. അബ്ദുല്‍ വഹാബും ഉന്നതാധികാര സമിതി യോഗത്തില്‍ തനിക്ക് നിയമസഭയിലേക്ക് മത്സരിക്കാനുള്ള താല്‍പര്യം നേതൃത്വത്തെ അറിയിച്ചിരുന്നു.

 

Sharing is caring!