നിലമ്പൂരില്‍ വീണ്ടും മത്സരിക്കാന്‍ ഷൗക്കത്ത്
മലപ്പുറം: 35 വര്‍ഷത്തെ ആര്യാടന്റെ മുഹമ്മദിന്റെ ആധിപത്യത്തിനു വിരാമമിട്ട് നിലമ്പൂരില്‍ അട്ടിമറിവിജയം നേടിയ എല്‍.ഡി.എഫില്‍നിന്നും നിലമ്പൂര്‍ തിരികെ പിടിക്കാന്‍ ആര്യാടന് ഷൗക്കത്തിനെ തന്നെ നിയോഗിക്കാന്‍ കോണ്‍ഗ്രസ് നീക്കം. നിലമ്പൂരില്‍ എ.ഐ.സി.സിയുടെ പരിഗണനാപട്ടികയില്‍ ആര്യാടന് ഷൗക്കത്തിനു മേല്‍ക്കൈ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 5 വര്‍ഷം നിയോജകമണ്ഡലത്തില്‍ ഷൗക്കത്ത് നടത്തിയ പ്രവര്‍ത്തനങ്ങളും പാര്ട്ടിഭാരവാഹികളുടെയും പോഷസംഘടനകളുമായി നടത്തിയ ആശയവിനിമയത്തിലാണ് ഷൗക്കത്തിന് സാധ്യത തെളിഞ്ഞത്.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കര്‍ണാടകയില്‍ നിന്നുള്ള മോഹന്‍ നിയോജകമണ്ഡലത്തിലെ മുഴുവന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാരുമായും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരുമായും കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള പോഷകസംഘടനാ ഭാരവാഹികളുടെയും അഭിപ്രായം തേടിയിരുന്നു.സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഏറ്റവും അധികം പുതിയ വോട്ടര്‍മാരെ ചേര്‍ത്തത് നിലമ്പൂരിലാണ്. ആര്യാടന് ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള ഈ പ്രവര്‍ത്തനങ്ങളില്‍ 13000ത്തിലേറെ വോട്ടുകളാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചേര്‍ത്തത്. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് നിലമ്പൂര്‍ നിയോജകമണ്ഡലത്തിന്റെ ചുമതലയുള്ള കെ.പി.സി.സി സെക്രട്ടറി പി.ഹരിഗോവിന്ദനാണ്. സംസ്ഥാനത്ത് ഏറ്റവും അധികം വോട്ടര്‍മാരെ ചേര്‍ത്ത പ്രവര്‍ത്തനത്തിന് ഹരിഗോവിന്ദന് എ.ഐ.സി.സിയുടെ പ്രത്യേക പുരസ്ക്കാരവും ലഭിച്ചിരുന്നു.
കഴിഞ്ഞ 5 വര്‍ഷം നിലമ്പൂരില്‍ നിറഞ്ഞ സാന്നിധ്യമാകാനും രണ്ടു പ്രളയം നേരിട്ട മണ്ഡലത്തില്‍ നിരവധി പേര്‍ക്ക് വീടുണ്ടാക്കി നല്‍കാനും കവളപ്പാറയിലടക്കം വീടും സ്ഥലവും നഷ്ടപ്പെട്ട 60തിലേറെ കുടുംബങ്ങള്‍ക്ക് വീട്ടുവാടക നല്കിയതും ആര്യാടന് ഷൗക്കത്തിന്റെ നേതൃത്വത്തിലായിരുന്നു. കോണ്‍ഗ്രസ് ലീഗിന് അടിമപ്പെടുന്നു എന്ന വാദം സി.പി.എം ഉയര്‍ത്തുകയും കത്തോലിക്കാസഭാ നേതൃത്വവും എന്‍.എസ്.എസും അടക്കം ഈ ആശങ്ക പങ്കുവെക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കാന്തപുരം എ.പി വിഭാഗത്തിന്റെ കൂടെ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുന്ന ക്രിസ്ത്യന്‍, ഹിന്ദു വിഭാഗങ്ങള്‍ക്കുകൂടി സ്വീകാര്യനായ നേതാവ് എന്ന പ്രതിഛായയാണ് ആര്യാടന് ഷൗക്കത്തിന് മുതല്‍കൂട്ടാകുന്നത്.
