ആദിവാസി സമൂഹത്തിന്റെ വേദനകള്‍ പങ്കുവെച്ച് അവകാശ സംഗമം ഇന്ന്

നിലമ്പൂര്‍: പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടമായ ആദിവാസി സമൂഹത്തെ പുനരധിവാസമോ പ്രത്യേക പാക്കേജോ ഇല്ലാതെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ആദിവാസി സമൂഹത്തിന്റെ വേദനകള്‍ പങ്കുവെച്ച് അവകാശ സംഗമം ഇന്ന് വൈകുന്നേരം ഏഴിന് ചന്തക്കുന്നില്‍. രാഹുല്‍ഗാന്ധി എം.പി ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, വിവിധ ആദിവാസി ഗോത്രസമൂഹങ്ങളും അവരുടെ മൂപ്പന്‍മാരും പങ്കെടുക്കും.
നിലമ്പൂരില്‍ 2018ലും 19ലുമായുണ്ടായ പ്രളയങ്ങളില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട 293 കുടുംബങ്ങളാണ് പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി അതിനുള്ളില്‍ ദുരിതജീവിതം നയിക്കുന്നത്.2019തിലെ പ്രളയത്തില്‍ കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ 59 പേരടക്കം 61 പേരാണ് നിലമ്പൂരില്‍ മരണപ്പെട്ടത്.

കവളപ്പാറ ദുരന്തം നടന്ന് 20 മാസം കഴിഞ്ഞിട്ടും 32 കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പില്‍ നരകജീവിതം നയിക്കുകയാണ്. വനത്തിനുള്ളിലുള്ള മുണ്ടക്കടവ്, കുമ്പളപ്പാറ, ഇരുട്ടുകുത്തി, വാണിയംപുഴ, തരിപ്പപൊട്ടി, തണ്ടന്‍കല്ല് കോളനിയിലുള്ളവര്‍ ആനശല്യം കാരണം രാത്രികാലങ്ങളില്‍ ഉറങ്ങാന്‍പോലും കഴിയാത്ത ദുരിതത്തിലാണ്. വാണിയംപുഴയില്‍ രാത്രികാലങ്ങളില്‍ മരങ്ങളിലെ ഏറുമാടങ്ങളിലാണ് സ്ത്രീകളും കുട്ടികളുമടക്കം കഴിയുന്നത്. ഇവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍പോലും ഇവിടെയില്ല. കവളപ്പാറ മുത്തന്‍പ്പന്‍ മലയുടെ താഴ്വാരത്തും വഴിക്കടവ് ആനമറിയിലും അടക്കം ഉരുള്‍പൊട്ടല്‍സാധ്യതയുള്ളതിനാല്‍ ജിയോളജി വകുപ്പ് മാറിതാമസിക്കാന്‍ ആവശ്യപ്പെട്ട 100 ലേറെ കുടുംബങ്ങള്‍ക്ക് പുനരധിവാസത്തിന് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് കൃഷിക്കും വീടിനുമായി സ്ഥലം അനുവദിക്കുക. രണ്ടു പ്രളയം തകര്‍ത്ത 61 പേരുടെ ജീവന്‍ നഷ്ടമായ നിലമ്പൂരിന് ഒരു സ്‌പെഷല്‍ പാക്കേജ് അനുവദിക്കുക, ആദിവാസി ഭവന നിര്‍മ്മാണത്തിനുള്ള ഫണ്ട് പ്രത്യേകമായി നടപ്പാക്കുക, വനവിഭവങ്ങള്‍ മികച്ച വില ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രശ്നങ്ങളും അവകാശ സംഗമത്തില്‍ ചര്‍ച്ച ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സംസ്‌ക്കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, സി. വിനോദ് മാഞ്ചീരി, പി. സുനില്‍ പാലക്കയം, കെ. അഭിഷേക് പാലക്കയം, കെ. വസന്ത കൊട്ടുപാറ, എ.ഗോപിനാഥ്, അഡ്വ. ഷെറി ജോര്‍ജ്, പാലോളി മെഹബൂബ് പങ്കെടുത്തു.

 

Sharing is caring!