പാലത്തിങ്ങല്‍ പുതിയ പാലം:ഉത്സവാന്തരീക്ഷത്തില്‍ നാടിന് സമര്‍പ്പിച്ചു.പാലം യാഥാര്‍ത്ഥ്യമാക്കിയത് കോവിഡ് പ്രതിസന്ധിയെ മറികടന്നെന്ന് മന്ത്രി

പാലത്തിങ്ങല്‍ പുതിയ പാലം:ഉത്സവാന്തരീക്ഷത്തില്‍ നാടിന് സമര്‍പ്പിച്ചു.പാലം യാഥാര്‍ത്ഥ്യമാക്കിയത് കോവിഡ് പ്രതിസന്ധിയെ മറികടന്നെന്ന് മന്ത്രി

പരപ്പനങ്ങാടി : തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളെ ബന്ധിപ്പിച്ച് പുതുതായി നിര്‍മ്മിച്ച പാലത്തിങ്ങല്‍ പാലം ഉത്സവാന്തരീക്ഷത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഓണ്‍ലൈനില്‍ നാടിന് സമര്‍പ്പിച്ചു. പുതിയ സാങ്കേതിക മികവില്‍ സംസ്ഥാനത്ത് ആദ്യമായി ഒരുക്കുന്ന പാലമാണ് പാലത്തിങ്ങലിലേതെന്ന് മന്ത്രി പറഞ്ഞു. കോവിഡ് പ്രളയ പ്രതിസന്ധികളെ മറികടന്നാണ് പാലം യാഥാര്‍ത്ഥ്യമായതെന്നും മന്ത്രി ഓര്‍മിപ്പിച്ചു. ചടങ്ങില്‍ പി.കെ.അബ്ദുറബ്ബ് എം.എല്‍.എ. അധ്യക്ഷതയും ശിലാഫലകം അനാഛാദനവും നിര്‍വ്വഹിച്ചു. 15 കോടി രൂപ വിനിയോഗിച്ചാണ് പാലം നിര്‍മിച്ചിട്ടുള്ളത്. ഉള്‍നാടന്‍ ജലഗതാഗത നിയമം പാലിച്ച് 100.40 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമാണ് പാലം. 450 കോടി രൂപ ചെലവില്‍ ഡിസ്ട്രിക്റ്റ് ഫ്ളാഗ്ഷിപ്പ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ട് പ്രകാരമുള്ള നാടുകാണി- പരപ്പനങ്ങാടി റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായാണ് തിരൂരങ്ങാടി ചെമ്മാടിനും പരപ്പനങ്ങാടിയ്ക്കുമിടയിലെ പാലത്തിങ്ങലില്‍ പുതിയ പാലം നിര്‍മ്മിച്ചത്. 2017 നവംബര്‍ 26 നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പാലത്തിങ്ങലില്‍ പുതിയ പാലത്തിന് തറക്കല്ലിട്ടത്. തുടര്‍നാണ് പ്രവൃത്തികള്‍ തുടങ്ങിയത്. ഇരുകരകളിലുമായി 80 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡും നിര്‍മ്മിച്ചിട്ടുണ്ട്. നിലവിലെ പാലത്തിന്റെ തെക്ക് വശത്തായാണ് പുതിയ പാലം. പാലത്തിന് മൂന്ന് സ്പാനുകളുള്ളത്. നാവിഗേഷന്‍ റൂട്ടുള്ളതിനാല്‍ കാലുകളില്ലാതെ നടുഭാഗം ഉയര്‍ത്തിയാണ് പാലത്തിന്റെ നിര്‍മ്മാണം. 79.2 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമാണ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. നിര്‍മ്മാണ പ്രവൃത്തിക്കിടെയുണ്ടായ രണ്ടു പ്രളയങ്ങളും സമ്പൂര്‍ണ്ണ ലോക്ഡോണും സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ പ്രയാസം നേരിട്ടെങ്കിലും രാപ്പകലില്ലാതെ പ്രവൃത്തി പൂര്‍ത്തീകരിക്കുകയായിരുന്നു. പാലക്കാട് പി.ഡബ്ലിയു.ഡി. പാലങ്ങള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്. ഹരീഷ്, റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ.ഉസ്മാന്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ സി. നിസാര്‍ അഹമ്മദ്, പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭ കൗണ്‍സിലര്‍മാരായ തുടിശ്ശേരി കാര്‍ത്തികേയന്‍, അബ്ദുല്‍ അസീസ് കൂളത്ത്, സി.ടി. ഷാഹിന സമീര്‍, ഷമീന മൂഴിക്കല്‍, ഉഷ തയ്യില്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.എച്ച്.എസ്.തങ്ങള്‍ (മുസ്ലിം ലീഗ്), ഗിരീഷ് തോട്ടത്തില്‍ (സി.പി.ഐ), പി. റിജു (ബി.ജെ.പി) എന്നിവര്‍ പ്രസംഗിച്ചു. കോഴിക്കോട് പി.ഡബ്ലിയു.ഡി. പാലങ്ങള്‍ വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയര്‍ പി.കെ. മിനി സ്വാഗതവും അസി.എക്‌സി. എഞ്ചിനീയര്‍ രാമകൃഷ്ണന്‍ പലശ്ശേരി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ബാന്‍ഡ് മേളകളുടെ അകമ്പടിയോടെ പാലത്തില്‍ ആഹ്‌ളാദ പ്രകടനവും നടന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധിപേരാണ് ചടങ്ങ് കാണാനെത്തിയത്.

 

Sharing is caring!