പൗരത്വപ്രശ്നം അടക്കം ചര്‍ച്ച ചെയ്യുന്ന ഷൗക്കത്തിന്റെ പുതിയ സിനിമ വര്‍ത്തമാനത്തിനെതിരെ ബി.ജെ.പി നേതാവിന്റെ സമ്മര്‍ദ്ദത്തില്‍ സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി ലഭിച്ച വിവാദം മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയിലും ഷൗക്കത്തിന് അനുകൂല നിലപാടുണ്ടാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ സാംസ്ക്കാരിക വിഭാഗമായ സംസ്ക്കാര സാഹിതി ചെയര്‍മാനെന്ന നിലയില്‍ കഴിഞ്ഞ 3 വര്‍ഷമായി മച്ചെപ്പെട്ട പ്രവര്‍ത്തനമാണ് ഷൗക്കത്ത് നടത്തുന്നത്. തെരുവുനാടകങ്ങളുമായി നാല് കലാജാഥകളാണ് ഷൗക്കത്തിന്റെ നേതൃത്വത്തില്‍ കാസര്‍ഗോട്ട് നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയത്. പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യകേരള യാത്രക്കൊപ്പവും ആര്യാടന് ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച സംസ്ക്കാരസാഹിതിയുടെ തെരുവുനാടകവുമുണ്ട്. സംസ്ക്കാര സാഹിതി ചെയര്‍മാനെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ഷൗക്കത്തിന്റെ സാധ്യത വര്‍ധിപ്പിക്കുകയാണ്.
ഷൗക്കത്തിന് നിലമ്പൂരില്‍ സീറ്റു നല്കുമ്പോള് വി.വി പ്രകാശിനെ തവനൂരിലേക്ക് പരിഗണിക്കാനാണ് കോണ്‍ഗ്രസ് നീക്കം. കഴിഞ്ഞ തവണ നിലമ്പൂരില്‍ ഷൗക്കത്തിന് സീറ്റു നല്കിയപ്പോള് പ്രകാശ് ഇടഞ്ഞിരുന്നു. പ്രകാശിന് ഡി.സി.സി പ്രസിഡന്റ് സ്ഥാനം നല്‍കിയാണ് അനുനയിപ്പിച്ചത്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥനായി അറിയപ്പെട്ട പ്രകാശ് നിലമ്പൂര്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ പക്ഷത്തേക്ക് ചേക്കേറിയാണ് ഡി.സി.സി പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കിയത്.കോണ്‍ഗ്രസ് ഗ്രൂപ്പ് സമവാക്യത്തില്‍ മലപ്പുറം ജില്ലയിലെ നാല് സീറ്റുകളില്‍ നിലമ്പൂരും തവനൂരും എ ഗ്രൂപ്പിനും വണ്ടൂരും പൊന്നാനിയും ഐ ഗ്രൂപ്പിനുമാണ്.
കഴിഞ്ഞ തവണ ആര്യാടന്റെ പിന്‍ഗാമിയായി മകന് ആര്യാടന് ഷൗക്കത്ത് മത്സരിച്ചപ്പോള്‍ മുന്‍ കോണ്‍ഗ്രസുകാരനായ പി.വി അന്‍വര്‍ 11504 വോട്ടിന് നിലമ്പൂരില്‍ അട്ടിമറി വിജയം നേടുകയായിരുന്നു.
യു.ഡി.എഫ് പാളയത്തിലെ വോട്ടുചോര്‍ച്ചയാണ് നിലമ്പൂരിലെ പരാജയത്തിന് വഴിയൊരുക്കിയത്. മുസ്ലിം ലീഗ് വിരുദ്ധ രാഷ്ട്രീയം പയറ്റുന്ന ആര്യാടന്റെ കരുത്തായിരുന്ന കാന്തപുരം എ.പി സുന്നികളുടെ വോട്ട് ചോര്‍ച്ചയും വിനയായി. അഞ്ചു വര്‍ഷം കൊണ്ട് നിലമ്പൂരിലെ രാഷ്ട്രീയം ഏറെ മാറിയതായി യു.ഡി.എഫ് അവകാശപ്പെടുന്നു. നിലമ്പൂരില്‍ എം.എല്‍.എയായി വിജയിച്ചപ്പോള്‍ നിലമ്പൂരില്‍ വീടുവെച്ച് അതിന്റെ നാലു വാതിലുകളും ജനങ്ങള്‍ക്കായി തുറന്നിടുമെന്നായിരുന്നു പി.വി അന്‍വറിന്റെ കൈയ്യടി നേടിയ പ്രഖ്യാപനം. ആര്‍ക്കുമുന്നിലും വാതിലടയ്്ക്കാത്ത എല്ലാവര്ക്കും എപ്പോഴും കയറിചെല്ലാന്‍ സ്വാതന്ത്ര്യമുള്ള ആര്യാടന് ഹൗസിനു പകരമായിരുന്നു അന്‍വറിന്റെ പ്രഖ്യാപനം. എന്നാല്‍ അഞ്ചു വര്‍ഷമായിട്ടും അന്‍വര്‍ ഒതായിയില്‍ നിന്നും നിലമ്പൂരിലേക്ക് താമസം മാറിയില്ലെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. പകരം നിലമ്പൂരില്‍ എം.എല്‍.എ ഓഫീസ് തുറന്നു. ഓഫീസില്‍ എം.എല്‍.എയുടെ സാന്നിധ്യം ചൊവ്വാഴ്ചയായി ക്രമപ്പെടുത്തി. ഈ മാറ്റം ജനങ്ങള്‍ എങ്ങിനെ സ്വീകരിക്കുമെന്ന് ഇത്തവണ അറിയാം.
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി പിടിക്കാന്‍ ഇടതുപക്ഷം രംഗത്തിറക്കിയത് നിലമ്പൂരില്‍ അട്ടിമറി വിജയം നേടിയ പി.വി അന്‍വറിനെയായിരുന്നു. പൊന്നാനിയില്‍ വിജയ പ്രതീക്ഷ പുലര്‍ത്തിയ അന്‍വറിന്റെ 1,93, 273 വോട്ടുകളുടെ തോല്‍വി ഇടതുപക്ഷത്തിന് കനത്ത ആഘാതമായിരുന്നു. 2014ല്‍ വി. അബ്ദുറഹിമാന് കേവലം 25410 വോട്ടുകള്‍ക്ക് തോറ്റിടത്തായിരുന്നു അന്‍വറിന്റെ രണ്ടുലക്ഷത്തോളം വോട്ടുകളുടെ പരാജയം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ രാഹുല്‍ഗാന്ധിക്ക് 61660 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. പഞ്ചായത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും നിലമ്പൂര്‍ നിയമസഭാ മുന്നേറ്റമുണ്ടാക്കിയത് യു.ഡി.എഫാണ്. ഏഴു പഞ്ചായത്തും നിലമ്പൂര്‍ നഗരസഭയും അടങ്ങുന്നതാണ് നിലമ്പൂര്‍ നിയോജകമണ്ഡലം.
20വര്‍ഷത്തെ യു.ഡി.എഫ് കുത്തക തകര്‍ത്ത് നിലമ്പൂര്‍ നഗരസഭാ ഭരണം ഇടതുപക്ഷം പിടിച്ചപ്പോള്‍ എല്‍.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന വഴിക്കടവ്, മൂത്തേടം, കരുളായി പഞ്ചായത്തുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തു. ചുങ്കത്തറ, എടക്കര പഞ്ചായത്തുകളില്‍ ഭരണം നിലനിര്‍ത്തികൊണ്ട് 5 പഞ്ചായത്തുകളില്‍ ഭരണമെന്ന മികച്ച മുന്നേറ്റവും നടത്തി.
നിലമ്പൂര്‍ നഗരസഭയും പോത്തുകല്‍, അമരമ്പലം എന്നീ രണ്ടു പഞ്ചായത്തുകളിലാണ് എല്‍.ഡി.എഫിന് ഭരണം നേടാനായത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടിങ് കണക്കുകളിലും ഭൂരിപക്ഷം യു.ഡി.എഫിനാണ്.
യു.ഡി.എഫില്‍ മുസ്ലിം ലീഗിന്റെ അപ്രമാദിത്വത്തിനെതിരെ കത്തോലിക്കാസഭാ നേതൃത്വം ആശങ്ക പ്രകടിപ്പിച്ചതോടെ നിലമ്പൂരില്‍ പ്രബലമായ ക്രൈസ്തവ, ഹിന്ദു സമുദായങ്ങളുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിക്കാണ് കോണ്‍ഗ്രസില്‍ സാധ്യത. ഈ അനുകൂല ഘടകം ആര്യാടന് ഷൗക്കത്തിന് തുണയാണ്. മലബാറില്‍ നിന്ന് മതേതര മുസ്ലിംകോണ്‍ഗ്രസ് നേതാവെന്ന പ്രതിഛായയും അനുകൂല ഘടകമാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷം രണ്ടു പ്രളയകാലത്തായി ഒട്ടേറെ ക്ഷേമപ്രവര്‍ത്തനങ്ങളാണ് ആര്യാടന് ഷൗക്കത്തിന്റെ നേതൃത്വത്തില്‍ നിലമ്പൂരില്‍ നടത്തിയത്. അതേസമയം പട്ടികയിലുള്ള ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് 2011ല്‍ തവനൂരില്‍ കെ.ടി ജലീലിനോട് മത്സരിച്ച പരാജയപ്പെട്ടിരുന്നു. പ്രകാശ് 2016ലും നിലമ്പൂര്‍ സീറ്റിനുവേണ്ടി ശക്തമായി രംഗത്തുണ്ടായിരുന്നു.
RECENT NEWS
രണ്ടാഴ്ച്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാമത്തെ മരണം
നിലമ്പൂർ: ആനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ മരണം. എടക്കര ഉച്ചക്കുളം നഗർ സ്വദേശിനി സരോജിനി (50) ബുധനാഴ്ച രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സരോജിനിയും, അവരുടെ ഭർത്താവും മറ്റ് അംഗങ്ങളും ആടുകളെ മേയ്ക്കാൻ [...]